Quantcast

'എല്ലാവരും സുരക്ഷിതരായിരിക്കുക'; ചെന്നൈയിലെ പ്രളയബാധിതർക്ക് പിന്തുണയുമായി ഡേവിഡ് വാർണർ

ചെന്നൈയിൽ മഴക്കെടുതികളിൽ എട്ട് പേർ മരിച്ചതായാണ് റിപ്പോർട്ട്

MediaOne Logo

Web Desk

  • Published:

    5 Dec 2023 4:37 PM GMT

Australian cricketer David Warner has come out in support of the residents of Chennai affected by Cyclone Migjaum and floods.
X

ചെന്നൈ: മിഗ്ജൗം തീവ്രചുഴലിക്കാറ്റിലും പ്രളയത്തിലും പെട്ട ചെന്നൈ നിവാസികൾക്ക് പിന്തുണയുമായി ആസ്‌ത്രേലിയൻ ക്രിക്കറ്റർ ഡേവിഡ് വാർണർ. ഐപിഎല്ലിൽ സജീവമായ താരം ഇൻസ്റ്റഗ്രാമിലൂടെയാണ് പിന്തുണ അറിയിച്ചത്.

'ചെന്നൈയിലെ പല പ്രദേശങ്ങളെയും ബാധിച്ചുകൊണ്ടിരിക്കുന്ന വെള്ളപ്പൊക്കത്തിൽ ഞാൻ അതീവ ഉത്കണ്ഠാകുലനാണ്. ഈ പ്രകൃതിദുരന്തത്തിൽ അകപ്പെട്ട എല്ലാവരോടുമൊപ്പം എന്റെ ചിന്തയുണ്ട്. എല്ലാവരും സുരക്ഷിതരായിരിക്കേണ്ടത് പ്രധാനമാണ്, ആവശ്യമെങ്കിൽ ഉയർന്ന പ്രദേശങ്ങൾ തേടുക. നിങ്ങൾക്ക് കഴിയുമെങ്കിൽ, ദുരിതാശ്വാസ പ്രവർത്തനങ്ങളെ പിന്തുണയ്ക്കുന്നതോ ആവശ്യമുള്ളവർക്ക് സഹായം നൽകുന്നതോ പരിഗണിക്കുക. നമുക്ക് കഴിയുന്ന രീതിയിൽ പിന്തുണയ്ക്കാം' ഇൻസ്റ്റഗ്രാമിൽ പ്രളയവീഡിയോ സഹിതം മുൻ ഓസീസ് നായകൻ കുറിച്ചു.


മിഗ്ജൗം ചുഴലിക്കാറ്റ് നീങ്ങിയതോടെ ചെന്നൈയിൽ മഴയ്ക്ക് നേരിയ ആശ്വാസമുണ്ട്. കഴിഞ്ഞ എട്ട് മണിക്കൂറായി മഴ പെയ്യുന്നില്ല. എന്നാൽ നഗരത്തിൽ മിക്കയിടത്തും വെള്ളക്കെട്ടും ദുരിതവും തുടരുകയാണ്. മഴക്കെടുതികളിൽ എട്ട് പേർ മരിച്ചതായാണ് റിപ്പോർട്ട്. മഴയ്ക്ക് ശമനമുണ്ടായതോടെ ചെന്നൈ മെട്രോ സർവീസും വ്യോമ ഗതാഗതവും പുനഃസ്ഥാപിച്ചു.

അതിനിടെ, മിഗ്ജൗം ചുഴലിക്കാറ്റ് കര തൊട്ടതോടെ ആന്ധാപ്രദേശിൽ മഴ ശക്തമായിരിക്കുകയാണ്. നെല്ലൂരിനും മച്ചലിപട്ടണത്തിനും ഇടയിലാണ് കാറ്റ് കര തൊട്ടത്. സംസ്ഥാനത്ത് എട്ട് ജില്ലകളിൽ റെഡ് അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. തിരുപ്പതി, നെല്ലൂർ, പ്രകാശം, കൃഷ്ണ, വെസ്റ്റ് ഗോദാവരി, കോനസീമ, കാകിനാഡ എന്നീ ജില്ലകളിലാണ് റെഡ് അലർട്ട്.

