വിദ്യാഭ്യാസരംഗം കാവിവൽക്കരിക്കുന്നതിൽ എന്താണ് പ്രശ്‌നം? - ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു
''ലോകാ സമസ്താ സുഖിനോ ഭവന്തുവും വസുദൈവ കുടുംബകവുമെല്ലാം നമ്മുടെ പുരാതന വേദഗ്രന്ഥങ്ങളിലെ തത്വശാസ്ത്രങ്ങളാണ്. ഇപ്പോഴും രാജ്യത്തിന്റെ വിദേശനയങ്ങളുടെ മാർഗദർശകതത്വങ്ങളാണ് അവ...'' -ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു
കൊളോനിയൽ മനോഭാവം ഉപേക്ഷിച്ച് സ്വന്തം സ്വത്വത്തിൽ അഭിമാനം കൊള്ളാൻ ഇന്ത്യക്കാർ തയാറാകണമെന്ന് ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡു. വിദേശഭാഷ പഠനമാധ്യമമാക്കുക വഴി വിദ്യാഭ്യാസം ഉയർന്ന വിഭാഗത്തിനു മാത്രം പ്രാപ്യമാക്കിയ മക്കോളൈ സംവിധാനം സമ്പൂർണമായി തള്ളിക്കളയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വിദ്യാഭ്യാസത്തെ കാവിവൽക്കരിക്കുന്നതിൽ എന്താണ് പ്രശ്‌നമെന്നും അദ്ദേഹം ചോദിച്ചു.
ഉത്തരാഖണ്ഡിലെ ഹരിദ്വാറിലുള്ള ദേവ് സംസ്‌കൃതി വിശ്വവിദ്യാലയയിൽ സൗത്ത് ഏഷ്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പീസ് ആൻഡ് റീകൺസിലിയേഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു വെങ്കയ്യ നായിഡു. ''നൂറ്റാണ്ടുകളായുള്ള കൊളോനിയൽ ഭരണം നമ്മളെ സ്വയം മോശക്കാരായി കാണാനാണ് പഠിപ്പിച്ചത്. നമ്മുടെ സംസ്‌കാരത്തെയും പാരമ്പര്യമായ വിവേകത്തെയും പുച്ഛത്തോടെ കാണാനും നമ്മെ പഠിപ്പിച്ചു. സ്വന്തം പൈതൃകത്തിലും സംസ്‌കാരത്തിലും മുൻഗാമികളിലുമെല്ലാം അഭിമാനമുള്ളവരാകണം നമ്മൾ. കൊളോനിയൻ മനോഭാവം മാറ്റി ഇന്ത്യൻ സ്വത്വത്തിൽ അഭിമാനിക്കാൻ നമ്മുടെ കുട്ടികളെ പഠിപ്പിക്കണം.''-അദ്ദേഹം ആവശ്യപ്പെട്ടു.
സാധ്യമായത്രയും ഇന്ത്യൻ ഭാഷകൾ പഠിക്കണം. നമ്മുടെ മാതൃഭാഷയെ സ്‌നേഹിക്കണം. അറിവിന്റെ യഥാർത്ഥ നിധിശേഖരങ്ങളായ വേദങ്ങൾ അറിയാൻ നിർബന്ധമായും സംസ്‌കൃത ഭാഷ പഠിക്കണം. വിദ്യാഭ്യാസ സംവിധാനത്തിന്റെ ഇന്ത്യൻവൽക്കരണമാണ് രാജ്യത്തിന്റെ പുതിയ വിദ്യാഭ്യാസനയത്തിന്റെ കേന്ദ്രതത്വം. ഇതിന്റെ പേരിൽ വിദ്യാഭ്യാസത്തെ കാവിവൽക്കരിക്കുന്നുവെന്നാണ് നമ്മൾക്കെതിരായ ആരോപണം. എന്നാൽ, കാവിക്കെന്താണ് പ്രശ്‌നം? ലോകാസമസ്താ സുഖിനോ ഭവന്തുവും വസുദൈവ കുടുംബകവുമെല്ലാം നമ്മുടെ പുരാതന വേദഗ്രന്ഥങ്ങളിൽ ഉള്ളടങ്ങിയിട്ടുള്ള തത്വശാസ്ത്രങ്ങളാണ്. ഇപ്പോഴും രാജ്യത്തിന്റെ വിദേശനയങ്ങളുടെ മാർഗദർശകതത്വങ്ങളാണ് അവ-വെങ്കയ്യ നായിഡു കൂട്ടിച്ചേർത്തു.
ഓരോ നാട്ടിലെയും മാതൃഭാഷയിൽ ഗാഡ്ജറ്റുകളുടെ നോട്ടിഫിക്കേഷൻ ലഭിക്കുന്ന ഒരു കാലമാണ് താൻ കാത്തിരിക്കുന്നതെന്നും വെങ്കയ്യ നായിഡു പറഞ്ഞു. ലോകത്തിന്റെ നാനാഭാഗങ്ങളിൽനിന്നുള്ള ആളുകൾ നമ്മുടെ പുരാതന സർവകലാശാലകളായ നളന്ദയിലും തക്ഷശിലയിലും വന്നുപഠിച്ച ഒരു കാലമുണ്ടായിരുന്നു. അവയുടെ നല്ല കാലത്തും നമ്മൾ ലോകസമാധാനത്തിൽ ഉറച്ചുവിശ്വസിച്ചതിനാൽ ആരെയും ആക്രമിക്കുന്നതിനെക്കുറിച്ച് നമ്മൾ ഒരിക്കലും ചിന്തിച്ചുപോലുമില്ലെന്നും ഉപരാഷ്ട്രപതി കൂട്ടിച്ചേർത്തു.
Summary: "We are accused Of Saffronising Education, What Is Wrong With It", says Vice President of India M Venkaiah Naidu
Adjust Story Font
16