Quantcast

'ബുദ്ധദേബ് വീണ്ടും ബംഗാളിൽ പുനർജനിക്കാനായി പ്രാർഥിക്കുന്നു'; അനുശോചിച്ച് മമത ബാനർജി

''1992ലെ കലാപകാലം ഓർക്കുന്നുണ്ട്. പെട്ടെന്നു സഹായം തേടി ഞാൻ ഓടിച്ചെന്നത് ബുദ്ധദേബിന്‍റെ അടുത്തേക്കായിരുന്നു''

MediaOne Logo

Web Desk

  • Updated:

    2024-08-09 10:00:15.0

Published:

9 Aug 2024 9:58 AM GMT

I pray he takes birth in Bengal again: West Bengal CM Mamata Banerjee condoles in Buddhadeb Bhattacharjee demise
X

കൊൽക്കത്ത: ഇന്നലെ അന്തരിച്ച മുതിർന്ന കമ്മ്യൂണിസ്റ്റ് ആചാര്യൻ ബുദ്ധദേബ് ഭട്ടാചാര്യയുടെ വസതി സന്ദർശിച്ച് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. മരണ വാർത്തയറിഞ്ഞയുടൻ ദക്ഷിണ കൊൽക്കത്തയിലെ പാം അവന്യൂവിലുള്ള രണ്ടുമുറി ഫ്‌ളാറ്റിലെത്തിയ ആദ്യത്തെ നേതാക്കളിലൊരാളായിരുന്നു അവർ. രാഷ്ട്രീയത്തിനതീതമായി വ്യക്തിബന്ധം പുലർത്തിയിരുന്ന നേതാവായിരുന്നു ബുദ്ധദേബെന്നും മരണവാർത്ത കേട്ട് ഉള്ളിൽ ശൂന്യതയാണ് അനുഭവപ്പെടുന്നുവെന്നും മമത മാധ്യമങ്ങളോട് പ്രതികരിച്ചു.

കൈ ഭിത്തിയിൽ ഇടിച്ചു രക്തം വാർന്നുപോകുന്ന ഞെട്ടലായിരുന്നു മരണവാർത്ത കേട്ടപ്പോൾ ഉണ്ടായത്. ഉള്ളിൽ ശൂന്യത അനുഭവപ്പെടുന്നു. അദ്ദേഹവുമായി പലതവണ കൂടിക്കാഴ്ച നടത്തുകയും സംസാരിക്കുകയുമെല്ലാം ചെയ്തിട്ടുണ്ട്. മുൻപ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട സമയത്തെല്ലാം ഞാൻ പോയിക്കണ്ടിരുന്നു. അപ്പോഴെല്ലാം ഭേദപ്പെട്ട് അദ്ദേഹം തിരിച്ചെത്തി. ഇപ്പോൾ ഗുരുതരമായ ശ്വാസതടസം നേരിട്ടപ്പോഴും ആ പ്രതീക്ഷയിലായിരുന്നുവെന്നും മമത പറഞ്ഞു.

''രാഷ്ട്രീയവും വ്യക്തിബന്ധങ്ങളും വെവ്വേറെ കാര്യങ്ങളാണ്. രാഷ്ട്രീയവും മനുഷ്യത്വവും രണ്ടാണ്. വലിയ സംഭാവനകൾ അർപ്പിച്ചയാളാണ് അദ്ദേഹം. അതെല്ലാം ചർച്ച ചെയ്യാനുള്ള സ്ഥലമല്ല ഇത്. ഇപ്പോൾ അദ്ദേഹത്തിന്റെ നിത്യശാന്തിക്കായി പ്രാർഥിക്കാം. ജീവിതകാലത്ത് ചെയ്ത പ്രവർത്തനങ്ങളുടെ പേരിൽ അദ്ദേഹം എക്കാലവും ഓർമിക്കപ്പെടും. മരണശേഷം ഇതേ ബംഗാളിന്റെ മണ്ണിൽ അദ്ദേഹം പുനർജനിച്ചെങ്കിലെന്നു പ്രാർഥിച്ചുപോകുകയാണ്.

