Quantcast

വീണ്ടുമൊരു ബംഗാള്‍ വിഭജനം? ബി.ജെ.പിയുടെ നീക്കമെന്ത്?

മോദിയെ നേരില്‍കണ്ട് ഉത്തര ബംഗാളിനെ വടക്കുകിഴക്കന്‍ മേഖലയുമായി കൂട്ടിച്ചേര്‍ക്കണമെന്ന ആവശ്യം ഉയര്‍ത്തിയിട്ടുണ്ടെന്ന ബംഗാള്‍ ബി.ജെ.പി അധ്യക്ഷനും കേന്ദ്രമന്ത്രിയുമായ സുകാന്ത മജുംദാറിന്‍റെ പ്രഖ്യാപനമാണു പുതിയ വിവാദങ്ങള്‍ക്കു തിരികൊളുത്തിയിരിക്കുന്നത്

MediaOne Logo

Shaheer

  • Updated:

    2024-07-26 17:37:19.0

Published:

26 July 2024 5:31 PM GMT

Why West Bengal bifurcation demand regaining momentum? Why BJP wants north Bengal to be merged with Northeast, West Bengal BJP president Sukanta Majumdar, Nishikant Dubey Bengal bifurcation remarks
X

നരേന്ദ്ര മോദിക്കൊപ്പം സുകാന്ത മജുംദാര്‍

കൊല്‍ക്കത്ത: ''പശ്ചിമ ബംഗാള്‍ വിഭജിച്ച് ഉത്തര ബംഗാളിനെ വടക്കുകിഴക്കന്‍ മേഖലയുമായി കൂട്ടിച്ചേര്‍ക്കണം, ബംഗാളിന്റെയും ജാര്‍ഖണ്ഡിന്റെയും ബിഹാറിന്റെയും ചില ഭാഗങ്ങള്‍ കൂട്ടിച്ചേര്‍ത്ത് കേന്ദ്രഭരണ പ്രദേശം രൂപീകരിക്കണം, കൂച്ച് ബിഹാര്‍ ആസ്ഥാനമായി സംസ്ഥാനം രൂപീകരിക്കണം, ഡാര്‍ജിലിങ് കേന്ദ്രമായി ഗൂര്‍ഖലാന്‍ഡ് രൂപീകരിക്കണം...''

കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി വിവിധ ബി.ജെ.പി നേതാക്കള്‍ ഉയര്‍ത്തിക്കൊണ്ടിരിക്കുന്ന വാദങ്ങളാണിവയെല്ലാം. ബംഗാള്‍ പിടിച്ചടക്കാനുള്ള ബി.ജെ.പിയുടെ പതിനെട്ടടവും പരാജയപ്പെട്ട ലോക്‌സഭാ തെരഞ്ഞെടുപ്പിനുശേഷം വീണ്ടും ഇതേ ആവശ്യങ്ങള്‍ ശക്തമാക്കിയിരിക്കുകയാണ് ബി.ജെ.പി. ഏറ്റവുമൊടുവില്‍ ബി.ജെ.പി ബംഗാള്‍ അധ്യക്ഷനും കേന്ദ്രമന്ത്രിയുമായ സുകാന്ത മജുംദാര്‍ നടത്തിയ അഭിപ്രായപ്രകടനം പുതിയ രാഷ്ട്രീയവിവാദത്തിനു തിരികൊളുത്തിയിരിക്കുകയാണ്. ജാര്‍ഖണ്ഡില്‍നിന്നുള്ള ബി.ജെ.പി എം.പി നിഷികാന്ത് ദുബെയുടെ വിഭജനാവശ്യംകൂടി വന്നതോടെ വിവാദങ്ങള്‍ക്കു പുതിയ മാനം തന്നെ കൈവന്നു. ബംഗാള്‍ വിഭജിക്കാനുള്ള ബി.ജെ.പി അജണ്ടയാണെന്നു പറഞ്ഞ് മുഖ്യമന്ത്രി മമത ബാനര്‍ജി തന്നെ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തിയിട്ടുണ്ട്.

