'ഒറ്റ മുസ്‌ലിം വോട്ട് പോലും ഞങ്ങൾക്ക് വേണ്ട'; വിവാദ പ്രസ്താവനയുമായി കർണാടകയിലെ ബി.ജെ.പി നേതാവ് ഈശ്വരപ്പ
മുസ്‌ലിംകൾക്ക് ധാരാളം സഹായം ചെയ്തിട്ടും അവർ വോട്ട് ചെയ്യുന്നില്ല. പ്രതിപക്ഷം രാജ്യത്തെ വിഭജിക്കാനാണ് ശ്രമിക്കുന്നതെന്നും ഈശ്വരപ്പ ആരോപിച്ചു.
ബംഗളൂരു: മുസ്‌ലിം വിരുദ്ധ വിദ്വേഷ പ്രസ്താവനയുമായി കർണാടകയിലെ ബി.ജെ.പി നേതാവ് കെ.എസ് ഈശ്വരപ്പ. വരാനിരിക്കുന്ന കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ ഒരു മുസ്‌ലിം വോട്ട് പോലും തങ്ങൾക്ക് വേണ്ടെന്ന് ഈശ്വരപ്പ പറഞ്ഞു. അതേസമയം ദേശീയവാദികളായ മുസ്‌ലിംകൾ ബി.ജെ.പിക്ക് വോട്ട് ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
''ഒരൊറ്റ മുസ്‌ലിം വോട്ട് പോലും ഞങ്ങൾക്ക് വേണ്ട. അവർക്ക് പ്രശ്‌നങ്ങളുണ്ടായപ്പോൾ നമ്മൾ ധാരാളം സഹായം ചെയ്തു. എന്നാൽ അവർ ഞങ്ങൾക്ക് വോട്ട് ചെയ്തില്ല''-ശിവമൊഗ്ഗയിൽ നടന്ന ലിംഗായത്ത് യോഗത്തിൽ ഈശ്വരപ്പ പറഞ്ഞു.
ലിംഗായത്ത് സമുദായാംഗവും മുതിർന്ന നേതാവുമായ യെദ്യൂരപ്പ മാതൃകായോഗ്യനായ നേതാവാണെന്നും ഈശ്വരപ്പ പറഞ്ഞു. രാജ്യത്തെ വിഭജിക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. ഹിന്ദുക്കളെ തരംതാണവരും മുസ്‌ലിംകളെ മേധാവിത്വമുള്ളവരുമാക്കി മാറ്റാൻ അനുവദിക്കില്ല. ജാതിയുടെ പേരിൽ ഹിന്ദുക്കളെ ഭിന്നിപ്പിക്കാനുള്ള എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടെന്നും ഈശ്വരപ്പ പറഞ്ഞു.
സംസ്ഥാന ഗ്രാമവികസന പഞ്ചായത്തീരാജ് മന്ത്രിയായിരുന്ന ഈശ്വരപ്പ 2022 ഏപ്രിലിലാണ് രാജിവെച്ചത്. ബെലഗാവിയിലെ പൊതുമരാമത്ത് ജോലികൾക്ക് ഈശ്വരപ്പ വൻ തുക കമ്മീഷൻ കൈപ്പറ്റിയെന്ന് ആരോപിച്ച് കരാറുകാരനായ സന്തോഷ് പാട്ടീൽ ആത്മഹത്യ ചെയ്തിരുന്നു. ഇതിനെ തുടർന്നായിരുന്നു രാജി. ഈ തെരഞ്ഞെടുപ്പിൽ തനിക്ക് പകരം മകനെ സ്ഥാനാർഥിയാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും കേന്ദ്ര നേതൃത്വം തള്ളിയിരുന്നു.
Adjust Story Font
16