പ്രതിപക്ഷ നേതാവായി തെരഞ്ഞെടുക്കപ്പെട്ട രാഹുൽ ഗാന്ധിയെ അഭിനന്ദിച്ച് വിജയ്
രാജ്യത്തെ ജനങ്ങളെ മികച്ചതായി സേവിക്കാനാകട്ടെയെന്നും വിജയ് കുറിച്ചു
ചെന്നൈ: പ്രതിപക്ഷ നേതാവായി തെരഞ്ഞെടുക്കപ്പെട്ട രാഹുല്‍ ഗാന്ധിയെ അഭിനന്ദിച്ച് നടനും തമിഴക വെട്രി കഴകം പ്രസിഡന്റുമായ വിജയ്.
'ഇന്‍ഡ്യ സഖ്യത്തിന്റെ പ്രതിപക്ഷ നേതാവായി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ട രാഹുല്‍ ഗാന്ധിക്ക് അഭിനന്ദനങ്ങള്‍. രാജ്യത്തെ ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ അദ്ദേഹത്തിന് കഴിയട്ടെയെന്ന് ആശംസിക്കുന്നു'- വിജയ് എക്‌സില്‍ കുറിച്ചു.
ഡൽഹിയിൽ ചേർന്ന 'ഇന്‍ഡ്യ' സഖ്യയോഗത്തിലാണ് രാഹുല്‍ ഗാന്ധിയെ പ്രതിപക്ഷ നേതാവാക്കാന്‍ തീരുമാനമായത്. രാഹുൽ ഗാന്ധിയെ പ്രതിപക്ഷ നേതാവായി നിയമിക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി ചെയര്‍പേഴ്‌സണ്‍ സോണിയ ഗാന്ധി പ്രോടെം സ്പീക്കർക്ക് കത്ത് നൽകിയതായി എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലാണ് ചൊവ്വാഴ്ച രാത്രി അറിയിച്ചത്.
കഴിഞ്ഞ പത്ത് വര്‍ഷമായി ലോക്സഭയില്‍ പ്രതിപക്ഷ നേതാവ് ഇല്ലായിരുന്നു. പ്രതിപക്ഷ നേതാവിനെ നാമനിർദ്ദേശം ചെയ്യാൻ ആവശ്യമായ ഏറ്റവും കുറഞ്ഞ ലോക്‌സഭാ സീറ്റുകൾ നേടാൻ പ്രതിപക്ഷ പാര്‍ട്ടികള്‍ക്കാര്‍ക്കും കഴിഞ്ഞിരുന്നില്ല. 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ 99 സീറ്റുകളാണ് കോൺഗ്രസ് നേടിയത്. ഏതാനും സ്വതന്ത്രസ്ഥാനാർഥികൾ പിന്തുണ കൊടുത്തതോടെ 100 ലേറെ അംഗങ്ങൾ കോൺഗ്രസിനുണ്ട്.
പൊതുതിരഞ്ഞെടുപ്പിൽ, വയനാട്ടില്‍ 3,64,422 വോട്ടിന്റെ ഭൂരിപക്ഷത്തിലും റായ്ബറേലിയില്‍ 3,90,030 വോട്ടിന്റെ ഭൂരിപക്ഷത്തിലുമായിരുന്നു രാഹുല്‍ ഗാന്ധിയുടെ വിജയം. പിന്നീട്, വയനാട് എം.പി. സ്ഥാനം രാജിവെച്ച് റായ്ബറേലിയില്‍ തുടരാൻ തീരുമാനിക്കുകയായിരുന്നു.
Adjust Story Font
16