സുകാന്തയും നിഷികാന്തും പറഞ്ഞതെന്ത്?

കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നേരില്‍കണ്ട് ഉത്തര ബംഗാളിനെ വടക്കുകിഴക്കന്‍ മേഖലയുമായി കൂട്ടിച്ചേര്‍ക്കണമെന്ന ആവശ്യം ഉയര്‍ത്തിയിട്ടുണ്ടെന്നായിരുന്നു സുകാന്ത മജുംദാര്‍ വാര്‍ത്താകുറിപ്പിലൂടെ വെളിപ്പെടുത്തിയത്. ഉത്തര ബംഗാളും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളും തമ്മിലുള്ള സാമ്യതകള്‍ ഉയര്‍ത്തിക്കാട്ടിയായിരുന്നു ഇത്തരമൊരു ആവശ്യമുയര്‍ത്തിയത്. ആവശ്യത്തില്‍ പ്രധാനമന്ത്രി തക്ക സമയത്ത് തീരുമാനമെടുക്കുമെന്നും വാര്‍ത്താകുറിപ്പില്‍ അവകാശപ്പെട്ടിരുന്നു.

ഉത്തര ബംഗാളിനെ വടക്കുകിഴക്കന്‍ മേഖലയുമായി കൂട്ടിച്ചേര്‍ത്താല്‍ കൂടുതല്‍ കേന്ദ്ര പദ്ധതികളുടെ ഗുണം അവിടത്തുകാര്‍ക്കു ലഭിക്കുമെന്നും സുകാന്ത ചൂണ്ടിക്കാട്ടുന്നുണ്ട്. മേഖലയില്‍ കൂടുതല്‍ വികസനം വരും. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന് എന്തെങ്കിലും എതിര്‍പ്പുണ്ടെന്നു കരുതുന്നില്ല. അവരും ഇത്തരമൊരു നീക്കത്തോട് സഹകരിക്കുമെന്നും സുകാന്ത പറഞ്ഞിരുന്നു. വിദ്യാഭ്യാസത്തിനൊപ്പം വടക്കുകിഴക്കന്‍ മേഖലാ വികസന വകുപ്പിന്റെ കൂടി ചുമതല വഹിക്കുന്ന സഹമന്ത്രിയാണ് സുകാന്ത മജുംദാര്‍.

സുകാന്തയുടെ ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നരേന്ദ്ര മോദി

അനധികൃത കുടിയേറ്റം തടയാനെന്നു പറഞ്ഞാണ് ബി.ജെ.പി നേതാവ് നിഷികാന്ത് ദുബെ വിഭജന ആവശ്യമുയര്‍ത്തിയത്. ബംഗാളിന്റെ ഭാഗമായ മാള്‍ഡ, മുര്‍ഷിദാബാദ്, ബിഹാറിന്റെ ഭാഗമായ അറാറിയ, കിഷന്‍ഗഞ്ച്, കതിഹാര്‍, ആദിവാസി വിഭാഗമായ സന്താളുകള്‍ക്കു ഭൂരിപക്ഷമുള്ള ജാര്‍ഖണ്ഡ് പ്രദേശമായ സന്താള്‍ പര്‍ഗാനാസും ചേര്‍ത്ത് കേന്ദ്രഭരണ പ്രദേശം പ്രഖ്യാപിക്കണമെന്നായിരുന്നു അദ്ദേഹം ആവശ്യപ്പെട്ടത്. അവിടെ നാഷനല്‍ രജിസ്റ്റര്‍ ഓഫ് സിറ്റിസണ്‍സ്(എന്‍.ആര്‍.സി) നടപ്പാക്കണമെന്നും കൂട്ടത്തില്‍ നിര്‍ദേശമുണ്ടായിരുന്നു.

