എങ്ങനെയുണ്ടെന്ന് സ്മൃതി ഇറാനി, അടിപൊളിയെന്ന് മലയാളി വിദ്യാർത്ഥികൾ; യുക്രൈൻ വിമാനത്തിൽ നിന്നുള്ള വീഡിയോ
ഓപ്പറേഷൻ ഗംഗയുടെ ഭാഗമായി കൂടുതൽ വിമാനങ്ങൾ ഇന്നെത്തും.
ന്യൂഡൽഹി: യുക്രൈനിൽ നിന്നുള്ള ഇന്ത്യൻ വിദ്യാർത്ഥികളെ നാലു ഭാഷയിൽ സ്വാഗതം ചെയ്ത് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. വിമാനത്തിൽ വച്ചാണ് ഇവർ വിദ്യാർത്ഥികളുമായി സംസാരിച്ചത്. മലയാളി വിദ്യാർത്ഥികളോട് എങ്ങനെയുണ്ട് എന്നായിരുന്നു അവരുടെ ചോദ്യം. അടിപൊളിയെന്ന് കുട്ടികൾ ഉത്തരം നൽകുകയും ചെയ്തു. ഇൻഡിഗോ എയർലൈൻസിൽ നിന്നുള്ളതാണ് ദൃശ്യങ്ങൾ.
പിന്നീട് ബംഗാൾ, ഗുജറാത്ത്, മഹാരാഷ്ട്ര സംസ്ഥാനങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളെയും അവർ അവരുടെ ഭാഷയിൽ സ്വാഗതം ചെയ്തു. ഓപറേഷൻ ഗംഗ എന്നു പേരിട്ട പ്രത്യേക ഒഴിപ്പിക്കൽ ദൗത്യത്തില്‍ നിരവധി വിദ്യാർത്ഥികളാണ് ഇതുവരെ യുക്രൈനിൽ നിന്ന് ഇന്ത്യയിൽ തിരിച്ചെത്തിയത്. കേന്ദ്രമന്ത്രിമാരുടെ നേതൃത്വത്തിലാണ് ഇവരെ സ്വീകരിക്കുന്നത്.
ഇതുവരെ എത്തിയത് 11 വിമാനങ്ങൾ
ബുധനാഴ്ച രാവിലെ വരെ ഓപ്പറേഷൻ ഗംഗയുടെ ഭാഗമായുള്ള പതിനൊന്നു വിമാനമാണ് ഡൽഹിയിൽ ലാൻഡ് ചെയ്തത്. ബുക്കാറസ്റ്റിൽ നിന്നുള്ള വിമാനമാണ് ഡൽഹിയിലെത്തിയത്. 269 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. ഇന്ത്യയിൽ നിന്ന് 6 വിമാനങ്ങളാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രക്ഷാദൗത്യത്തിനായി പുറപ്പെട്ടത്. 1377 ഇന്ത്യക്കാരെ തിരിച്ചെത്തിക്കുകയാണ് ലക്ഷ്യമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. അതേ സമയം ഷെഹിനി അതിർത്തി വഴി പോളണ്ടിലേക്ക് കടക്കുന്നത് ഇന്ത്യക്കാർ ഒഴിവാക്കണം എന്ന് എംബസി അറിയിച്ചു.
ഓപ്പറേഷൻ ഗംഗയുടെ ഭാഗമായി കൂടുതൽ വിമാനങ്ങൾ ഇന്നെത്തും. ബുക്കാറസ്റ്റിനും ബുഡാപെസ്റ്റിനും പുറമെ സ്ലൊവാക്യ, റഷ്യ വഴിയുള്ള രക്ഷാപ്രവർത്തനം സാധ്യമാക്കാൻ ആണ് ശ്രമം തുടരുന്നത്. അതെ സമയം രക്ഷാ പ്രവർത്തനത്തിനായി കൂടുതൽ വിമാനങ്ങളും ഇന്ന് മുതൽ രംഗത്തുണ്ട്. എയർ ഇന്ത്യക്ക് പുറമെ ഇൻഡിഗോ, സ്‌പൈസ് ജെറ്റ് എന്നീ കമ്പനികളും രക്ഷാ ദൗത്യത്തിൻറെ ഭാഗമായിട്ടുണ്ട്. നിലവിൽ രക്ഷാ പ്രവർത്തനം നടക്കുന്ന ഹംഗറി, റുമേനിയ എന്നീ രാജ്യങ്ങൾക്ക് പുറമെ പോളണ്ട്, സ്ലൊവാക്യ എന്നീ രാജ്യങ്ങളിൽ നിന്നും രക്ഷാ പ്രവർത്തനത്തിൻറെ ഭാഗമായുള്ള വിമാനങ്ങൾ എത്തിത്തുടങ്ങും. ഇന്ത്യൻ വ്യോമസേനകൂടി ഓപ്പറേഷൻ ഗംഗയുടെ ഭാഗമാകുന്നതോടെ രക്ഷാ പ്രവർത്തനത്തിന് കൂടുതൽ കരുത്ത് ലഭിക്കും.
Summary| Union Minister Smriti Irani has welcomed Indian students from Ukraine in four languages. They spoke to the students on the plane.
Adjust Story Font
16