Quantcast

85ലേറെ പ്രായമുള്ളവര്‍ക്കും ഭിന്നശേഷിക്കാർക്കും 'വോട്ട് ഫ്രം ഹോം'

പോളിങ് സ്റ്റേഷനുകളിൽ ശുചിമുറി, വീൽചെയർ, ഹെൽപ് ഡസ്ക് സൗകര്യങ്ങളും ഏർപ്പെടുത്തും.

MediaOne Logo

Web Desk

  • Published:

    16 March 2024 11:47 AM GMT

election 2024
X

ഡൽഹി: ലോക്സഭാ തെര‍ഞ്ഞെടുപ്പില്‍ 85 ലേറെ പ്രായമുള്ളവര്‍ക്കും ശാരീരികമായി 40 ശതമാനത്തിലേറെ വെല്ലുവിളി നേരിടുന്നവർക്കും വീട്ടിൽ വെച്ചുതന്നെ വോട്ട് രേഖപ്പെടുത്താൻ ‘വോട്ട് ഫ്രം ഹോം’ സൗകര്യം പ്രയോജനപ്പെടുത്താമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ. തെരഞ്ഞെടുപ്പ് തീയ്യതി പ്രഖ്യാപനത്തിനിടെയാണ് തെരഞ്ഞെടുപ്പ് കമ്മീഷണർ ഇക്കാര്യം വ്യക്തമാക്കിയത്.

എല്ലാ ബൂത്തുകളിലും അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കും. ശുചിമുറി, വീൽചെയർ, ഹെൽപ് ഡസ്ക് സൗകര്യമുണ്ടാകും. ക്രമക്കേടുകൾ പരിശോധിക്കാൻ ജില്ലകളിൽ മുഴുവൻ സമയ കൺട്രോൾ റൂമും പ്രവർത്തിക്കും. അതിർത്തികളിൽ ഡ്രോൺ നിരീക്ഷണവുമുണ്ടാകും. പ്രശ്നബാധിത ബൂത്തുകളിൽ വെബ്ബ് കാസ്റ്റിങ് സംവിധാനവുമൊരുക്കും. വോട്ടർമാർക്ക് പരാതി അറിയിക്കാൻ 'cVIGIL' മൊബൈൽ ആപ്പ് സംവിധാനമൊരുക്കും. ഇതിലൂടെ 100 മിനിറ്റിനകം പരിഹാരമുണ്ടാക്കാൻ സാധിക്കും. വോട്ടർ ഐഡി മൊബൈലിൽ ഡൗൺലോഡ് ചെയ്യാം. സ്ഥാനാർഥികളെ കുറിച്ചുള്ള വിവരങ്ങളും അറിയാം. സ്ഥാനാർഥികളുടെ ക്രിമിനൽ പശ്ചാത്തലം വോട്ടേഴ്സിന് അറിയാൻ സാധിക്കുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷണർ അറിയിച്ചു.

ഏഴ് ഘട്ടമായാണ് ലോക്സഭ തെരഞ്ഞെടുപ്പ് നടക്കുക. ആദ്യ ഘട്ടം ഏപ്രിൽ 19ന്. രണ്ടാം ഘട്ടം ഏപ്രിൽ 26ന്. മൂന്നാം ഘട്ടം മെയ് ഏഴിന്. നാലാം ഘട്ടം മെയ് 13ന്, അഞ്ചാം ഘട്ടം മെയ് 20ന്. ആറാം ഘട്ടം മെയ് 25ന്. ഏഴാം ഘട്ടം ജൂണ്‍ ഒന്നിനും നടക്കും. ജൂൺ നാലിന് വോട്ടെണ്ണൽ. കേരളത്തിൽ രണ്ടാം ഘട്ടത്തിൽ ഏപ്രിൽ 26ന് വോട്ടെടുപ്പ് നടക്കും. വിജ്ഞാപനം മാർച്ച് 28ന്. ഏപ്രിൽ നാലാണ് നാമനിർദേശ പത്രിക സമർപ്പിക്കേണ്ട അവസാന ദിവസം. സൂക്ഷ്മ പരിശോധന ഏപ്രിൽ അഞ്ചിന്. പത്രിക പിൻവലിക്കാനുള്ള അവസാന തീയതി ഏപ്രിൽ എട്ടാണ്.

97 കോടി വോട്ടര്‍മാരാണ് രാജ്യത്ത് ഇക്കുറി വോട്ടവകാശം രേഖപ്പെടുത്തുക. 47.1 കോടി സ്ത്രീ വോട്ടർമാരാണ്. 49.7 കോടിയാണ് പുരുഷ വോട്ടർമാർ. 48000 ട്രാൻസ്ജെൻഡേഴ്സും വോട്ട് രേഖപ്പെടുത്തും. 1.8 കോടി പേർ കന്നി വോട്ടർമാരാണ്. 19.7 കോടി വോട്ടർമാരും 20 മുതൽ 29 വയസ്സ് വരെ പ്രായമുള്ളവരാണ്. 85 വയസ്സിനു മുകളിൽ 82 ലക്ഷം വോട്ടർമാരാണുള്ളത്. പത്തരലക്ഷം പോളിങ് സ്റ്റേഷനുകളുണ്ട്. 55 ലക്ഷം ഇ.വി.എമ്മുകളും 1.5 കോടി പോളിങ് ഉദ്യോഗസ്ഥരും സുരക്ഷാ ഉദ്യോഗസ്ഥരും സജ്ജമാണെന്നും തെരഞ്ഞെടുപ്പ് കമ്മീഷണർ പറഞ്ഞു.

TAGS :

Next Story