ബംഗാള്‍ വഴി സന്താള്‍ പര്‍ഗാനാസില്‍ എത്തുന്ന 'ബംഗാളി നുഴഞ്ഞുകയറ്റക്കാര്‍' ആദിവാസി സ്ത്രീകളെ വിവാഹം കഴിച്ച് ഇവിടെ തന്നെ കൂടുകയാണെന്നും നിഷികാന്ത് ആരോപിക്കുന്നുണ്ട്. ഇതുമൂലം സന്താളുകളുടെ അംഗസംഖ്യ കുറയുകയാണ്. ഈ സ്ത്രീകള്‍ ജില്ലാ പഞ്ചായത്ത് മുതല്‍ ലോക്‌സഭയില്‍ വരെ ഉണ്ടെന്നും അവരുടെ ഭര്‍ത്താക്കന്മാര്‍ മുസ്‌ലിംകളാണെന്നുമുള്ള വിദ്വേഷ പരാമര്‍ശവും നടത്തുന്നുണ്ട് നിഷികാന്ത് ദുബെ.

കഴിഞ്ഞ ദിവസം തന്നെ ബംഗാളില്‍നിന്ന് ബി.ജെ.പി പിന്തുണയോടെ രാജ്യസഭയിലെത്തിയ നാഗേന്ദ്ര റായ് എന്ന അനന്ത മഹാരാജും വിഭജന ആവശ്യമുയര്‍ത്തിയിരുന്നു. ബംഗാളിനെ വിഭജിച്ച് സ്വതന്ത്ര കൂച്ച് ബിഹാര്‍ സംസ്ഥാനം രൂപീകരിക്കണമെന്നായിരുന്നു രാജ്യസഭയില്‍ നാഗേന്ദ്ര റായ് ആവശ്യപ്പെട്ടത്. സ്വാതന്ത്ര്യത്തിനുശേഷം കൂച്ച് ബിഹാറിനോട് തുടരുന്ന അനീതി എന്നാലേ പരിഹരിക്കാനാകൂവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നുണ്ട്.

ഉത്തര ബംഗാളിലെയും അസമിലെയും പ്രദേശങ്ങള്‍ കൂട്ടിച്ചേര്‍ത്ത് രാജ്ബന്‍ഷി സമുദായത്തിനു വേണ്ടി സംസ്ഥാനം രൂപീകരിക്കണമെന്ന ആവശ്യവുമായി പ്രവര്‍ത്തിക്കുന്ന ഗ്രേറ്റര്‍ കൂച്ച് ബിഹാര്‍ പീപ്പിള്‍സ് അസോസിയേഷന്‍ നേതാവ് കൂടിയാണ് നാഗേന്ദ്ര റായ്. കൂച്ച് രാജവംശത്തില്‍ വേരുകളുള്ളവരാണ് രാജ്ബന്‍ഷിക്കാരെന്നു പറയപ്പെടാറുണ്ട്. നാഗേന്ദ്രയും കൂച്ച് ബിഹാര്‍ രാജവംശത്തിലെ പിന്മുറക്കാരനാണെന്നാണു പറയപ്പെടാറുള്ളത്.

നിഷികാന്ത് ദുബെ

ആദ്യമായല്ല ബംഗാള്‍ വിഭജന മുറവിളി

ഇതാദ്യമായല്ല ബി.ജെ.പി നേതാക്കള്‍ ബംഗാള്‍ വിഭജിക്കണമെന്ന ആവശ്യവുമായി രംഗത്തെത്തുന്നത്. രണ്ടാം മോദി സര്‍ക്കാരില്‍ മന്ത്രിയും ജല്‍പായ്ഗുരിയില്‍നിന്നുള്ള ബി.ജെ.പി നേതാവുമായ ജോണ്‍ ബാര്‍ലയും മുന്‍പ് സുകാന്തയ്ക്കു സമാനമായ ആവശ്യം മുന്നോട്ടുവച്ചിരുന്നു. 2021ലായിരുന്നു ഇത്. ഉത്തര ബംഗാളിനെ ബംഗാളില്‍നിന്നു വിഭജിച്ചു മറ്റൊരു സംസ്ഥാനമാക്കണമെന്നായിരുന്നു ആവശ്യം. ഗൂര്‍ഖാലാന്‍ഡ് തന്നെയായിരുന്നു അദ്ദേഹവും മുന്നോട്ടുവച്ചത്. അലിപൂര്‍ദുവാര്‍സ് ലോക്‌സഭാ എം.പിയായിരുന്നു ബാര്‍ല.

