ട്രെയിനിലെ പാൻട്രി കാറിൽ നിന്ന് ഭക്ഷണം കഴിക്കുന്ന എലി, വീഡിയോ വൈറൽ; പ്രതികരിച്ച് റെയിൽവേ
വിഷയം ഗൗരവമായി കാണുന്നുണ്ടെന്നും ഉചിതമായ നടപടി സ്വീകരിച്ചിട്ടുണ്ടെന്നുമാണ് റെയില്‍വേ അധികൃതരുടെ വിശദീകരണം.
ഡൽഹി: ഭക്ഷണത്തിന്റെ ഗുണമേന്മയും വൃത്തിയും സംബന്ധിച്ച് ഇന്ത്യൻ റെയിൽവേ പഴി കേൾക്കാൻ തുടങ്ങിയിട്ട് കാലമേറെയായി. പരാതികൾ കുന്നുകൂടുമ്പോഴും സ്ഥിതിഗതികളിൽ സാരമായ മാറ്റമുണ്ടാകുന്നില്ലെന്നതാണ് യാഥാർഥ്യം. ട്രെയിനിലെ പാന്‍ട്രിയില്‍ എലി കയറി ഭക്ഷണം കഴിക്കുന്ന വീഡിയോയാണ് ഏറ്റവും പുതിയത്. വീഡിയോ വൈറലായതോടെ വിശദീകരണവുമായി റെയിൽവേ രംഗത്തെത്തിയിട്ടുമുണ്ട്.
മന്‍ഗിരീഷ് എന്നയാള്‍ ഒക്ടോബര്‍ 15ന് സാമൂഹ്യ മാധ്യമത്തില്‍ പങ്കുവെച്ച ദൃശ്യങ്ങളാണ് വൈറലായത്. മഡ്ഗാവ് എക്‌സ്പ്രസില്‍ നിന്നുള്ളതാണ് ദൃശ്യങ്ങൾ. മന്‍ഗിരീഷ് കുടുംബത്തോടൊപ്പം സഞ്ചരിക്കുന്നതിനിടെ, പാന്‍ട്രി കാറില്‍ അടച്ചുവെക്കാതെ കിടക്കുന്ന പാത്രത്തില്‍നിന്ന് എലി ഭക്ഷണം കഴിക്കുന്നതാണ് വീഡിയോയിലുള്ളത്. പാന്‍ട്രി കാറില്‍ ഏഴ് എലികളെ കണ്ടതായി മന്‍ഗിരീഷ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
വിഷയം ഗൗരവമായി കാണുന്നുണ്ടെന്നും ഉചിതമായ നടപടി സ്വീകരിച്ചിട്ടുണ്ടെന്നുമാണ് റെയില്‍വേ അധികൃതരുടെ വിശദീകരണം. പാൻട്രി കാറിലെ ശുചിത്വത്തിനായും എലിയുടെയും മറ്റ് കീടങ്ങളുടെയും ശല്യം നിയന്ത്രിക്കാനുമുള്ള നടപടികള്‍ ഉറപ്പാക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ഐ.ആര്‍.സി.ടി.സി എക്‌സില്‍ കുറിച്ചു.
Adjust Story Font
16