Quantcast

'വിദ്വേഷം സൃഷ്ടിക്കരുത്; ഉത്തരവ് പിൻവലിക്കണം'; ഹിമാചൽ വിവാദത്തിൽ മന്ത്രിയെ ശാസിച്ച് കോൺഗ്രസ് ഹൈക്കമാൻഡ്

വിദ്വേഷത്തിനെതിരെ സ്‌നേഹപ്രചാരണവുമായി നടക്കുകയാണ് രാഹുൽ ഗാന്ധി. ഇത്തരമൊരു സമയത്ത് വിദ്വേഷം സൃഷ്ടിക്കാൻ നിൽക്കരുതെന്ന് വിക്രമാദിത്യ സിങ്ങിനോട് വ്യക്തമാക്കിയതായി കെ.സി വേണുഗോപാൽ

MediaOne Logo

Web Desk

  • Updated:

    2024-09-27 16:01:51.0

Published:

27 Sep 2024 3:36 PM GMT

Himachal minister Vikramaditya Singh summoned, reprimanded by Congress high command over name display order for eateries, Vikramaditya Singh, KC Venugopal, Himachal eatery controversy
X

കെ.സി വേണുഗോപാല്‍, വിക്രമാദിത്യ സിങ്

ന്യൂഡൽഹി: ഭക്ഷണശാലാ വിവാദത്തിൽ ഹിമാചൽപ്രദേശ് മന്ത്രി വിക്രമാദിത്യ സിങ്ങിനെ ഡൽഹിയിലേക്ക് വിളിപ്പിച്ച് ശാസിച്ച് കോൺഗ്രസ് ഹൈക്കമാൻഡ്. ഭക്ഷണശാലകൾക്കു മുന്നിൽ ഉടമകളുടെ പേരുവിവരങ്ങൾ പ്രദർശിപ്പിക്കണമെന്ന ഉത്തരവിലാണു നടപടി. വിവാദ ഉത്തരവ് പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടതായി എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ അറിയിച്ചു. കോൺഗ്രസിന്റെ നയവും ആദർശവും വിട്ടുള്ള ഒരു നടപടിയും പാടില്ലെന്നു മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.

ഹിമാചൽ പൊതുമരാമത്ത്-നഗര വികസന മന്ത്രിയായ വിക്രമാദിത്യ സിങ് ദിവസങ്ങൾക്കു മുൻപാണ് വിവാദ ഉത്തരവുമായി രംഗത്തെത്തിയത്. സംസ്ഥാനത്തെ മുഴുവൻ ഭക്ഷണശാല ഉടമകളും വഴിവാണിഭക്കാരും സ്ഥാപനങ്ങൾക്കു മുന്നിൽ സ്വന്തം പേരുവിവരങ്ങൾ അടങ്ങിയ ഐഡന്റിറ്റി കാർഡ് പ്രദർശിപ്പിക്കണമെന്നായിരുന്നു ഉത്തരവ്. എന്നാൽ, കാവഡ് യാത്രാ സമയത്ത് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പുറത്തിറക്കിയ ഉത്തരവ് ഉയർത്തിക്കാട്ടി വിക്രമാദിത്യയ്ക്കും കോൺഗ്രസ് സർക്കാരിനുമെതിരെ വ്യാപക വിമർശനമുയർന്നു. സംഭവം വലിയ വിവാദമായിട്ടും മന്ത്രിയോ ഹിമാചൽ സർക്കാരോ തീരുമാനത്തിൽനിന്നു പിന്മാറിയില്ല. ഇതോടെയാണ് കോൺഗ്രസ് ഹൈക്കമാൻഡ് തന്നെ നേരിട്ട് ഇടപെട്ടത്.

വിക്രമാദിത്യയോട് ഡൽഹിയിലെത്താന്‍ ആവശ്യപ്പെടുകയായിരുന്നു ഹൈക്കമാന്‍ഡ്. നിർദേശപ്രകാരം ഇന്നു വൈകീട്ടോടെ മന്ത്രി ഡൽഹിയിലെത്തി കെ.സി വേണുഗോപാലിനെ കണ്ടു. ഉത്തരവ് പിന്‍വലിക്കാന്‍ ആവശ്യപ്പെട്ട കെ.സി, രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ള നേതൃത്വത്തിന്‍റെ അതൃപ്തി അറിയിക്കുകയും ചെയ്തു. ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ആവർത്തിക്കരുതെന്ന് മുന്നറിയിപ്പും നല്‍കി. പാർട്ടി നയനിലപാടുകൾക്കകത്തു നിന്നു വേണം സുപ്രധാന വിഷയങ്ങളിൽ തീരുമാനം കൈക്കൊള്ളേണ്ടതെന്നു നിർദേശിക്കുകയും ചെയ്തിട്ടുണ്ട്.

കൂടിക്കാഴ്ചയിൽ പാർട്ടിവികാരം ശക്തമായി അറിയിച്ചെന്ന് കെ.സി വേണുഗോപാൽ 'എഎൻഐ'യോട് പറഞ്ഞു. ഒരു മന്ത്രിയും ഭാരവാഹിയും പാർട്ടി നയനിലപാടുകൾക്കെതിരെ നീങ്ങാൻ പാടില്ല. വിദ്വേഷത്തിനെതിരെ സ്‌നേഹപ്രചാരണവുമായി നടക്കുകയാണ് രാഹുൽ ഗാന്ധി. ഇത്തരമൊരു സമയത്ത് നമ്മൾ വിദ്വേഷം സൃഷ്ടിക്കാൻ നിൽക്കരുത്. ഐക്യത്തിലാണ് പാർട്ടി വിശ്വസിക്കുന്നതെന്നും വേണുഗോപാൽ പറഞ്ഞു.

