പാർട്ടിയിൽ പുതുതായി ചേർന്നത് 75 ലക്ഷം പേർ, സെപ്റ്റംബറിൽ പ്രഥമ സമ്മേളനം; രാഷ്ട്രീയ വെല്ലുവിളികളെ അതിജയിക്കാൻ വിജയ്
പ്രഥമ സമ്മേളനത്തിന് തിരുച്ചിറപ്പള്ളി തെരഞ്ഞെടുക്കാനും കാരണങ്ങളുണ്ട്
രാഷ്ട്രീയ ബോക്സ് ഓഫിസിലും ഹിറ്റടിക്കുകയെന്ന ലക്ഷ്യത്തോടെയാണ് തമിഴ് സൂപ്പർ സ്റ്റാർ വിജയ് മാസങ്ങൾക്ക് മുമ്പ് പുതിയ പാർട്ടി രൂപീകരിക്കുന്നത്. 2026ൽ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ അരങ്ങേറ്റം കുറിക്കുകയാണ് ‘തമിഴക വെട്രി കഴക’ത്തിന്റെ ലക്ഷ്യം. ഇതിനായുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സെപ്റ്റംബറിൽ നടക്കുന്ന പ്രഥമ പാർട്ടി സമ്മേളനം വലിയ വിജയമാക്കാൻ ഒരുങ്ങുകയാണ് പാർട്ടി പ്രവർത്തകർ. സമ്മേളനത്തിൽ രണ്ട് മുതൽ മൂന്ന് ലക്ഷം വരെ ആളുകൾ പങ്കെടുക്കുമെന്നാണ് വിവരം.
പാർട്ടിയുടെ അടിത്തറ ശക്തിപ്പെടുത്താനുള്ള പ്രവർത്തനങ്ങളും ആരംഭിച്ചിട്ടുണ്ട്. ജില്ല, നഗരതലങ്ങളിൽ സെക്രട്ടറിമാരെ നിയമിച്ച് കഴിഞ്ഞു. വിജയിന്റെ ആരാധക കൂട്ടമായ ‘വിജയ് മക്കൾ ഇഴക്ക’ത്തെ രാഷ്ട്രീയമായി പരിവർത്തനം ചെയ്യാനുള്ള പ്രവർത്തനങ്ങളും സജീവമാണ്. 15 വർഷം കൊണ്ട് വളർത്തിയെടുത്ത വലിയൊരു ആരാധക കൂട്ടമാണ് വിജയ് മക്കൾ ഇഴക്കം. ഇതിന് കീഴിൽ വിദ്യാഭ്യാസം, ഭക്ഷണം, വീൽചെയർ വിതരണം, രക്തദാന ക്യാമ്പ്, മറ്റു സഹായങ്ങൾ തുടങ്ങി നിരവധി പ്രവർത്തനങ്ങളാണ് നടക്കുന്നത്.
ദ്രാവിഡ കക്ഷികൾക്ക് വെല്ലുവിളിയാകുമോ?
സിനിമയിൽനിന്ന് രാഷ്ട്രീയത്തിലേക്കുള്ള വിജയിന്റെ കൂടുമാറ്റത്തെ തമിഴ് രാഷ്ട്രീയത്തിലെ സുപ്രധാന നീക്കമായിട്ടാണ് പലരും വിലയിരുത്തുന്നത്. മുൻ മുഖ്യമന്ത്രി എം.ജി.ആറുമായിട്ടാണ് പലരും അദ്ദേഹം താരതമ്യപ്പെടുത്തുന്നത്. തമിഴക രാഷ്ട്രീയത്തിലെ പ്രമുഖ കക്ഷികളായ ഡി.എം.കെക്കും എ.ഐ.എ.ഡി.എം.കെക്കും വലിയ വെല്ലുവിളി ഉയർത്താൻ വിജയിന് സാധിക്കുമെന്നും ആരാധകർ വിശ്വസിക്കുന്നു. പ്രത്യേകിച്ച് ജയലളിതയുടെ മരണശേഷം എ.ഐ.എ.ഡി.എം.കെയിൽ സംഭവിച്ച പ്രതിസന്ധികൾ മുതലെടുക്കാൻ സാധിക്കുമെന്നാണ് കണക്കുകൂട്ടൽ.
