Quantcast

കാമറ കണ്ട് ഞെട്ടി; മേയർ തെരഞ്ഞെടുപ്പിൽ കൃത്രിമം കാട്ടിയ പ്രിസൈഡിങ് ഓഫീസറുടെ പുതിയ വീഡിയോ

'അയാൾ ജനാധിപത്യത്തെ കൊല്ലുകയാണോ? ജനാധിപത്യത്തെ കൊലപ്പെടുത്തുന്നത് അനുവദിക്കാനാവില്ല' കേസ് പരിഗണിക്കവേ സുപ്രിംകോടതി

MediaOne Logo

Web Desk

  • Updated:

    2024-02-06 09:42:12.0

Published:

5 Feb 2024 4:29 PM GMT

Returning Officer Anil Masih admits to rigging Chandigarh mayoral election in Supreme Court
X

ചണ്ഡീഗഡ്: ചണ്ഡീഗഡ് മേയർ തെരഞ്ഞെടുപ്പിൽ പ്രിസൈഡിങ് ഓഫീസർ കൃത്രിമം കാട്ടുന്ന പുതിയ വീഡിയോ പുറത്ത്. സുപ്രിംകോടതിയുടെ വിമർശനമടക്കം ഏറ്റുവാങ്ങിയ അനിൽ മസീഹ് നടത്തിയ കള്ളത്തരത്തിന്റെ വീഡിയോയാണ്‌ എക്‌സിൽ പ്രചരിക്കുന്നത്. വളരെ തിരക്കിട്ട് ബാലറ്റ് പേപ്പറിൽ അനിൽ കുത്തിക്കുറിക്കുന്നതും ഒടുവിൽ തന്റെ പ്രവൃത്തി കാമറയിൽ പതിയുന്നുണ്ടെന്ന് ഓർത്ത് ഞെട്ടലോടെ നോക്കുന്നതുമാണ് പുതിയ വീഡിയോയിലുള്ളത്. വളരെ അടുത്ത നിലയിൽ ഇയാളുടെ പ്രവൃത്തി കാണുന്ന നിലയിലാണ് വീഡിയോ.

ആംആദ്മി-കോൺഗ്രസ് പാർട്ടികൾക്ക് ഒന്നിച്ച് ഭൂരിപക്ഷമുണ്ടായിട്ടും ബിജെപി സ്ഥാനാർഥി മനോജ് സോങ്കാറാണ് തെരഞ്ഞെടുപ്പിൽ വിജയിച്ചിരുന്നത്. ഒരു കാരണവും വ്യക്തമാക്കാതെ എട്ട് വോട്ടുകൾ അനിൽ അസാധുവാക്കിയതോടെയാണ് ബിജെപി സ്ഥാനാർഥി വിജയിച്ചത്. എതിരാളി 12 വോട്ട് നേടിയപ്പോൾ 16 വോട്ടാണ് സോങ്കാർ നേടിയത്. എഎപിയുടെ കുൽദീപ് കുമാർ നാലു വോട്ടുകൾക്കാണ് പരാജയപ്പെട്ടത്.

ബിജെപി മൈനോരിറ്റി സെൽ അംഗമാണ്‌ തെരഞ്ഞെടുപ്പിൽ പ്രിസൈഡിംഗ് ഓഫീസറായ അനിൽ മസീഹ്. എഎപി കൗൺസിലർമാരുടെ ബാലറ്റ് പേപ്പർ രേഖപ്പെടുത്തുന്നതിന് മുമ്പ് അവയിൽ അനിൽ മസീഹ് എന്തോ എഴുതുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പരക്കെ പ്രചരിച്ചിരുന്നു. ഇതോടെ രൂക്ഷ വിമർശനമാണ് ഇയാൾ നേരിട്ടത്. ബിജെപിക്ക് വിജയം നൽകാനായി അനിൽ തങ്ങളുടെ വോട്ടുകൾ അസാധുവാക്കിയതായി എഎപിയും ആരോപിച്ചു.

സംഭവത്തിൽ സുപ്രിംകോടതിയും രൂക്ഷ വിമർശനം ഉന്നയിച്ചു. പ്രിസൈഡിങ് ഓഫീസർ കുറ്റവാളിയെ പോലെ കാമറയിൽ നോക്കിയെന്നും ബാലറ്റ് പേപ്പറുകളിൽ പ്രിസൈഡിങ് ഓഫീസർ കൃത്രിമം നടത്തിയെന്നുമായിരുന്നു കോടതിയുടെ വിമർശനം. തെരഞ്ഞെടുപ്പ് ദൃശ്യങ്ങൾ പരിശോധിച്ച ശേഷമായിരുന്നു കോടതിയുടെ പ്രതികരണം. എല്ലാ കക്ഷികൾക്കും സുപ്രിംകോടതി നോട്ടീസ് അയച്ചു. ആം ആദ്മി പാർട്ടിയുടെ ഹരജിയിലാണ് സുപ്രിംകോടതി ഇടപെടൽ. ചണ്ഡീഗഡ് മേയർ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ഇന്ന് അഞ്ച് മണിക്ക് മുൻപ് ഹൈക്കോടതി രജിസ്ട്രാർ ജനറലിന്റെ പക്കലേക്ക് മാറ്റാനും കോടതി നിർദേശിച്ചു. ബാലറ്റ് പേപ്പറുകളും വീഡിയോകളുമാണ്‌ പഞ്ചാബ് -ഹരിയാന രജിസ്ട്രാർക്ക് നൽകേണ്ടത്. ഫെബ്രുവരി 12ന് ഹരജി വീണ്ടും പരിഗണിക്കും.

'അയാൾ (റിട്ടേണിംഗ് ഓഫീസർ) ബാലറ്റ് പേപ്പറുകൾ വികൃതമാക്കിയത് വ്യക്തമാണോ? അയാൾ ജനാധിപത്യത്തെ കൊല്ലുകയാണോ? ജനാധിപത്യത്തെ കൊലപ്പെടുത്തുന്നത് അനുവദിക്കാനാവില്ല' കേസ് പരിഗണിക്കവേ സുപ്രിംകോടതി പറഞ്ഞു. ഇത് ജനാധിപത്യത്തെ പരിഹസിക്കലാണെന്നും വിമർശിച്ചു.

മേയർ തെരഞ്ഞെടുപ്പിൽ ഭാരതീയ ജനതാ പാർട്ടിയുടെ മനോജ് സോങ്കറിനോട് പരാജയപ്പെട്ട ആം ആദ്മി പാർട്ടിയുടെ കൗൺസിലർ കുൽദീപ് ധലോറാണ് സുപ്രിംകോടതിയിൽ ഹരജി സമർപ്പിച്ചത്.

A new video of the presiding officer Anil Masih tampering with the Chandigarh mayoral election is out.

TAGS :

Next Story