ഇതേ വര്‍ഷം തന്നെ സിലിഗുരി എം.എല്‍.എ ശങ്കര്‍ ഘോഷും കുറച്ചുകൂടി കൗതുകമുണര്‍ത്തുന്ന വിഷയങ്ങളുയര്‍ത്തി രംഗത്തെത്തി. കനത്ത ചൂടിനെ തുടര്‍ന്ന് സ്‌കൂളുകള്‍ക്ക് നേരത്തെ അവധി പ്രഖ്യാപിച്ചതായിരുന്നു പശ്ചാത്തലം. ഉത്തര ബംഗാളില്‍ നല്ല കാലാവസ്ഥയാണെന്നും ഇവിടെ സ്‌കൂളുകള്‍ അടയ്‌ക്കേണ്ടതില്ലെന്നും ചൂണ്ടിക്കാട്ടിയ എം.എല്‍.എ ഈ മേഖലയെ വിഭജിച്ചു മറ്റൊരു സംസ്ഥാനമാക്കണമെന്നും ആവശ്യപ്പെട്ടു.

ഡാര്‍ജിലിങ്ങിലെ തന്നെ കുര്‍സിയോങ്ങിലെ ബി.ജെ.പി എം.എല്‍.എ ബിഷ്ണു പ്രസാദ് ഡാര്‍ജിലിങ് മലനിരകളെ ബംഗാളില്‍നിന്നു വിഭജിക്കണമെന്ന് ആവശ്യപ്പെട്ടു. പടിഞ്ഞാറന്‍ ബംഗാളിലെ ജംഗല്‍മഹല്‍ പ്രത്യേക സംസ്ഥാനമാക്കണമെന്ന് ബി.ജെ.പി എം.പി സൗമിത്ര ഖാനും അഭിപ്രായപ്പെട്ടു. 2022ല്‍ ഡാര്‍ജിലിങ് ജില്ലയിലെ തന്നെ മതിഗാര-നക്‌സല്‍ബാരിയിലെയും ജല്‍പായ്ഗുരി ജില്ലയിലെ ദബ്ഗ്രാം-ഫുല്‍ബാരിയിലെയും എം.എല്‍.എമാരും ഉത്തര ബംഗാള്‍ സംസ്ഥാനത്തിനു മുറവിളികളുമായി രംഗത്തെത്തിയിരുന്നു.

മമത ബാനര്‍ജി

ബംഗാളി വികാരം കത്തിച്ച് മമത; മുഖം രക്ഷിക്കാന്‍ ബി.ജെ.പി ഇടപെടല്‍

ബംഗാളി വികാരമുയര്‍ത്തിയാണ് തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷ കൂടിയായ മമത ബാനര്‍ജി പുതിയ അവകാശവാദങ്ങളോട് പ്രതികരിച്ചത്. ബി.ജെ.പി മന്ത്രിമാര്‍ മുതല്‍ നേതാക്കള്‍ വരെ ബംഗാളിനെ വിഭജിക്കാനുള്ള ഗൂഢാലോചന നടത്തുകയാണ്. ഒരു വശത്ത് സാമ്പത്തികമായി ഉപരോധിച്ചും മറുവശത്ത് രാഷ്ട്രീയമായും ഭൂമിശാസ്ത്രപരമായും വിഭജിച്ചാണ് ഇത്തരമൊരു ആവശ്യവുമായി ഇവര്‍ വരുന്നതെന്നും മമത ചൂണ്ടിക്കാട്ടി.

