Quantcast

ബ്രഹ്മപുത്ര നീന്തിക്കടക്കുന്ന ബംഗാള്‍ കടുവ; താണ്ടിയത് 120 കി.മീ,വീഡിയോ

10 മണിക്കൂര്‍ നീണ്ട ശ്രമത്തിനു ശേഷം കടുവയെ പിടികൂടി കാഴ്ചബംഗ്ലാവിലേക്ക് കൊണ്ടുപോയി

MediaOne Logo

Web Desk

  • Published:

    21 Dec 2022 6:06 AM GMT

ബ്രഹ്മപുത്ര നീന്തിക്കടക്കുന്ന ബംഗാള്‍ കടുവ; താണ്ടിയത് 120 കി.മീ,വീഡിയോ
X

ഗുവാഹത്തി: ബ്രഹ്മപുത്ര നദി നീന്തിക്കടക്കുന്ന ബംഗാള്‍ കടുവയുടെ വീഡിയോ വൈറലാകുന്നു. 120 കിലോമീറ്ററോളമാണ് കടുവ നീന്തിയത്. 10 മണിക്കൂര്‍ നീണ്ട ശ്രമത്തിനു ശേഷം കടുവയെ പിടികൂടി കാഴ്ചബംഗ്ലാവിലേക്ക് കൊണ്ടുപോയി.

നിറഞ്ഞൊഴുകുന്ന പുഴയിലൂടെ അതിവേഗത്തില്‍ നീന്തുന്ന കടുവയെയാണ് വീഡിയോയില്‍ കാണുന്നത്. നദി നീന്തിക്കടന്ന കടുവ പുരാതന ഉമാനന്ദ ക്ഷേത്രത്തിന് പേരുകേട്ട ഗുവാജാതിക്ക് സമീപമുള്ള മയിൽ ദ്വീപിലെ ഇടുങ്ങിയ ഗുഹയിൽ ഒളിച്ചിരിക്കുന്നതും കാണാം.ക്ഷേത്രത്തിലെ ജീവനക്കാരാണ് ആദ്യം ഈ കാഴ്ച കണ്ടത്. ദ്വീപിൽ നിന്ന് 120 കിലോമീറ്റർ അകലെയുള്ള ഒറംഗ നാഷണൽ പാർക്കിൽ നിന്നും കടുവ വഴിതെറ്റിയതാണെന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ സംശയം. വെള്ളം കുടിക്കുന്നതിനിടെ ശക്തമായ ഒഴുക്കിൽ പെട്ട് മൃഗം ഒഴുകിപ്പോയതാകാമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

കടുവ ദ്വീപിലെത്തിയത് ദ്വീപ് നിവാസികളില്‍ പരിഭ്രാന്തി പടര്‍ത്തി. വനംവകുപ്പ് ഉദ്യോഗസ്ഥരും മൃഗഡോക്ടർമാർ ഉൾപ്പെടെയുള്ള റെസ്‌ക്യൂ ടീമും ബോട്ടുകളിൽ സ്ഥലത്തെത്തി.കടുവ നദീതീരത്ത് നിന്ന് ദൂരെയായതിനാൽ പിടികൂടാന്‍ ബുദ്ധിമുട്ട് നേരിട്ടു. രണ്ട് വലിയ പാറകൾക്കിടയിൽ കടുവ കുടുങ്ങിയതിനാൽ രക്ഷാപ്രവർത്തകർ വളരെ കരുതലോടെയാണ് ഓപ്പറേഷൻ നടത്തിയതെന്ന് വാർത്താ ഏജൻസിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്തെങ്കിലും കുഴപ്പം സംഭവിച്ചാല്‍ കടുവ വീണ്ടും നദിയിലേക്ക് വീണുപോയേക്കാമെന്നും ഭയപ്പെട്ടിരുന്നു. കടുവ ശാന്തനാക്കിയില്ലെങ്കില്‍ അത് രക്ഷാസംഘത്തെ ആക്രമിക്കുകയും ചെയ്യും.

ക്ഷേത്രത്തിലെത്തിയ ഭക്തരെയും പുരോഹിതരെയും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയ ശേഷമായിരുന്നു കടുവയെ പിടികൂടാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചത്. ക്ഷേത്ര സന്ദർശകർക്ക് ഭക്ഷണം നൽകുന്ന കടകളും സ്ഥാപനങ്ങളും താൽക്കാലികമായി അടക്കുകയും ചെയ്തു. പതിനേഴാം നൂറ്റാണ്ടിന്‍റെ അവസാന ദശകത്തിൽ അഹോം രാജാവായ ഗദാധർ സിംഹയാണ് ഉമാനന്ദ ക്ഷേത്രം പണികഴിപ്പിച്ചത്.

TAGS :

Next Story