ഇരു ദ്രാവിഡ പാർട്ടികളോടും ചേർന്നുനിൽക്കാത്ത സംസ്ഥാനത്തെ 20 മുതൽ 30 ശതമാനം വരുന്ന വോട്ടർമാരെ കൂടി വിജയ് ലക്ഷ്യമിടുന്നുണ്ട്. ഈയൊരു വിഭാഗത്തെ വരുതിയിലാക്കാൻ നേരത്തേ പലരും ശ്രമിച്ചതാണ്. 1996ൽ ജി.കെ. മൂപ്പനാരുടെ തമിൾ മാനില കോൺഗ്രസ്, 2005 രൂപീകൃതമായ നടൻ ക്യാപ്റ്റൻ വിജയ്കാന്തിന്റെ ദേശീയ മുർപ്പോക്കു ദ്രാവിഡ കഴകം എന്നിവക്ക് കുറച്ചുകാലത്തേക്ക് ഇവരിൽ സ്വാധീനം ചെലുത്താൻ സാധിച്ചിരുന്നു. സംവിധായകൻ സീമന്റെ നാം തമിളർ കക്ഷി, കമൽ ഹാസന്റെ മക്കൾ നീതി മയ്യം എന്നിവയും ഇതിനായി ശ്രമിച്ചെങ്കിലും വലിയ ചലനങ്ങൾ സൃഷ്ടിക്കാൻ സാധിച്ചിട്ടില്ല. കെ. അണ്ണാമലയുടെ നേതൃത്വത്തിൽ ബി.ജെ.പി വലിയ രീതിയിൽ വർഗീയത ആളിക്കത്തിച്ച് ഏറെ പരിശ്രമങ്ങൾ നടത്തിയെങ്കിലും സംസ്ഥാനത്തെ ദ്രാവിഡ ആധിപത്യത്തിൽ വിള്ളൽ വീഴ്ത്താനായില്ല.
വേണ്ടത് പ്രത്യയശാസ്ത്രം
തമിഴ്നാട് രാഷ്ട്രീയത്തിൽ വിജയിക്കാൻ സെലിബ്രിറ്റി പദവി മാത്രമല്ല വേണ്ടത്. പരിഷ്കൃതരും വിവേകികളുമായ വോട്ടർമാരുള്ള സംസ്ഥാനത്ത് പ്രത്യയശാസ്ത്രത്തിനും വലിയ പ്രാധാന്യമുണ്ടെന്ന് ചരിത്രം ചൂണ്ടിക്കാട്ടുന്നു. ദ്രാവിഡ ആശയത്തിൽ ആഴത്തിൽ വേരൂന്നിയത് കൊണ്ട് കൂടിയാണ് സൂപ്പർ സ്റ്റാറായിരുന്ന എം.ജി.ആറിന് മുഖ്യമന്ത്രി പദത്തിലേറാൻ സാധിച്ചത്. സമാന രീതിയിൽ പ്രത്യയശാസ്ത്ര അടിത്തറയില്ലാത്ത ക്യാപ്റ്റൻ വിജയ്കാന്തും കമൽ ഹാസനുമെല്ലാം തങ്ങളുടെ സിനിമയിലെ പ്രശസ്തി രാഷ്ട്രീയ ശക്തിയാക്കി മാറ്റുന്നതിൽ പരാജയമായി.
തമിഴ് സംസ്കാരത്തിലെ ആദരണീയ ഗ്രന്ഥമായ തിരുക്കുറളിൽ പ്രതിപാദിച്ച ‘സാർവത്രിക മാനവികത’യിൽനിന്ന് ഉരുത്തിരിഞ്ഞതാണ് പാർട്ടിയുടെ പ്രത്യയശാസ്ത്രമെന്ന് വിജയ് പാർട്ടി പ്രഖ്യാപനത്തിൽ സൂചന നൽകിയിരുന്നു. അനുകമ്പ, അഹിംസ, മറ്റുള്ളവരോടുള്ള ആദരവ് എന്നിവയെല്ലാമാണ് വിജയ് മുന്നോട്ടുവെക്കുന്നത്. എന്നാൽ, ഇവയെല്ലാം വോട്ടായി മാറുമോ എന്നത് കണ്ടറിയുക തന്നെ വേണം.
വിജയിന് മുന്നിലെ വെല്ലുവിളികൾ
തന്റെ ലക്ഷക്കണക്കിന് വരുന്ന ആരാധകരെ ഒരു രാഷ്ട്രീയ ശക്തിയാക്കി മാറ്റുക മാത്രമല്ല, വിശ്വസനീയമായ ഒരു പാർട്ടി ഘടന കെട്ടിപ്പടുക്കുക എന്നത് കൂടി വിജയിന്റെ മുന്നിൽ വെല്ലുവിളിയായി നിൽപ്പുണ്ട്. സജീവ രാഷ്ട്രീയത്തിൽനിന്ന് മാറിനിൽക്കുന്ന മുൻ ഡി.എം.കെ, എ.ഐ.എ.ഡി.എം.കെ നേതാക്കളുമായും വിരമിച്ച ഐ.എ.എസ്, ഐ.പി.എസ് ഓഫിസർമാരുമായും വിജയ് ചർച്ച നടത്തുന്നുണ്ടെന്നാണ് അദ്ദേഹത്തോടുള്ള അടുപ്പമുള്ളവർ നൽകുന്ന സൂചന. എന്നാലും, പരിചയസമ്പന്നരായ രാഷ്ട്രീയ പ്രവർത്തകരുടെ അഭാവം പാർട്ടിയുടെ മുന്നോട്ടുള്ള സഞ്ചാരത്തിൽ കാര്യമായ വെല്ലുവിളി തന്നെയാകും.