ആന്ധ്ര തീരത്ത് കടൽക്ഷോഭം രൂക്ഷമാണ്. തിരമാലകൾ ആറടി വരെ ഉയരത്തിൽ വീശുമെന്നാണ് മുന്നറിയിപ്പ്. ചുഴലിക്കാറ്റിനെ തുടർന്ന് ആന്ധ്ര വഴിയുള്ള കൂടുതൽ ട്രെയിനുകൾ റദ്ദാക്കി. സംസ്ഥാനത്ത് ഇന്ന് മുഴുവൻ കനത്ത മഴ തുടരുമെന്നാണ് അറിയിപ്പ്. നാളെ ഒറ്റപ്പെട്ടയിടങ്ങളിലും മഴയുണ്ടാകും. വിവിധയിടങ്ങളിലായി രക്ഷാപ്രവർത്തനത്തിന് 29 എൻഡിആർഎഫ് യൂണിറ്റുകളെ വിന്യസിച്ചിട്ടുണ്ട്.

ചുഴലിക്കാറ്റ് ജനജീവിതം താറുമാറാക്കിയ സാഹചര്യത്തിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് ആവശ്യമായ എല്ലാ നടപടികളും യുദ്ധകാലാടിസ്ഥാനത്തിൽ സർക്കാർ സ്വീകരിക്കുന്നതായി തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ തിങ്കളാഴ്ച അറിയിച്ചിരുന്നു. മഴ ബാധിത പ്രദേശങ്ങളിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഉടനടി നടപ്പിലാക്കി വരികയാണെന്നും പ്രതിരോധ സംവിധാനമെന്ന നിലയിൽ പൊലീസ്, ഫയർ, റെസ്‌ക്യൂ തുടങ്ങി വിവിധ വകുപ്പ് ഉദ്യോഗസ്ഥരെ വൻതോതിൽ വിന്യസിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. വൈദ്യുതി മന്ത്രി തങ്കം തെന്നരസുവിൻറെ മേൽനോട്ടത്തിൽ 8,590 വൈദ്യുതി ബോർഡ് ഉദ്യോഗസ്ഥർ ദുരിത ബാധിത ജില്ലകളിലെ വൈദ്യുതി പുനഃസ്ഥാപിക്കുന്ന ജോലികളിൽ ഏർപ്പെട്ടിരിക്കുകയാണെന്ന് സ്റ്റാലിൻ കൂട്ടിച്ചേർത്തു.

താഴ്ന്ന പ്രദേശങ്ങളിലെ താമസക്കാരെ സഹായിക്കാൻ, രക്ഷാപ്രവർത്തനത്തിന് 350 ബോട്ടുകൾ ഒരുക്കിയിട്ടുണ്ടെന്നും മഴ മൂലമുള്ള രോഗങ്ങൾ പടരുന്നത് തടയാനും ചികിത്സ നൽകാനും 4,320 ഡോക്ടർമാരെയും നിയോഗിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

തമിഴ്നാട് സർക്കാർ എട്ടിടങ്ങളിലായ ആകെ 236 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്ന് 9,634 പേർക്ക് ഭക്ഷണവും വെള്ളവും മറ്റ് അടിസ്ഥാന സൗകര്യങ്ങളും നൽകിയിട്ടുണ്ട്. ചുഴലിക്കാറ്റ് ഉയർത്തുന്ന വെല്ലുവിളികളെ നേരിടാൻ റെയിൽവേ മന്ത്രാലയം ചെന്നൈയിൽ എമർജൻസി കൺട്രോൾ സെല്ലും ഡൽഹിയിലെ റെയിൽ ഭവനിൽ വാർ റൂമും സ്ഥാപിച്ചിട്ടുണ്ട്.

TAGS :

Next Story