രാജ്യത്തെ തുണ്ടംതുണ്ടമാക്കാനുള്ള നീക്കമാണിതെന്നും മമത ആരോപിക്കുന്നുണ്ട്. ബംഗാളിനെയും ബിഹാറിനെയും ജാര്‍ഖണ്ഡിനെയും അസമിനെയുമെല്ലാം വിഭജിക്കാനാണ് അവരുടെ നീക്കം. പാര്‍ലമെന്റ് നടക്കുമ്പോഴാണ് ബംഗാള്‍ വിഭജിക്കണമെന്ന് ഒരു മന്ത്രി പറയുന്നത്. ഇപ്പോള്‍ മറ്റിടങ്ങളില്‍നിന്നും ബിഹാറും ജാര്‍ഖണ്ഡും അസമും ബംഗാളുമെല്ലാം വിഭജിക്കണമെന്ന പ്രസ്താവനകള്‍ വരുന്നു. ഇതിനെ ശക്തമായി അപലപിക്കുന്നു. ബംഗാളിനെ വിഭജിക്കുന്നത് ഇന്ത്യയെ വിഭജിക്കലാണെന്നും ഈ നീക്കം അനുവദിക്കില്ലെന്നും മമത വ്യക്തമാക്കിക്കഴിഞ്ഞു.

മമത ബംഗാള്‍ വികാരം ആയുധമാക്കിയതോടെ തിരിച്ചടി ഭയന്ന് ബി.ജെ.പിയില്‍നിന്നു തന്നെ സംസ്ഥാന അധ്യക്ഷന്‍ സുകാന്ത മജുംദാറിന്റെ പരാമര്‍ശം തള്ളി നേതാക്കള്‍ രംഗത്തെത്തി. ബംഗാളിന്റെ മൊത്തത്തിലുള്ള വികസനത്തിലാണ്, വിഭജനത്തിലല്ല തങ്ങള്‍ വിശ്വസിക്കുന്നതെന്നു പറഞ്ഞു മുഖംരക്ഷിക്കാനായിരുന്നു ബി.ജെ.പി സംസ്ഥാന വക്താവും രാജ്യസഭാ അംഗവുമായ സമിക് ഭട്ടാചാര്യ ശ്രമിച്ചത്. ഉത്തര ബംഗാളിന്റെ വികസന ആവശ്യം മുന്‍പും എല്ലാ പാര്‍ട്ടികളും ഉയര്‍ത്തിയിട്ടുണ്ട്. മേഖലയ്ക്ക് ഒരുകാലത്തും മമത സര്‍ക്കാരിലെ ബജറ്റുകളില്‍ മതിയായ പരിഗണന ലഭിച്ചിട്ടില്ലെന്നും പറഞ്ഞ് വിവാദത്തെ മറ്റൊരു തലത്തിലേക്കു തിരിച്ചുവിടാന്‍ നോക്കി സമിക്.

ബി.ജെ.പിയുടെ ചാട്ടം എങ്ങോട്ട്?

2019ലെ മികച്ച പ്രകടനത്തിനുശേഷം ബംഗാള്‍ തൂത്തുവാരുമെന്ന പ്രതീക്ഷ ഇത്തവണ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കുണ്ടായിരുന്നു. 30 സീറ്റില്‍ ജയിക്കുമെന്നായിരുന്നു കണക്കുകൂട്ടല്‍. അതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത് ഷായും ജെ.പി നഡ്ഡയും യോഗി ആദിത്യനാഥും ഉള്‍പ്പെടെയുള്ള ഹൈപ്രൊഫൈല്‍ ബി.ജെ.പി നേതാക്കള്‍ ബംഗാളില്‍ ക്യാംപ് ചെയ്ത് പ്രചാരണം നയിച്ചു.

എന്നാല്‍, അപ്രതീക്ഷിത തിരിച്ചടിയായിരുന്നു ഫലം വന്നപ്പോള്‍ ബി.ജെ.പി നേരിട്ടത്. 2019ലെ 18 സീറ്റ് ഇത്തവണ 12 സീറ്റിലേക്ക് ചുരുങ്ങി. 2021 നിയമസഭാ തെരഞ്ഞെടുപ്പിലും വന്‍ പ്രചാരണങ്ങള്‍ നടത്തി ബംഗാള്‍ പിടിക്കാനാകുമെന്ന മനക്കോട്ട കെട്ടിയ ബി.ജെ.പിയെ വമ്പന്‍ വിജയവുമായി മമത ഞെട്ടിച്ചിരുന്നു.