വിജയിന്റെ ആരാധക കൂട്ടമായ വിജയ് മക്കൾ ഇയക്കത്തിന് 75,000 യൂനിറ്റുകളും 18.75 ലക്ഷം സജീവ പ്രവർത്തകരുമുണ്ടെന്ന് പാർട്ടി വക്താവ് ആർ. രാംകുമാർ പറയുന്നു. ഈ ആരാധകരെ പാർട്ടിയിലേക്ക് പരിവർത്തനം ചെയ്യുന്നുണ്ട്. കൂടാതെ ഓൺലൈൻ വഴി 75 ലക്ഷം പുതിയ അംഗങ്ങളാണ് പാർട്ടിയുടെ ഭാഗമായത്. രണ്ട് കോടി അംഗങ്ങളെയാണ് പാർട്ടി ലക്ഷ്യമിടുന്നത്. പാർട്ടിക്ക് 234 മണ്ഡലങ്ങളിലും എല്ലാ നഗരങ്ങളിലും വിദൂര ഗ്രാമങ്ങളിലുമെല്ലാം സംഘടനാ സംവിധാനമുണ്ടെന്നും ആർ. രാംകുമാർ കൂട്ടിച്ചേർത്തു. വിജയിന്റെ സിനിമയിലെ പ്രശസ്തി ജാതി-മത-പ്രായഭേദമന്യേ എല്ലാവരിലും എത്തുമെന്നാണ് പാർട്ടിയുടെ കണക്കുകൂട്ടൽ.
എന്തുകൊണ്ട് തിരുച്ചിറപ്പള്ളി?
തമിഴ് വെട്രി കഴകത്തിന്റെ പ്രഥമ സമ്മേളനം തിരുച്ചിറപ്പള്ളിയിൽ നടക്കുമെന്നാണ് പാർട്ടി വൃത്തങ്ങൾ നൽകുന്ന സൂചന. തമിഴ്നാട്ടിന്റെ മധ്യഭാഗത്തായി സ്ഥിതി ചെയ്യുന്ന ഇവിടെ ക്രിസ്ത്യൻ സമുദായത്തിന് ഏറെ സ്വാധീനമുണ്ട്. കൂടാതെ ഉദയാർ, പിള്ള തുങ്ങിയ വിവിധ സമുദായങ്ങളും നിർണായക ശക്തിയാണ്. ഈ സമുദായങ്ങളുമായി വിജയിക്ക് വ്യക്തിപരമായി ബന്ധമുണ്ട്. അതിനാൽ തന്നെ ഭാവിയിൽ ഇവിടെനിന്ന് വിജയ് മത്സരിക്കാൻ സാധ്യതയുണ്ടെന്നും അദ്ദേഹവുമായി ബന്ധമുളളവർ പറയുന്നു. ക്രിസ്ത്യൻ മതവിശ്വാസിയാണെങ്കിലും സിനിമാ മേഖലയിലുള്ള മറ്റുള്ളവരെപ്പോലെ തന്നെ ഹിന്ദു ക്ഷേത്രങ്ങളിലും അവരുടെ ആചാരങ്ങളിലും പങ്കെടുക്കുന്നതിൽ വിജയ് ഒരിക്കലും വിമുഖത കാണിക്കാറില്ല.
പൊതു ആശയവിനിമയത്തിൽ കരുണാനിധിയോ ജയലളിതയോ അല്ല വിജയ്. എം.ജി.ആറിന് ഉണ്ടായിരുന്ന വലിയൊരു പ്രസ്ഥാന പിൻബലവും അദ്ദേഹത്തിനില്ല. ചോദ്യം ചെയ്യപ്പെടാത്ത താരമൂല്യവും വിശ്വസ്തരായ യുവആരാധകരുമാണ് വിജയിന്റെ കയ്യിലുള്ള ശക്തമായ ആയുധം. രാഷ്ട്രീയ ഗോദയിലെ വെല്ലുവിളികളെ ഈ ആയുധവുമായി എതിരിടാനാകുമെന്ന പ്രതീക്ഷയിലാണ് വിജയും ആരാധകകൂട്ടവും പാർട്ടി പ്രവർത്തകരുമെല്ലാം.
Adjust Story Font
16