പള്ളി പൊളിച്ചത് കേന്ദ്രസർക്കാരിന്റെ കീഴിലുള്ള ഡി.ഡി.എ; ഡല്‍ഹി സര്‍ക്കാറിന് യാതൊരു പങ്കുമില്ലെന്ന് കെജ്‍രിവാള്‍
അനധികൃത സ്ഥലത്ത് കൈയ്യറി നിർമിച്ചുവെന്ന് ആരോപിച്ചാണ് ബ്ലോക്ക് ഡെവലപ്പ്മെന്റ് അധികൃതർ ഡൽഹി അന്ധേരിയാ മോഡിലെ ലിറ്റിൽ ഫ്ലവർ പള്ളി കഴിഞ്ഞ ദിവസം പൊളിച്ചു നീക്കിയത്
ഡൽഹി അന്ധേരിയ മോഡിലെ ലിറ്റിൽ ഫ്ലവർ പള്ളി പൊളിച്ചു നീക്കിയ സംഭവത്തിൽ നീതി ഉറപ്പുവരുത്തുമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. കേന്ദ്രസർക്കാരിന്റെ കീഴിലുള്ള ദില്ലി വികസന അതോറിറ്റിയാണ് നടപടി സ്വീകരിച്ചത്. "പൊളിച്ചുമാറ്റിയത് ദില്ലി വികസന അതോറിറ്റി(ഡി.ഡി.എ)യാണെന്നാണ് എന്നോട് ആദ്യം അറിയിച്ചത്. ഡി.ഡി.എ കേന്ദ്രസർക്കാരിന്റെ കീഴിലാണ്, ഡൽഹി സർക്കാരിന് ഡി.ഡി.എക്ക് മേൽ യാതൊരു നിയന്ത്രണമില്ല," കെജ്‌രിവാൾ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
"ഡി.ഡി.എ ഒരുപക്ഷേ ഹൈക്കോടതിയെ സമീപിച്ചിരിക്കാം, ഹൈക്കോടതി ഉത്തരവ് നൽകിയതിനെ തുടര്‍ന്ന് ഡി.ഡി.എ നടപടിയെടുത്തു," ഈ വിഷയത്തിൽ മറ്റൊരു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.
അനധികൃത സ്ഥലത്ത് കൈയ്യറി നിർമിച്ചുവെന്ന് ആരോപിച്ചാണ് ബ്ലോക്ക് ഡെവലപ്പ്മെന്റ് അധികൃതർ ഡൽഹി അന്ധേരിയാ മോഡിലെ ലിറ്റിൽ ഫ്ലവർ പള്ളി കഴിഞ്ഞ ദിവസം പൊളിച്ചു നീക്കിയത്. വിശ്വാസികളുടെ എതിർപ്പ് അവഗണിച്ചായിരുന്നു നടപടി. ഗ്രാമസഭയുടെ സ്ഥലത്ത് അനധികൃതമായി നിർമിച്ചുവെന്നാണ് നടപടിക്ക് കാരണമായി പറയുന്നത്. എന്നാൽ, സ്ഥലം സംബന്ധിച്ച രേഖകൾ കൈവശമുണ്ടെന്നും ഒഴിപ്പിക്കൽ പാടില്ലെന്ന് ഹൈകോടതി ഉത്തരവുണ്ടെന്നും ചർച്ചുമായി ബന്ധപ്പെട്ടവർ പറഞ്ഞു.
തിങ്കളാഴ്ച രാവിലെ 10ന് മൂന്ന് മണ്ണുമാന്തിയുമായെത്തിയ ഉദ്യോഗസ്ഥ-പൊലീസ് സംഘം മുന്നറിയിപ്പൊന്നും നൽകാതെ നടപടികൾ ആരംഭിക്കുകയായിരുന്നെന്ന് ഇടവകയിലുള്ളവർ പറഞ്ഞു. അനുബന്ധ കെട്ടിടം പൊളിക്കുമെന്നായിരുന്നു ആദ്യം അറിയിച്ചതെങ്കിലും പിന്നീട് പള്ളിയുടെ പ്രധാന ഭാഗങ്ങളും ഇടിച്ചുനീക്കിയെന്നും അവർ വ്യക്തമാക്കി. ചർച്ചിന്‍റെ ഒന്നാംനില പൂർണമായും താഴത്തെ നിലയുടെ ഒരുഭാഗവുമാണ് പൊളിച്ചത്. ഗ്രാമസഭ ഭൂമി കൈയേറി നിർമിച്ച ഭാഗമാണ് പൊളിച്ചതെന്ന് ദക്ഷിണ ഡൽഹി ജില്ല മജിസ്‌ട്രേറ്റ് അങ്കിത ചക്രവർത്തി പറഞ്ഞു.
എന്നാൽ, പള്ളി പൊളിക്കില്ലെന്ന് അധികൃതർ ഉറപ്പുനൽകിയിരുന്നതായി ഇടവക വികാരി ഫാ. ജോസ് പറഞ്ഞു: ''കഴിഞ്ഞ 14 വർഷമായി പള്ളി ഇവിടെ സ്ഥിതി ചെയ്യുന്നു. ഡോ. അംബേദ്കർ കോളനിയിലെ 460 കുടുംബങ്ങളുടെ പ്രാർഥനാലയമാണിത്. അഞ്ഞൂറോളം കുട്ടികൾ ഇവിടെ പഠിക്കുന്നു. ഷെഡ് മാത്രം പൊളിക്കുമെന്നാണ് അറിയിച്ചത്. ചർച്ച് പൊളിച്ചുമാറ്റുന്നതുമായി ബന്ധപ്പെട്ട് ഞങ്ങൾക്ക് മുൻകൂട്ടി അറിയിപ്പ് ലഭിച്ചിരുന്നില്ല'' -അദ്ദേഹം വ്യക്തമാക്കി.
2015 ലെ ഡൽഹി ഹൈക്കോടതി ഉത്തരവ് പ്രകാരമാണ് നടപടിയെന്ന് ജില്ല മജിസ്‌ട്രേറ്റ് പ്രസ്താവനയിൽ പറഞ്ഞു. ചർച്ച് അധികൃതർ ദേശീയ മനുഷ്യാവകാശ കമ്മീഷനെ (എൻഎച്ച്ആർസി) സമീപിച്ചിരുന്നെങ്കിലും ഫലമുണ്ടായില്ല. കൈയേറ്റക്കാർക്ക് നോട്ടീസ് നൽകിയ ശേഷമാണ് നടപടി കൈക്കൊണ്ടതെന്ന് മജിസ്‌ട്രേറ്റ് പറഞ്ഞു.
Adjust Story Font
16