ഇതിനിടയില്‍ ഇപ്പോള്‍ പല കോണുകളില്‍നിന്നായി ഉയരുന്ന ബംഗാള്‍ വിഭജന മുറവിളികളും ലോക്‌സഭാ-നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങളും ചേര്‍ത്തുവച്ചാല്‍ ബി.ജെ.പിയുടെ രാഷ്ട്രീയനീക്കത്തിനു പിന്നിലെന്താണെന്നു വ്യക്തമാകും. സംസ്ഥാനത്തെ തിരിച്ചടിയിലും ബി.ജെ.പിയുടെ മാനംകാത്തത് ഉത്തര ബംഗാളായിരുന്നു. ഇത്തവണ ബംഗാളില്‍ ബി.ജെ.പിക്ക് ആകെ വിജയിക്കാനായ 12 സീറ്റില്‍ ആറും ഈ മേഖലയില്‍നിന്നായിരുന്നുവെന്നത് അതിന്റെ രാഷ്ട്രീയപ്രസക്തി വിളിച്ചോതുന്നു. മമതയുടെ തേരോട്ടത്തിലും ഉത്തര ബംഗാളില്‍ സീറ്റെണ്ണം കാത്തെങ്കിലും ബി.ജെ.പി ഇളകാതെ നിന്നു.


2019ല്‍ ഉത്തര ബംഗാളിലെ എട്ടില്‍ ഏഴ് സീറ്റും ജയിച്ചത് ബി.ജെ.പി ആയിരുന്നു. ഇത്തവണ ഒരു സീറ്റ് കുറഞ്ഞെങ്കിലും മേഖലയിലെ മേധാവിത്വം തുടര്‍ന്നു. 2019 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ജംഗല്‍മഹല്‍ മേഖലയില്‍ അഞ്ച് സീറ്റുകളില്‍ വിജയിച്ചിരുന്നു ബി.ജെ.പി എന്നതും ഇതോട് ചേര്‍ത്തുവായിക്കണം. പക്ഷേ, ബി.ജെ.പി കൂടുതല്‍ കരുത്താര്‍ജിച്ച ഡാര്‍ജിലിങ് ഉള്‍പ്പെടെയുള്ള സീറ്റുകളില്‍ ഭൂരിപക്ഷത്തില്‍ 2019ലേതില്‍നിന്നു വന്‍ ഇടിവുണ്ടായിട്ടുണ്ട്.

ബംഗാള്‍ ഒന്നാകെ പിടിച്ചടക്കുക ബി.ജെ.പിക്കു മുന്നില്‍ ബാലികേറാമലയായി തുടരുകയാണ്. ഇത്തരമൊരു ഘട്ടത്തിലാണ് കൂടുതല്‍ സ്വാധീനമുള്ള ഉത്തര ബംഗാളിനെ വിഭജിച്ച് മറ്റൊരു സംസ്ഥാനം യാഥാര്‍ഥ്യമാക്കുകയും അവിടെ ഭരണം പിടിക്കുകയും ചെയ്യാമെന്ന ആലോചനകള്‍ വരുന്നത്. ഇപ്പോള്‍ പലകോണുകളില്‍നിന്നായി ഉയരുന്ന മുറവിളികള്‍ മുഴുവന്‍ ജനതയുടെയും ആവശ്യമാക്കി അവതരിപ്പിച്ചു ബി.ജെ.പി ഒരു രാഷ്ട്രീയ പ്രക്ഷോഭത്തിനു തുടക്കംകുറിച്ചാലും അത്ഭുതപ്പെടേണ്ടതില്ല. ബംഗാള്‍ വിഭജിച്ചെങ്കിലും താമരവിരിയിക്കാമെന്ന അവസാന തന്ത്രം മോദിയും ബി.ജെ.പിയും എടുത്തുപയറ്റുമോയെന്ന ചോദ്യങ്ങള്‍ക്ക് അതിവിദൂരമല്ലാത്ത ഭാവിയില്‍ ഉത്തരം കണ്ടെത്താനായേക്കും.

Summary: Why West Bengal bifurcation demand regaining momentum? Why BJP wants north Bengal to be merged with Northeast?

TAGS :

Next Story