Quantcast

​'ഗുസ്തി താരങ്ങൾക്ക് നീതി ലഭിക്കണമെന്നാണ് ആ​ഗ്രഹം, പക്ഷേ നിയമനടപടികൾ പാലിച്ചേ അത് നടക്കൂ'; കേന്ദ്രമന്ത്രി

വേഗത്തിലുള്ള അന്വേഷണത്തിന് തങ്ങളെല്ലാം അനുകൂലമാണെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേർത്തു. ​

MediaOne Logo

Web Desk

  • Published:

    2 Jun 2023 1:11 PM GMT

Want Justice For Wrestlers, But After Due Process Of Law Says Anurag Thakur
X

ന്യൂഡൽഹി: പീഡനക്കേസിൽ ​ഗുസ്തി ഫെഡറേഷൻ ഓഫ് ഇന്ത്യ തലവൻ ബ്രിജ് ഭൂഷൺ സിങ്ങിനെതിരെ നടപടിയാവശ്യപ്പെട്ടുള്ള ​ഗുസ്തി താരങ്ങളുടെ സമരം ഒരു മാസം പിന്നിട്ടിരിക്കെ പ്രതികരണവുമായി കേന്ദ്ര കായികമന്ത്രി അനുരാ​ഗ് താക്കൂർ. ഗുസ്തിക്കാർക്ക് നീതി ലഭിക്കണമെന്നാണ് എല്ലാവരും ആഗ്രഹിക്കുന്നതെന്നും എന്നാൽ നിയമനടപടികൾ പാലിച്ചേ അത് നടക്കൂവെന്നും കേന്ദ്ര മന്ത്രി പറഞ്ഞു.

"സർക്കാർ പക്ഷപാതരഹിതമായ അന്വേഷണത്തെ അനുകൂലിക്കുന്നു. നീതി ലഭിക്കണമെന്ന് നാമെല്ലാവരും ആഗ്രഹിക്കുന്നു. പക്ഷേ നടപടിക്രമങ്ങൾ പാലിച്ചതിനു ശേഷം മാത്രം അത് സംഭവിക്കും‌"- ടൈംസ് നെറ്റ്‌വർക്ക് സംഘടിപ്പിച്ച ഇന്ത്യ ഇക്കണോമിക് കോൺക്ലേവിൽ സംസാരിക്കവെ താക്കൂർ പറഞ്ഞു.

ബിജെപി എംപി കൂടിയായ സിങ്ങിനെതിരായ ആരോപണങ്ങളിൽ സർക്കാർ നിയോഗിച്ച സമിതി റിപ്പോർട്ട് സമർപ്പിച്ചതിന് ശേഷം ഫയൽ ചെയ്ത കേസ് ഡൽഹി പൊലീസ് അന്വേഷിക്കുകയാണെന്നും താക്കൂർ അവകാശപ്പെട്ടു. ഇവിടെ പക്ഷപാതിത്വത്തിന്റെ പ്രശ്‌നമില്ലെന്നും കേന്ദ്രം ഭരിക്കുന്ന പാർട്ടിയുടെ എംപിയായതിനാലാണ് നടപടി വൈകുന്നതെന്ന ആരോപണങ്ങളോട് കേന്ദ്രമന്ത്രി പ്രതികരിച്ചു.

കേസിൽ ഡൽഹി പൊലീസ് ഉടൻ കുറ്റപത്രം സമർപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. വേഗത്തിലുള്ള അന്വേഷണത്തിന് തങ്ങളെല്ലാം അനുകൂലമാണെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേർത്തു. ​അതേസമയം, പുതിയ പാർലമെന്റിലേക്ക് അതിന്റെ ഉദ്ഘാടന ദിവസം പ്രതിഷേധ മാർച്ച് നടത്തിയ ഗുസ്തി താരങ്ങളെ ഡൽഹി പൊലീസ് കൈയേറ്റം ചെയ്തതും ക്രൂരമായി മർദിച്ചതും വൻ പ്രതിഷേധത്തിനും വിമർശനത്തിനും ഇടയാക്കിയിരുന്നു.

