'ഹിജാബ് ധരിക്കുന്നത് മൗലികാവകാശം' ; ഹൈക്കോടതിയെ സമീപിച്ച് വിദ്യാർഥിനി
ഹിജാബ് ധരിച്ച് കോളേജിൽ പ്രവേശിക്കുന്നത് ഉഡുപ്പിയിലെ ഗവ.പി.യു കോളജ് വിലക്കിയതിന് ദിവസങ്ങൾക്ക് ശേഷം ഹിജാബ് ധരിക്കുന്നത് മൗലികാവകാശമാണെന്ന് പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് വിദ്യാർഥിനി കർണാടക ഹൈക്കോടതിയെ സമീപിച്ചു. ഹിജാബ് ധരിച്ചതിന് തന്നെയും മറ്റ് വനിതാ വിദ്യാർഥികളെയും കോളജിൽ പ്രവേശിക്കുന്നതിൽ നിന്നും വിലക്കിയത് വിവേചനപരമാണെന്ന് രേഷം ഫാറൂഖിയെന്ന വിദ്യാർഥിനി ഹരജിയിൽ പറഞ്ഞു.
ഹിജാബ് ധരിക്കുന്നത് ഇസ്‌ലാമിൽ അഭിവാജ്യമാണെന്നും ഇത് ഭരണഘടന ഉറപ്പ് തരുന്ന മൗലികാവകാശങ്ങളുടെ ഭാഗമാണെന്നും ഹരജിയിൽ പറയുന്നു. ഹിജാബ് ധരിച്ച് കോളജിൽ പ്രവേശിക്കുന്നതിനുള്ള വിലക്ക് തുടരുകയാണെന്ന് വിദ്യാർഥിനി പറഞ്ഞു. വിശ്വാസ സ്വാതന്ത്ര്യം ഭരണഘടന ഉറപ്പ് തരുന്നതാണെന്നും ഹിജാബ് ധരിക്കുന്നത് വിലക്കുന്ന കോളജിന്റെ നടപടി അതിന്റെ ലംഘനമാണെന്നും ഹരജിയിൽ പറയുന്നു.
തങ്ങൾ ഇസ്‌ലാം മത വിശ്വാസികളായത് കൊണ്ട് തങ്ങളെ ഒറ്റപ്പെടുത്തുകയാണ്. കോളേജിൽ പ്രവേശിക്കുന്നത് വിലക്കുന്നത് വഴി വിദ്യാഭ്യാസത്തിനുള്ള തങ്ങളുടെ മൗലികാവകാശം ലംഘിക്കപ്പെടുകയാണെന്നും വിദ്യാർഥിനി ഹരജിയിൽ പറയുന്നു. ഇത്തരം മാറ്റിനിർത്തലുകൾ തങ്ങളെ മാനസിക ആരോഗ്യത്തെ സാരമായി ബാധിക്കുന്നുണ്ടെന്നും അവർ പറഞ്ഞു.
News Summary : 'Wearing hijab is a fundamental right'; Student approaches High Court
Adjust Story Font
16