'സ്ഥലത്തില്‍ അവകാശവാദം ഉന്നയിക്കും'; മുസ്‍ലിംകള്‍ നമസ്കരിച്ച പൂന്തോട്ട പരിസരം ശുദ്ധീകരിച്ച് വി.എച്ച്.പി പ്രവര്‍ത്തകര്‍
മന്ത്രങ്ങള്‍ ഉരുവിട്ട പ്രവര്‍ത്തകര്‍ പ്രദേശത്ത് ഗംഗാജലം തെളിച്ചു
മുസ്‍ലിംകള്‍ നമസ്കരിച്ച പൂന്തോട്ട പരിസരം ശുദ്ധീകരിച്ച് വി.എച്ച്.പി പ്രവര്‍ത്തകര്‍. അഹമ്മദാബാദിലെ വസ്തരാപൂര്‍ പ്രദേശത്തെ ലേക്ക് ഗാര്‍ഡനാണ് മുസ്‍ലിംകള്‍ നമസ്കരിച്ചെന്ന കാരണം കാണിച്ച് വി.എച്ച്.പി പ്രവര്‍ത്തകര്‍ ശുദ്ധീകരിച്ചത്.
അതെ സമയം സംഭവത്തില്‍ ഒരു എഫ്.ഐ.ആര്‍ പോലും രജിസ്റ്റര്‍ ചെയ്തില്ലെന്നും ശുദ്ധീകരണ പ്രവര്‍ത്തനത്തില്‍ പരാതിയുന്നയിച്ച് ഒരാളും തന്നെ സമീപിച്ചില്ലെന്നും വസ്താപൂര്‍ പൊലീസ് ഇന്‍സ്പെക്ടര്‍ സന്ദീപ് കാംബ്ള പറഞ്ഞു.
നവംബര്‍ 15നാണ് മുസ്‍ലിം വിഭാഗത്തില്‍പ്പെട്ട ഒരു കൂട്ടം ആളുകള്‍ തടാകത്തിന് സമീപത്തെ പൂന്തോട്ടത്തില്‍ വെച്ച് നമസ്കരിക്കുന്നത്. ദൃശ്യങ്ങള്‍ വൈകാതെ തന്നെ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. ലേക്ക് ഗാര്‍ഡന് സമീപത്തെ കെട്ടിടത്തില്‍ നിന്നും പ്രദേശവാസികളാരോ ചിത്രീകരിച്ചതാണ് പ്രചരിക്കുന്ന വീഡിയോയെന്നാണ് അനുമാനം.
വീഡിയോ കണ്ട വി.എച്ച്.പി പ്രവര്‍ത്തകര്‍ തിങ്കളാഴ്ച്ച പ്രദേശത്തേക്ക് വരികയും ശുദ്ധീകരിക്കുകയും ചെയ്യുകയായിരുന്നു. മന്ത്രങ്ങള്‍ ഉരുവിട്ട പ്രവര്‍ത്തകര്‍ പ്രദേശത്ത് ഗംഗാജലം തെളിച്ചു. ജനങ്ങള്‍ക്കിടയില്‍ അവബോധം സൃഷ്ടിക്കുകയെന്നതാണ് തങ്ങളുടെ പ്രവര്‍ത്തനം കൊണ്ട് ഉദ്ദേശിക്കുന്നതെന്നും ഇത്തരത്തില്‍ നമസ്കാരം നിര്‍വ്വഹിക്കുന്നതിലൂടെ മുസ്‍ലിംകള്‍ ആ സ്ഥലത്തിന് അവകാശവാദം ഉന്നയിക്കാമെന്നും ഗുജറാത്ത് വി.എച്ച്.പി സെക്രട്ടറി അശോക് റാവല്‍ പറഞ്ഞു.
അതെ സമയം നമസ്കാരം നിര്‍വ്വഹിച്ച ആളുകള്‍ സമീപത്തുള്ള ആശുപത്രിയില്‍ കഴിയുന്ന ബന്ധുക്കളെ കാണാനെത്തിയവരാകാമെന്ന് വിവിധ സ്രോതസുകളെ ഉദ്ധരിച്ച് ദ ഹിന്ദു റിപ്പോര്‍ട്ട് ചെയ്യുന്നു.
Adjust Story Font
16