ഇതിനിടെ, ഗുസ്തി താരങ്ങളുടെ പ്രതിഷേധത്തിൽ തുടർനടപടികൾ ശക്തമാക്കാനൊരുങ്ങിയിരിക്കുകയാണ് കർഷക സംഘടനകൾ. ഹരിയാനയിൽ ചേർന്ന ഖാപ് യോഗത്തിന് ശേഷമാണ് തീരുമാനം. വരുംദിവസങ്ങളിൽ രാജ്യവ്യാപക പ്രതിഷേധം നടത്താനാണ് തീരുമാനം.

ബ്രിജ് ഭൂഷണെ അറസ്റ്റ് ചെയ്യാനായി ഒരാഴ്ച കൂടി സമയം അനുവദിക്കുകയാണെന്ന് രാകേഷ് ടിക്കായത്ത് യോഗത്തിന് ശേഷം മാധ്യമങ്ങളോട് പറഞ്ഞു. ഈ മാസം ഒൻപത് വരെയാണ് സമയം. അറസ്റ്റിൽ കുറഞ്ഞതൊന്നും സ്വീകാര്യമല്ല. അറസ്റ്റ് ഉണ്ടായില്ലെങ്കിൽ തുടർസമരം ഖാപ് പഞ്ചായത്ത് ശക്തമാക്കുമെന്നും അദ്ദേഹം അറിയിച്ചു.

ബ്രിജ് ഭൂഷൺ അയോധ്യയിൽ നടത്താനിരുന്ന റാലി മാറ്റിവെച്ചതിന് പിന്നാലെയാണ് ഖാപ് പഞ്ചായത്ത് സമയം നീട്ടിനൽകിയിരിക്കുന്നത്. ജൂൺ അഞ്ച് വരെ സമരം നടത്താനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. പ്രതിനിധികൾ വഴി വിഷയം നേരിട്ട് കേന്ദ്രസർക്കാരിനെ അറിയിക്കാനും യോഗത്തിൽ തീരുമാനമായിട്ടുണ്ട്. കൂടാതെ, രാഷ്ട്രപതിയെ കാണുന്നതിന് പത്തംഗ സമിതി രൂപീകരിക്കുമെന്നും അറിയിച്ചിട്ടുണ്ട്.

ഒൻപതിന് മുൻപ് ബ്രിജ് ഭൂഷണെ അറസ്റ്റ് ചെയ്‌തില്ലെങ്കിൽ ഖാപ് അംഗങ്ങൾ മുൻകൈയെടുത്ത് ഗുസ്‌തി താരങ്ങളെ ജന്തർ മന്ദറിലെ സമരഭൂമിയിൽ എത്തിക്കും. ശേഷമുള്ള സമരം ഖാപ് ഏറ്റെടുക്കുമെന്നും മുന്നറിയിപ്പുണ്ട്. ഒൻപതിന് ശേഷം അനുകൂല നടപടിയുണ്ടായില്ലെങ്കിൽ പ്രധാനമന്ത്രിയുടെ മണ്ഡലമായ വാരണാസിയിൽ മഹാപഞ്ചായത്ത് നടത്തും.

തുടർന്ന് രാജ്യമൊട്ടാകെ സമരം വ്യാപിപ്പിക്കുമെന്നും രാകേഷ് ടിക്കായത്ത് അറിയിച്ചു. ഹരിയാന, രാജസ്ഥാൻ, പഞ്ചാബ്, ഉത്തർപ്രദേശ്, ഡൽഹി, ഹിമാചൽ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ള അൻപതോളം പ്രതിനിധികളാണ് ഇന്ന് നടന്ന ഖാപ് പഞ്ചായത്തിൽ പങ്കെടുത്തത്. യോഗത്തിലെ തീരുമാനങ്ങൾ പ്രതിനിധികൾ അംഗീകരിക്കുകയും ചെയ്തിട്ടുണ്ട്.

TAGS :

Next Story