'വിനേഷ് നിങ്ങൾ സ്വർണമാണ്'; പിന്തുണയുമായി ആലിയ ഭട്ട്, വിക്കി കൗശൽ, സോനാക്ഷി സിൻഹ മറ്റു പ്രമുഖരും
എക്കാലത്തേയും ചാമ്പ്യനാണ് വിനേഷെന്ന് താരങ്ങൾ
ഡൽഹി: ഭാരപരിശോധനയിൽ പരാജയപ്പെട്ടതിനെ തുടർന്ന് അയോഗ്യയാക്കപ്പെട്ട ഗുസ്തി താരം വിനേഷ് ഫോഗട്ടിന് പിന്തുണയുമായി സിനിമാ താരങ്ങളടക്കമുള്ള പ്രമുഖർ രംഗത്ത്. ഫോഗട്ടിനെ പിന്തുണച്ച് സിനിമാ താരം ആലിയ ഭട്ട് തന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ വിശദമായ കുറിപ്പ് പങ്കുവെച്ചു. ' വിനേഷ് നിങ്ങൾ രാജ്യത്തിന് മുഴുവൻ പ്രചോദനമാണ്. ചരിത്രം കുറിക്കാൻ നിങ്ങളെടുത്ത കഠിനപ്രയത്‌നങ്ങൾക്കും നിങ്ങളുടെ ആത്മസമർപ്പണത്തിനും പകരംവെക്കാൻ മറ്റൊന്നിനും കഴിയില്ല'. ആലിയ കുറിച്ചു. ' നിങ്ങൾ ഹൃദയം തകർന്നിരിക്കുകയാണെന്ന് അറിയാം. നിങ്ങളോടൊപ്പം ഞങ്ങളും ഹൃദയം തകർന്നിരിക്കുകയാണ്. പ്രിയപ്പെട്ട സ്ത്രി... നിങ്ങൾ സ്വർണ്ണമാണ്, നിങ്ങൾ ഉരുക്കാണ്. ഇതൊന്നും നിങ്ങളിൽ നിന്ന് എടുത്തുമാറ്റാൻ മറ്റാർക്കും കഴിയില്ല. എക്കാലത്തേയും ചാമ്പ്യൻ.. നിങ്ങളെപ്പോലെ മറ്റൊരാളില്ല'. ആലിയ കൂട്ടിച്ചേർത്തു.
നടനും സംവിധായകനുമായ ഫർഹാൻ അക്തർ വിനേഷിന് പിന്തുണയറിയിച്ച് ഇൻസ്റ്റഗ്രാം പോസ്റ്റ് പങ്കുവെച്ചു. പ്രിയപ്പെട്ട വിനേഷ് എന്ന് തുടങ്ങുന്ന പോസ്റ്റിൽ ഫർഹാൻ ഇങ്ങനെ എഴുതി. 'നിങ്ങൾ ഹൃദയം തകർന്നിരിക്കുകയാണെന്ന് അറിയാം. പക്ഷെ കായികരംഗത്ത് നിങ്ങൾ കൈവരിച്ച നേട്ടങ്ങളോർത്ത് ഞങ്ങളെല്ലാവരും അഭിമാനിക്കുന്നുണ്ട്. നിങ്ങൾ എക്കാലത്തേയും ചാമ്പ്യനാണ്. തലയുയർത്തിതന്നെ നിൽക്കുക'.
'കേവലം 100 ഗ്രാമിന്റെ മാത്രം അധികഭാരം കൊണ്ട് വിനേഷ് അയോഗ്യയാക്കപ്പെട്ടു എന്നത് അത്ഭുതപ്പെടുത്തുന്ന കാര്യമാണ്. അത് വിശ്വസിക്കാൻ കഴിയുന്നില്ല. ശരീരഭാരം നിലനിർത്തുക എന്നത് അത്രമേൽ പ്രധാനപ്പെട്ട കാര്യമാണെന്ന് ഇപ്പോൾ എല്ലാവർക്കും മനസിലായി. എത്രയും വേഗം അവൾ ആ ഭാരം കുറയ്ക്കുമെന്ന് ഞാൻ ആഗ്രഹിക്കുന്നു. പക്ഷെ വീണ്ടും അവസരം ലഭിക്കുമോ?. നടിയും ലോക്‌സഭാംഗവുമായ ഹേമ മാലിനി പി.ടി.ഐയോട് പറഞ്ഞു.
'മഡലുകൾക്കപ്പുറമുള്ള വിജയ്' എന്നാണ് വിനേഷിനെ വിക്കി കൗശൽ വിശേഷിപ്പിച്ചത്. 'ഇത് ഹൃദയം തകർക്കുന്നതാണ്, എന്നാലും വിനേഷ് നിങ്ങൾ സ്വർണത്തിനപ്പുറത്ത് മുഖമുദ്ര പതിപ്പിച്ചിട്ടുണ്ട്', താപ്‌സി പന്നു എഴുതി. 'അവിശ്വസനീയം, നിങ്ങൾക്ക് ഇപ്പോൾ എന്താണ് അനുഭവപ്പെടുന്നതെന്ന് സങ്കൽപ്പിക്കാൻ പോലും കഴിയില്ല, നിങ്ങളോട് എന്തുപറയണമെന്നും എനിക്ക് അറിയില്ല. പക്ഷെ നിങ്ങൾ എക്കാലത്തേയും ചാമ്പ്യനായിരിക്കും, തീർച്ച'. സോനാക്ഷി സിൻഹ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ എഴുതി.
ഉറപ്പായിരുന്ന ഒരു മെഡലാണ് വിനേഷ് ഫോഗട്ട് അയോഗ്യയാക്കപ്പെട്ടതോടെ രാജ്യത്തിന് നഷ്ടമായത്. പാരിസ് ഒളിമ്പിക്സില്‍ 50 കിലോ ഗുസ്തി ഫ്രീസ്റ്റൈല്‍ വിഭാഗത്തിലാണ് വിനേഷിനെ അയോഗ്യയാക്കിയത്. ഫൈനലില്‍ ഇടംപിടിച്ച വിനേഷ് ഭാരപരിശോധനയിൽ പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് നടപടി.
Adjust Story Font
16