Quantcast

തെരഞ്ഞെടുപ്പിനൊരുങ്ങുമോ? നാളത്തെ കേന്ദ്രബജറ്റിൽ എന്തൊക്കെ വാഗ്ദാനങ്ങൾ?

കേരളമടക്കമുള്ള സംസ്ഥാനങ്ങളുമായി ബന്ധപ്പെട്ട എന്തൊക്കെ തീരുമാനങ്ങൾ ബജറ്റിലുണ്ടാകുമെന്നും ജനങ്ങൾ ഉറ്റുനോക്കുകയാണ്

MediaOne Logo

Web Desk

  • Updated:

    2023-02-01 02:34:34.0

Published:

31 Jan 2023 4:31 PM GMT

തെരഞ്ഞെടുപ്പിനൊരുങ്ങുമോ? നാളത്തെ കേന്ദ്രബജറ്റിൽ എന്തൊക്കെ വാഗ്ദാനങ്ങൾ?
X

ന്യൂഡൽഹി: 2024 പൊതുതെരഞ്ഞെടുപ്പിന് മുമ്പായി നടക്കുന്ന അവസാന പൂർണ കേന്ദ്ര ബജറ്റ് ബുധനാഴ്ചയാണ് അവതരിപ്പിക്കപ്പെടുന്നത്. ഇതിനായുള്ള രണ്ടാം പാർലമെൻറ് ബജറ്റ് സമ്മേളനം ഇന്ന് ആരംഭിച്ചിരിക്കുകയാണ്. രാഷ്ട്രപതി ദ്രൗപതി മുർമു നയപ്രഖ്യാപന പ്രസംഗം നടത്തി. സർക്കാറിന്റെ വികസന നേട്ടങ്ങൾ രാഷ്ട്രപതി എണ്ണിപ്പറയുകയായിരുന്നു. ഇനി തെരഞ്ഞെടുപ്പ് കൂടി മുന്നിൽ കണ്ടുള്ള ബജറ്റായിരിക്കുമോ വരികയെന്ന ചോദ്യമാണ് ഉയരുന്നത്. മധ്യവർഗത്തെ കേന്ദ്രീകരിച്ചുള്ള നികുതിയിളവ് എത്രമാത്രം നൽകപ്പെടുമെന്നും നിരീക്ഷപ്പെടുന്നു.

പൊതുമേഖലാ സ്ഥാപനങ്ങളുടെ വിൽപന, സബ്‌സിഡികൾ വെട്ടിക്കുറക്കൽ, ആദായനികുതി നിരക്കിൽ മാറ്റം, സ്റ്റാൻഡേഡ് ഡിഡക്ഷൻ പരിധി ഉയർത്തൽ, 80-സി പ്രകാരമുള്ള ഇളവ് വർധിപ്പിക്കൽ, വർക് ഫ്രം ഹോം അലവൻസ് പ്രഖ്യാപനം, കാർഷിക മേഖലയ്ക്ക് കൂടുതൽ പിന്തുണ, പാൻ കാർഡ് ഏക ബിസിനസ് ഐ.ഡി എന്നിങ്ങനെയുള്ള കാര്യങ്ങളിൽ തീരുമാനമുണ്ടാകുമോ അതോ നിലവിലെ അവസ്ഥ തുടരുമോയെന്നാണ് നിരീക്ഷിക്കപ്പെടുന്നത്. കേരളമടക്കമുള്ള സംസ്ഥാനങ്ങളുമായി ബന്ധപ്പെട്ട എന്തൊക്കെ തീരുമാനങ്ങൾ ബജറ്റിലുണ്ടാകുമെന്നും ജനങ്ങൾ ഉറ്റുനോക്കുകയാണ്.

സാമ്പത്തിക അവലോകന റിപ്പോർട്ട് പ്രസിദ്ധീകരിച്ചു

രാജ്യത്തെ സാമ്പത്തിക വളർച്ചാ നിരക്ക് കുറയുമെന്ന് സാമ്പത്തിക അവലോകന റിപ്പോർട്ട്. 2023- 24 കാലത്ത് വളർച്ചാ നിരക്ക് 6.5 ആകുമെന്നാണ് സർവെ. പലിശ നിരക്ക് ഉയരാൻ സാധ്യതയുണ്ടെന്നും സർവെയിലുണ്ട്. കേന്ദ്ര ധനകാര്യമന്ത്രി നിർമല സീതാരാമനാണ് അവലോകന റിപ്പോർട്ട് ലോക്സഭയുടെ മേശപ്പുറത്ത് വച്ചത്.

നിലവിലെ സാമ്പത്തിക വളർച്ച ഏഴ് ശതമാനമാണ്. ഈ സാഹചര്യത്തിൽ അടുത്തവർഷം സാമ്പത്തിക വളർച്ചാ തോത് കുറയുമെന്നാണ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്. നാളെ ലോക്‌സഭയിൽ പൊതുബജറ്റ് അവതരിപ്പിക്കുന്നതിന് മുന്നോടിയായാണ് സാമ്പത്തിക അവലോകന റിപ്പോർട്ട് അവതരിപ്പിച്ചത്. ധനകമ്മി കൂടിയാൽ രൂപ പ്രതിസന്ധിയിലാകുമെന്നും കയറ്റുമതി കുറയാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ട് പറയുന്നു.

ലോകരാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ അതിവേഗം വളരുന്ന സാമ്പത്തിക ശക്തിയായി ഇന്ത്യ മാറിയിരിക്കുന്നു എന്ന് റിപ്പോർട്ട് അവകാശപ്പെടുന്നു. സേവനമേഖലയിൽ 1.1 ശതമാനമാണ് പുരോഗതി. കാർഷിക മേഖലയിലും ചെറിയ പുരോഗതിയുണ്ടെങ്കിലും വ്യവസായ മേഖല 10.3 ശതമാനത്തിൽ നിന്ന് 4.2ലേക്ക് കൂപ്പുകുത്തി. ടെക്സ്‌റ്റൈൽസ്, ഓട്ടോമൊബൈൽ, കൺസ്ട്രക്ഷൻ, റിയൽ എസ്റ്റേറ്റ് തുടങ്ങിയ മേഖലയിലും കനത്ത ഇടിവുണ്ടായി. എന്നാൽ സ്റ്റാർട്ടപ്പുകളുടെ കാര്യത്തിൽ വളർച്ചയുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. 2016ൽ 452 എണ്ണമായിരുന്ന സ്റ്റാർട്ടപ്പുകൾ 2022 പൂർത്തിയായപ്പോൾ 84012 എണ്ണം (48 ശതമാനം വളർച്ച) ആയി ഉയർന്നു. ബജറ്റിൽ നികുതി പരിഷ്‌കാരം ഉൾപ്പെടെ വിവിധ ആശ്വാസ പദ്ധതികൾ ഉണ്ടാവുമെന്ന പ്രതീക്ഷയിലാണ് രാജ്യം.

അതേസമയം, ജി-20 ഉച്ചകോടിക്ക് ഇന്ത്യ വേദിയാകുന്ന സാഹചര്യത്തിൽ ബജറ്റിൽ അടിസ്ഥാന സൗകര്യ വികസന വർധന ഉണ്ടാവുമെന്നും കേരളമുൾപ്പെടെ രാജ്യമൊട്ടാകെ അതുണ്ടാവുമെന്നാണ് പ്രതീക്ഷ. ഒപ്പം, ശബരി പാത, മെട്രോ വികസനം, എയിംസ് എന്നിവയുടെ കാര്യത്തിലും കേരളത്തിന് പ്രതീക്ഷയുണ്ട്. 2024ൽ വിവിധയിടങ്ങളിൽ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ നാളെ അവതരിപ്പിക്കാനിരിക്കുന്ന കേന്ദ്ര ബജറ്റിൽ കേരളമുൾപ്പെടെയുള്ള സംസ്ഥാനങ്ങൾ വലിയ പ്രതീക്ഷയാണ് വയ്ക്കുന്നത്.

കോവിഡ് കാലത്ത് കേന്ദ്രസർക്കാർ ശക്തമായി ഇടപെട്ടുവെന്നതടക്കമുള്ള കാര്യങ്ങളാണ് രാഷ്ട്രപതിയുടെ പ്രസംഗത്തിലുണ്ടായിരുന്നത്. കർഷകർക്കായി നിരവധി പദ്ധതികൾ നടപ്പാക്കി. ലോകത്തിന്റെ ആകെ പ്രതീക്ഷയാണ് ഇന്നത്തെ ഇന്ത്യയെന്ന് പറഞ്ഞ രാഷ്ട്രപതി മിന്നലാക്രമണത്തിലും മുത്തലാഖിലും കണ്ടത് സർക്കാറിന്റെ ദൃഢനിശ്ചയമാണെന്നും അവകാശപ്പെട്ടു. ഭീകരതക്കെതിരെ ശക്തമായ നടപടികൾ തുടരുമെന്ന് പറഞ്ഞ രാഷ്ട്രപതി പാക്, ചൈന അതിർത്തികളിലെ സാഹചര്യവും പരാമർശിച്ചു. രാഷ്ട്രപതിയായി ചുമതലയേറ്റശേഷം ആദ്യമായാണ് ദ്രൗപതി മുർമു പാർലമെന്റിന്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യുന്നത്.

രണ്ട് ഘട്ടമായിട്ടാണ് ബജറ്റ് സമ്മേളനം. ആദ്യ ഘട്ടം ഇന്നാരംഭിച്ചു അടുത്ത മാസം 14 ന് അവസാനിക്കും. മാർച്ച് 14 മുതൽ ഏപ്രിൽ 6 വരെയാണ് രണ്ടാംഘട്ടം സഭ. സമ്മേളന കാലയളവിൽ പാസാക്കാനായി 36 ബില്ലുകളാണ് തയാറാക്കിയിരിക്കുന്നത്. ബജറ്റിന് മുന്നോടിയായി ഇന്ന് സാമ്പത്തിക സർവേ പുറത്ത് വിട്ടിരിക്കുകയാണ്.

What are the promises in tomorrow's Indian Union Budget?

TAGS :

Next Story