യമുനയില്‍ ജലനിരപ്പ് താഴുന്നു; പ്രളയത്തിനിടെ ഡല്‍ഹിക്ക് ആശ്വാസവാര്‍ത്ത
207.7 അടിയിലേക്ക് ജലനിരപ്പ് താഴ്ന്നാൽ രാജ്യതലസ്ഥാനത്തെ ജലശുദ്ധീകരണ പ്ലാൻ്റുകൾ തുറക്കാൻ സർക്കാർ നിർദേശിച്ചിട്ടുണ്ട്
ന്യൂഡല്‍ഹി: ഡൽഹിയിലെ പ്രളയത്തിന് കാരണമായ യമുനാ നദിയിലെ ജലനിരപ്പ് താഴുന്നു. 207.7 അടിയിലേക്ക് ജലനിരപ്പ് താഴ്ന്നാൽ രാജ്യതലസ്ഥാനത്തെ ജലശുദ്ധീകരണ പ്ലാൻ്റുകൾ തുറക്കാൻ സർക്കാർ നിർദേശിച്ചിട്ടുണ്ട്. നദിയിൽ ജലനിരപ്പ് താഴ്ന്നാലും നദീതീരത്തുനിന്ന് വെള്ളമിറങ്ങാൻ സമയമെടുക്കും.
ഇന്നലെ രാത്രി 208.02 അടിയായിരുന്ന യമുനയിലെ ജലനിരപ്പ് രാവിലെ പത്ത് മണിയോടെ 207.65 അടിയായി കുറയുമെന്നാണ് കേന്ദ്ര ജല കമ്മീഷൻ അറിയിച്ചത്. ജലനിരപ്പ് 207.7 അടിയിലും കുറഞ്ഞാൽ വസീറാബാദ്, ചന്ദ്രവാൾ എന്നിവിടങ്ങളിലെ ജലശുദ്ധീകരണ ശാലകൾ തുറക്കാം എന്നാണ് ഡൽഹി സർക്കാർ അറിയിച്ചിരിക്കുന്നത്. ഐ.ടി.ഒയിലെ ഡ്രൈനേജ് സംവിധാനത്തിൻ്റെ തകരാറ് ഇന്നലെ രാത്രിയോടെ സൈന്യത്തിൻ്റെ എഞ്ചിനീയറിംഗ് വിഭാഗം പരിഹരിച്ചു.
നഗര മേഖലയിലെ വെള്ളം ഇന്ന് ഇറങ്ങിത്തുടങ്ങുമെങ്കിലും ജനജീവിതം സാധാരണ നിലയിലാകാന്‍ ഇനിയും സമയമെടുക്കും. ഡൽഹി ഉൾപ്പെടെയുള്ള വിവിധ സംസ്ഥാനങ്ങളിൽ ഇന്ന് മഴയുണ്ടാകുമെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിൻ്റെ പ്രവചനം. ഹിമാചൽപ്രദേശിൽ മഴ ശക്തമായാൽ യമുനയിൽ വീണ്ടും ജലനിരപ്പ് ഉയർന്നേക്കും. ഹരിയാനയിലെ ഹത്നി കുണ്ഡ് ബാരേജിൽനിന്ന് വെള്ളം തുറന്നുവിട്ടത് സംബന്ധിച്ച ആംആദ്മി പാർട്ടി- ബി.ജെ.പി വാക്പോരും രൂക്ഷമായിട്ടുണ്ട്.
ഡൽഹിയിലേക്ക് മാത്രമുള്ള ഷട്ടറുകൾ തുറന്നു വെള്ളം ഒഴുക്കുന്ന ദൃശ്യങ്ങൾ ആംആദ്മി പാർട്ടി ഇന്നലെ പുറത്തുവിട്ടിരുന്നു. എന്നാൽ, ഡ്രെയിനേജ് സംവിധാനങ്ങളുടെ തകരാറ് കൃത്യസമയത്ത് പരിഹരിക്കാതെ ഡൽഹി സർക്കാർ പ്രളയം സൃഷ്ടിച്ചുവെന്നാണ് ബി.ജെ.പി ആരോപണം.
Summary: Relief news amid floods as water level in Yamuna on decline in Delhi
Adjust Story Font
16