ഞാൻ ഇവിടെ വരുമ്പോഴെല്ലാം നിരവധി കാര്യങ്ങളെ കുറിച്ചു ചർച്ച നടന്നിരുന്നു. 1992ലെ കലാപകാലം ഓർക്കുന്നുണ്ട്. പെട്ടെന്നു സഹായം തേടി ഞാൻ അദ്ദേഹത്തിന്റെ അടുത്തേക്കാണ് ഞാൻ ഓടിച്ചെന്നത്. രാഷ്ട്രീയത്തിനതീതമായ നിരവധി വിഷയങ്ങൾ ചർച്ച ചെയ്യാൻ ഞാൻ അദ്ദേഹത്തെ സമീപിച്ചിരുന്നു. എപ്പോഴും വലിയ പിന്തുണയായിരുന്നു കിട്ടിയത്. രാഷ്ടീയമായ അഭിപ്രായ വ്യത്യാസങ്ങളൊന്നും ഞങ്ങളുടെ വ്യക്തിബന്ധത്തെ ബാധിച്ചിരുന്നില്ല.''

ബുദ്ധദേബിന്റെ ഭാര്യ മീര, മകൾ സുചേതൻ, കുടുംബം, സി.പി.എം-ഇടതുപക്ഷ പ്രവർത്തകരോടെല്ലാം അനുശോചനമറിയിക്കുന്നു. അന്ത്യയാത്രയിൽ സർക്കാർ അന്തിമോപചാരമർപ്പിക്കും. അദ്ദേഹത്തിന് ഉചിതമായ അന്ത്യയാത്രയൊരുക്കാനായി എല്ലാ സഹായവും സർക്കാർ ചെയ്യും. അതിനായി സി.പി.എം എന്തു തീരുമാനമെടുത്താലും എല്ലാ സൗകര്യങ്ങളും സജ്ജീകരണങ്ങളും ഒരുക്കുമെന്നും മമത വ്യക്തമാക്കി. ബുദ്ധദേബിന്റെ മരണത്തെ തുടർന്ന് തൃണമൂൽ സർക്കാർ വ്യാഴാഴ്ച ബംഗാളിൽ ഔദ്യോഗിക അവധിയും ദുഃഖാചരണവും പ്രഖ്യാപിച്ചിരുന്നു.

ബുദ്ധദേബ് ഭട്ടാചാര്യയുടെ നേതൃത്വത്തിൽ സി.പി.എം സർക്കാർ സിംഗൂരിലും നന്ദിഗ്രാമിലും കർഷക ഭൂമിയിൽ നടത്തിയ അതിക്രമങ്ങൾ വോട്ടാക്കി മാറ്റിയാണ് 2011ൽ തൃണമൂൽ കോൺഗ്രസ് ബംഗാളിൽ അധികാരം പിടിക്കുന്നത്. സർക്കാർ വിരുദ്ധ പ്രക്ഷോഭങ്ങൾക്കൊപ്പം നിലയുറപ്പിച്ച മമത കൂടുതൽ ജനകീയ സ്വീകാര്യത നേടി അതിലൂടെ. മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട സി.പി.എം ഭരണത്തിന് അന്ത്യംകുറിച്ചായിരുന്നു സംസ്ഥാനത്ത് പുതിയൊരു മമത യുഗത്തിനു തുടക്കംകുറിച്ചത്.

അതേസമയം, പ്രതിപക്ഷത്തിനിരുന്നപ്പോഴും ബുദ്ധദേബിനെ ഏറെ ആദരവോടെയാണ് മമത കണ്ടിരുന്നത്. ഒരിക്കലും അദ്ദേഹത്തെ പേരുവിളിച്ച് അഭിസംബോധന ചെയ്യാറില്ലായിരുന്നു. 2011ൽ മമത ഭരണം പിടിച്ചപ്പോൾ ബുദ്ധദേബ് ആ ബഹുമാനം തിരിച്ചുനൽകുകയും ചെയ്തു. മുഖ്യമന്ത്രിയായി എത്തിയ മമതയെ രാജ്ഭവനിൽ കൂപ്പുകൈയോടെയാണ് അദ്ദേഹം വരവേറ്റത്.

Summary: ''I pray he takes birth in Bengal again'': West Bengal CM Mamata Banerjee condoles in Buddhadeb Bhattacharjee demise

TAGS :

Next Story