ഇത്തരം വിഷയങ്ങളിൽ കോൺഗ്രസ് നയവും നിലപാടും വ്യക്തമാണെന്ന് വിക്രമാദിത്യ സിങ്ങിനോട് വ്യക്തമാക്കിയിട്ടുണ്ടെന്ന് കെ.സി പറഞ്ഞു. താൻ പറഞ്ഞത് മാധ്യമങ്ങൾ തെറ്റായി വാർത്ത നൽകുകയായിരുന്നുവെന്നാണു മന്ത്രി വിശദീകരിച്ചത്. നിർദേശത്തിനു പിന്നിൽ വിവാദമാകുന്ന തരത്തിലുള്ള ഒരു താൽപര്യവുമുണ്ടായിരുന്നില്ലെന്നും മന്ത്രി പറഞ്ഞതായി കെ.സി വേണുഗോപാൽ കൂട്ടിച്ചേർത്തു.

എന്നാൽ, കോൺഗ്രസിനെ ശക്തിപ്പെടുത്തുന്നതിനെ കുറിച്ചും പാർട്ടി പ്രവർത്തനങ്ങളെ കുറിച്ചുമായിരുന്നു കൂടുതൽ ചർച്ച നടന്നതെന്നായിരുന്നു കൂടിക്കാഴ്ചയ്ക്കു ശേഷം വിക്രമാദിത്യ സിങ് എഎൻഐയോട് പ്രതികരിച്ചത്. മാധ്യമങ്ങൾ വിവാദമാക്കുന്ന വിഷയത്തിൽ ജനങ്ങളുടെയും പാർട്ടിയുടെയും താൽപര്യമാണു തങ്ങൾക്കു പ്രധാനമെന്നു നേരത്തെ വ്യക്തമാക്കിയതാണ്. ഇതുമായി ബന്ധപ്പെട്ട് സുപ്രിംകോടതിയോ ഹൈക്കോടതിയോ എന്ത് ഉത്തരവിറക്കിയാലും അതു നടപ്പാക്കാനുള്ള ഉത്തരവാദിത്തം ഞങ്ങൾക്കുണ്ട്. അതുകൊണ്ടാണ് ഇക്കാര്യത്തിൽ എല്ലാ കക്ഷികളെയും ഉൾപ്പെടുത്തി ഒരു കമ്മിറ്റിക്കു രൂപംനൽകിയത്. പ്രതിപക്ഷത്തുനിന്നും ഞങ്ങളുടെ പാർട്ടിയിൽനിന്നുമെല്ലാമുള്ള ആളുകൾ അതിനകത്തുണ്ട്. അവർ കൂലങ്കഷമായി ചർച്ച നടത്തിയ ശേഷമായിരിക്കും ഇക്കാര്യത്തിൽ തീരുമാനം കൈക്കൊള്ളുകയെന്നും മന്ത്രി വ്യക്തമാക്കി.

നേരത്തെ കോൺഗ്രസ് നേതൃത്വത്തിന്‍റെ ഇടപെടലിനു പിന്നാലെ ഹിമാചൽ സർക്കാർ വിവാദങ്ങളിൽ വിശദീകരണക്കുറിപ്പ് പുറത്തിറക്കിയിരുന്നു. ഇത്തരത്തിൽ സർക്കാർ ഔദ്യോഗികമായി തീരുമാനം കൈക്കൊണ്ടിട്ടില്ലെന്ന് ഹിമാചൽ മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ് നരേഷ് ചൗഹാൻ അറിയിച്ചു. മന്ത്രിമാരെയും എംഎൽഎമാരെയും കോൺഗ്രസ്-ബിജെപി നേതാക്കളെയും ചേർത്ത് സ്പീക്കർ ഒരു കമ്മിറ്റിക്കു രൂപംനൽകിയിരുന്നു. കമ്മിറ്റിയുടെ നിർദേശങ്ങൾ കിട്ടിയ ശേഷമേ ഇക്കാര്യത്തിൽ മന്ത്രിസഭ തീരുമാനമെടുക്കൂ. കടകൾക്കു മുന്നിൽ പേരും ചിത്രവും പ്രദർശിപ്പിക്കുന്നത് നിർബന്ധമാക്കി ഒരു ഉത്തരവും ഇതുവരെയും പുറത്തിറങ്ങിയിട്ടില്ലെന്നും ചൗഹാൻ വിശദീകരിച്ചു.

വിക്രമാദിത്യ സിങ്ങിനെ പിന്തുണച്ച് ഹിമാചൽ കോൺഗ്രസ് അധ്യക്ഷ പ്രതിഭ സിങ്ങും രംഗത്തെത്തിയിരുന്നു. വിവാദത്തിലേക്കു നയിച്ച ഒരു താൽപര്യവും മന്ത്രിയുടെ നിർദേശത്തിനു പിന്നിലുണ്ടായിരുന്നില്ലെന്ന് അവർ പറഞ്ഞു. എല്ലാ കക്ഷികളോടും അഭിപ്രായമാരാഞ്ഞ ശേഷമേ ഇതുമായി ബന്ധപ്പെട്ടുള്ള അന്തിമ തീരുമാനത്തിലേക്ക് എത്തുകയുള്ളൂവെന്നും പ്രതിഭ അറിയിച്ചിരുന്നു.

Summary: Himachal minister Vikramaditya Singh summoned, reprimanded by Congress high command over name display order for eateries

TAGS :

Next Story