‘നിങ്ങളുടെ ഹീറോ ഇപ്പോൾ എന്ത് ചെയ്യുന്നു’
83 കാരനായ ശരദ് പവാറിനെയും 81 കാരനായ മല്ലികാർജുൻ ഖാർഗെയുമൊക്കെ ഒപ്പം നിർത്തി രാഹുൽ ഗാന്ധി ഇറങ്ങിയത് പ്രതിപക്ഷത്തിരിക്കാനല്ല എന്നുറപ്പാണ്
‘നിങ്ങളുടെ ഹീറോ ഇപ്പോൾ എന്തെടുക്കുന്നു’400 സീറ്റിലും ബി.ജെ.പി ജയിക്കുന്നതും മോദി അജയ്യനായി മൂന്നാം തവണയും ഭരണത്തിലെത്തുന്നത് സ്വപ്നം കണ്ടവർ രാഹുൽ ഗാന്ധിയെയും ഇൻഡ്യാ മുന്നണിയെയും പരിഹസിക്കാൻ എടുത്തുവെച്ച ചോദ്യമായിരുന്നു ഇത്. ബി.ജെ.പി അനുകൂലികളായ മാധ്യമപ്രവർത്തകർ വരെ ചാനലിലൂടെ അത് വിളിച്ചു പറയുകയും ചെയ്തു.എന്നാൽ വോട്ടെണ്ണൽ ആരംഭിച്ചതോടെ എൻ.ഡി.എക്ക് കനത്തവെല്ലുവിളി ഉയർത്തുന്ന പ്രകടനമാണ് ഇൻഡ്യാ മുന്നണി കാഴ്ചവെച്ചത്.
കേവല ഭൂരിപക്ഷമെന്ന മാജിക് നമ്പരിലേക്കും അധികാരത്തിലേക്കുമെത്തിക്കാൻ കഴിഞ്ഞില്ലെങ്കിലും ഇന്ന് ഇൻഡ്യാ സഖ്യത്തെയും കോൺഗ്രസിനെയും ആർജ്ജവത്തോടെ തല ഉയർത്തി നിർത്തുന്നതിൽ ആരാധകരുടെ ‘രാഗ’ യെന്ന രാഹുൽ ഗാന്ധിയുടെ പങ്ക് വലുതാണ്. അധികാര ഇടവഴിയിൽ രാഹുൽ സജീവമായിട്ട് രണ്ട് പതിറ്റാണ്ട് പിന്നിടുന്നു. 20 വർഷത്തിൻറെ രാഷ്ട്രീയ പാകത രാഹുലിൻറെ ശരീരഭാഷയിലും പ്രതികരണങ്ങളിലും ചിരിയിലും പോലും വലിയ മാറ്റമുണ്ടാക്കിയിരിക്കുന്നു.രാഷ്ട്രിയത്തിലേക്ക് ഇറങ്ങിയത് തന്നെ അധികാരത്തിലേക്ക്.ആ പത്തുവർഷം രാജ്യം കണ്ട രാഹുൽ അല്ലായിരുന്നു പ്രതിപക്ഷത്തിരുന്നപ്പോൾ.
2014 ലെ പരാജയം യു.പി.എ 2019 ലും ആവർത്തിച്ചതോടെ രാഹുൽ ഗാന്ധിയെന്ന ചെറുപ്പക്കാരനെ എഴുതിത്തള്ളിയിരുന്നു കോൺഗ്രസിലെ ഒരു വിഭാഗം നേതാക്കൾ പോലും. മോദിയും ബി.ജെ.പിയും മാത്രമല്ല ഇടതുപക്ഷമടക്കം വ്യക്തിപരമായി അധിക്ഷേപിക്കുകയും ചെയ്തു. 2019 ൽ യു.പി.എക്ക് ഏറ്റ കനത്ത പരാജയം രാഹുലിനെ പിന്നോട്ടടിപ്പിച്ചു. തോൽവിയുടെ പൂർണ ഉത്തരവാദിത്തം ഏറ്റെടുത്ത് രാഹുൽ എ.ഐ.സി.സി പ്രസിഡണ്ട് പദവിയൊഴിഞ്ഞു. തോൽക്കുക എന്നത് പോലും രാഷ്ട്രിയത്തിൽ പുതിയ അവസരമാണെന്ന ബാലപാഠം പോലും രാഹുലിന് അറിയില്ലെ എന്ന് സംശയിച്ചവരിൽ ഖദറിട്ടവർ പോലുമുണ്ടായിരുന്നു.
