Quantcast

കറുത്ത ബാഡ്ജണിഞ്ഞ് വഖഫ് ഭേദ​ഗതി ബില്ലിനെതിരെ പ്രതിഷേധിച്ചു; യുപിയിൽ 24 പേർക്ക് രണ്ട് ലക്ഷം വീതം ബോണ്ട് കെട്ടാൻ നോട്ടീസ്

റമദാനിലെ അവസാനത്തെ വെള്ളിയാഴ്ചയായ മാർച്ച് 28ന് പ്രതിഷേധത്തിന്റെ ഭാഗമായി വിവിധ പള്ളികളിൽ കറുത്ത ബാഡ്ജ് ധരിച്ചാണ് ആളുകൾ എത്തിയിരുന്നത്.

MediaOne Logo

Web Desk

  • Published:

    5 April 2025 11:51 AM

Wearing black badges in protest against Waqf Bill, 24 people in UP asked to furnish a bond of Rupees 2 lakh each |
X

ലഖ്‌നൗ: വഖഫ് ഭേദഗതി ബില്ലിനെതിരായ പ്രതിഷേധത്തിന്റെ ഭാഗമായി കറുത്ത ബാഡ്ജ് അണിഞ്ഞ മുസ്ലിം യുവാക്കൾക്ക് രണ്ട് ലക്ഷം രൂപ വീതം ബോണ്ട് കെട്ടാൻ ആവശ്യപ്പെട്ട് നോട്ടീസ്. ഉത്തർപ്രദേശിലെ മുസഫർനഗറിലെ 24 പേർക്കാണ് സിറ്റി മജിസ്‌ട്രേറ്റ് വികാസ് കശ്യപ് നോട്ടീസയച്ചത്. പൊലീസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

ഏപ്രിൽ 16ന് കോടതിക്ക് മുന്നിൽ ഹാജരാകണമെന്നും സമാധാനം നിലർത്തുന്നതിന് ജാമ്യത്തുകയായി രണ്ട് ലക്ഷം വീതം ബോണ്ട് കെട്ടിവയ്ക്കണമെന്നും നോട്ടീസിൽ പറയുന്നു. സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് ഇവരെ തിരിച്ചറിഞ്ഞതെന്നും തുടർന്ന് നോട്ടീസ് അയയ്ക്കുകയായിരുന്നെന്നും സിറ്റി എസ്പി സത്യനാരായണൻ പറഞ്ഞു.

റമദാനിലെ അവസാനത്തെ വെള്ളിയാഴ്ചയായ മാർച്ച് 28ന് പ്രതിഷേധത്തിന്റെ ഭാഗമായി വിവിധ പള്ളികളിൽ കറുത്ത ബാഡ്ജ് ധരിച്ചാണ് ആളുകൾ എത്തിയിരുന്നത്. ഇവർക്കെതിരെയാണ് ഇപ്പോൾ അധികൃതർ നടപടി സ്വീകരിച്ചിരിക്കുന്നത്. ഓൾ ഇന്ത്യാ മുസ്‌ലിം പേഴ്‌സനൽ ലോ ബോർഡാണ് രാജ്യവ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിരുന്നത്.

സമാധാനപരവും ജനാധിപത്യപരവുമായാണ് തങ്ങൾ പ്രതിഷേധം സംഘടിപ്പിച്ചതെന്നും പൊതുക്രമം തകർക്കുകയോ സംഘർഷം സൃഷ്ടിക്കുകയോ ചെയ്തിട്ടില്ലെന്നും നോട്ടീസ് ലഭിച്ചവർ വ്യക്തമാക്കി. ബിൽ ലോക്‌സഭയിലും രാജ്യസഭയിലും പാസായതിനു പിന്നാലെയാണ് പ്രതിഷേധക്കാർക്കെതിരെ പ്രതികാര നടപടിയുമായി യുപി പൊലീസ് രംഗത്തെത്തിയത്.

11 മണിക്കൂർ നീണ്ട ചർച്ചയ്‌ക്കൊടുവിലാണ് വഖഫ് നിയമ ഭേദ?ഗതി ബിൽ ലോക്‌സഭയിൽ പാസാക്കിയത്. ബില്ലിനെ 288 പേർ അനുകൂലിക്കുകയും 232 പേർ എതിർക്കുകയും ചെയ്തു. തുടർന്ന് കഴിഞ്ഞദിവസം രാജ്യസഭയിലും ബിൽ പാസാക്കുകയായിരുന്നു. പ്രതിപക്ഷത്തിൻറെ എതിർപ്പ് തള്ളിയാണ് രാജ്യസഭയിലും ബിൽ പാസാക്കിയത്. 128 പേർ ബില്ലിനെ അനുകൂലിക്കുകയും 95 പേർ എതിർക്കുകയും ചെയ്തു. രാഷ്ട്രപതി ഒപ്പിടുന്നതോടെ ബിൽ നിയമമാകും. കേന്ദ്രനിയമ മന്ത്രി കിരൺ റിജിജുവാണ് ബിൽ ഇരു സഭകളിലും അവതരിപ്പിച്ചത്.

ബില്ലിനെതിരെ കോൺഗ്രസ്, എഐഎംഐഎം, ആം ആദ്മി പാർട്ടി എന്നീ പാർട്ടി ജനപ്രതിനിധികൾ സുപ്രിംകോടതിയെ സമീപിച്ചിട്ടുണ്ട്. കോൺഗ്രസ് എം.പി മുഹമ്മദ് ജാവേദ്, എഐഎംഐഎം മേധാവിയും ഹൈദരാബാദ് എംപിയുമായ അസദുദ്ദീൻ ഉവൈസി, ഡൽഹിയിലെ ആപ് എംഎൽഎ അമാനത്തുല്ല ഖാൻ എന്നിവരാണ് സുപ്രിംകോടതിയിൽ ഹരജി നൽകിയത്.

ബിൽ മുസ്ലിം സമുദായത്തോടുള്ള വിവേചനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹരജി. ബിൽ മൗലികാവകാശങ്ങളുടെ ലംഘനമാണെന്നും ഹരജികളിൽ പറയുന്നു. വഖഫ് സംയുക്ത പാർലമെന്ററി കമ്മിറ്റിയിൽ അംഗമായിരുന്നു ജാവേദ്. ബില്ലിനെതിരെ കോൺഗ്രസ് സുപ്രിംകോടതിയെ സമീപിക്കുമെന്ന് നേരത്തെ ജനറൽ സെക്രട്ടറി ജയറാം രമേശ് എംപി അറിയിച്ചിരുന്നു.

TAGS :

Next Story