കോൺഗ്രസിനെ ഇനിയാരു നയിക്കും, ഇന്ത്യൻ രാഷ്ട്രിയത്തിൽ കോൺഗ്രസ് അപ്രസക്തമാകുന്നുവെന്ന് വിധിയെഴുതി രാഹുലിനൊപ്പം നിന്നവർ പോലും നേരം ഇരുട്ടിവെളുത്തപ്പോൾ മറുകണ്ടം ചാടി. പക്ഷെ രാഹുൽ അധികാരപദവിയിൽ നിന്ന് ഇറങ്ങിപ്പോയത് രാഷ്ട്രിയം അവസാനിപ്പിക്കാനായിരുന്നില്ല. സ്വയം നവീകരിക്കാനും ഹിന്ദുത്വ സർക്കാരിനെ നേരിടാനുള്ള സ്ട്രാറ്റജി മാറ്റിപിടിക്കാനുമായിരുന്നു.താനുള്ളടത്തോളം കോൺഗ്രസിൻറെ മുന്നിലുണ്ടാകുമെന്ന് പറഞ്ഞ് രാഹുൽ ജനങ്ങളിലേക്ക് ഇറങ്ങിയപ്പോൾ ഒപ്പം നിന്ന നേതാക്കളെയും പ്രവർത്തകരെയും അണിനരത്തി രാഹുൽ കോൺഗ്രസിനെ ചലിപ്പിച്ചു തുടങ്ങി. അതുവരെയുള്ള രാഷ്ട്രിയ ഭാഷയായിരുന്നില്ല രാഹുലിൻറേത്. മോദിയെയും അമിത്ഷായെയും വസ്തുനിഷ്ഠമായി കടന്നാക്രമിച്ചു. അദാനിയെയും,അംബാനിയെയും മാത്രമല്ല ചങ്ങാത്തമുതലാളിമാർക്ക് വേണ്ടി മോദി വഴിവിട്ട് നടത്തിയ അഴിമതികളെയെല്ലാം മുഖം നോക്കാതെ തുറന്ന് കാട്ടി.ഗോദി മീഡിയകളുൾപ്പടെ ദേശീയ മാധ്യമങ്ങളെല്ലാം രാഹുലിനെ അവഗണിച്ചെങ്കിലും പോരാട്ടവുമായി രാഹുൽ മുന്നോട്ട് പോയി. രാജ്യത്തെ പ്രതിപക്ഷ നിരയിലുള്ള നേതാക്കളും സർക്കാരുകളുമായി ബന്ധം ശക്തമാക്കി. തെരെഞ്ഞെടുപ്പ് പ്രചാരണത്തിൽ സാധാരണക്കാർക്ക് വേണ്ടി സംസാരിച്ചു. പട്ടിണിയും തൊഴിലില്ലായ്മയും വിലക്കയറ്റവും വർഗീയതയുമൊക്കെ പ്രധാനവിഷയമാക്കി രാഹുൽ.
മോദിയുടെ അധികാരത്തണലിൽ സംഘ്പരിവാർ രാജ്യത്ത് വിദ്വേഷവും വെറുപ്പും പടർത്തുന്നതിനിടയിലാണ് രാഹുൽ കന്യാകുമാരി മുതൽ കശ്മീർ വരെ ഭാരത് ജോഡോ യാത്രയുമായി ഇറങ്ങുന്നത്.ജനങ്ങളിലേക്ക് ഇറങ്ങി ചെല്ലാൻ അത്തരമൊരു യാത്ര വേണോ എന്ന ആശങ്ക കോൺഗ്രസിനകത്ത് തന്നെയുണ്ടായിരുന്നു. ഓരോ തോൽവിയും ജനങ്ങളിലേക്ക് കൂടുതൽ ഇറങ്ങിച്ചെല്ലണമെന്ന തിരിച്ചറിവുണ്ടായിക്കഴിഞ്ഞു അപ്പോഴേക്കും രാഹുലിന്. ജനങ്ങളിലേക്ക് ഇറങ്ങി ചെന്ന് കൈവിട്ടുപോയ അധികാരം തിരിച്ചുപിടിച്ച ഇന്ദിരാഗാന്ധിയുടെ ചെറുമകൻ ആ രാഷ്ട്രീയ പാഠം വീണ്ടും ആവർത്തിച്ചപ്പോൾ ജനം ഒപ്പം നിന്നുവെന്നതിന് തെളിവാണ് കോൺഗ്രസ് 99 സീറ്റിൽ ജയിച്ചതും ഇൻഡ്യാ മുന്നണി 234 സീറ്റിലെത്തിയതും. 83 കാരനായ ശരദ് പവാറിനെയും 81 കാരനായ മല്ലികാർജുൻ ഖാർഗെയുമൊക്കെ ഒപ്പം നിർത്തി രാഹുൽ ഗാന്ധി ഇറങ്ങിയത് പ്രതിപക്ഷത്തിരിക്കാനല്ല എന്നുറപ്പാണ്.
Adjust Story Font
16