രോഹിതിനെതിരെയുള്ള കങ്കണയുടെ ട്വീറ്റിനെപ്പറ്റി കേന്ദ്രമന്ത്രിക്ക് എന്താണ് പറയാനുള്ളത്; വിടാതെ ഷമ മുഹമ്മദ്
കർഷക സമരത്തെ പിന്തുണച്ചുള്ള രോഹിത് ശർമ്മയുടെ പോസ്റ്റിനെതിരെ ബിജെപി എംപി കങ്കണ റണാവത്ത് തിരിഞ്ഞതാണ് ഷമ പുതിയ ആയുധമാക്കി എടുത്തത്

ഷമ മുഹമ്മദ്-മന്‍സുഖ് മാണ്ഡവ്യ-കങ്കണ റണാവത്ത്
ന്യൂഡൽഹി: ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശർമ്മയെക്കുറിച്ചുള്ള വിവാദ സമൂഹമാധ്യമ പോസ്റ്റ് ദേശീയ നേതൃത്വം ഇടപെട്ട് പിൻവലിപ്പിച്ചെങ്കിലും വിടാൻ ഒരുക്കമല്ലാതെ കോൺഗ്രസ് വക്താവ് ഷമ മുഹമ്മദ്.
കർഷക സമരത്തെ പിന്തുണച്ചുള്ള രോഹിത് ശർമ്മയുടെ പോസ്റ്റിനെതിരെ ബിജെപി എംപി കങ്കണ റണാവത്ത് തിരിഞ്ഞതാണ് ഷമ പുതിയ ആയുധമാക്കി എടുത്തത്. 2021ൽ രോഹിത് ശർമ്മയെ രൂക്ഷമായി വിമർശിച്ചായിരുന്നു കങ്കണ റണാവത്തിന്റെ ട്വീറ്റ്. കങ്കണയുടെ പഴയ ട്വീറ്റ് പങ്കുവെച്ച ഷമ മുഹമ്മദ്, കേന്ദ്രകായിക മന്ത്രി മന്‍സുഖ് മാണ്ഡവ്യക്ക് എന്താണ് പറയാനുള്ളതെന്നും ചോദിക്കുന്നു.
സമരം ചെയ്യുന്ന കർഷകർ നാടിന് വേണ്ടപ്പെട്ടവരാണെന്നും അവരെ കേൾക്കണമെന്നും പ്രശ്‌നം എത്രയും പെട്ടെന്ന് പരിഹരിക്കണം എന്നുമായിരുന്നു രോഹിതിന്റെ ട്വീറ്റ്.
ഇതിനെതിരെയാണ് അന്ന് കങ്കണ റണാവത്ത് രംഗത്ത് എത്തിയിരുന്നത്. രോഹിതിനെതിരെ അപകീർത്തിപരമായ വാക്കുകളാണ് കങ്കണ ഉപേയാഗിച്ചിരുന്നത്. ഈ ട്വീറ്റ് പിന്നീട് കങ്കണ ഡിലീറ്റ് ചെയ്തിരുന്നു. ഇതിന്റെ സ്‌ക്രീൻഷോട്ട് പങ്കുവെച്ചാണ് കേന്ദ്ര കായിക മന്ത്രി മൻസൂഖ് മാണ്ഡവ്യക്ക് കങ്കണ റണാവത്തിനോട് എന്താണ് പറയാനുള്ളതെന്ന് ഷമ മുഹമ്മദ് ചോദിച്ചത്.
ഷമയുടെ വിവാദ ട്വീറ്റിന് പിന്നാലെ രൂക്ഷവിമർശനവുമായി മൻസൂഖ് മാണ്ഡവ്യ രംഗത്ത് എത്തിയിരുന്നു. തരംതാണ പരാമര്‍ശമെന്നായിരുന്നു കേന്ദ്രമന്ത്രിയുടെ പ്രതികരണം. ബിജെപി നേതാക്കളും ഷമക്കെതിരെ രംഗത്ത് എത്തിയിരുന്നു.
രോഹിത് ശർമയുടെ ശരീര ഭാരത്തെ അധിക്ഷേപിക്കുന്ന വിധത്തില്‍, ഷമ മുഹമ്മദ് എക്സിൽ കുറിച്ച പോസ്റ്റാണ് വിവാദമായത്. പ്രതിഷേധമുയർന്നതോടെ ഷമ പോസ്റ്റ് പിൻവലിച്ചിരുന്നു.
‘ ഒരു കായികതാരത്തെ വെച്ച് നോക്കുമ്പോൾ രോഹിത് തടി വളരെ കൂടുതലാണ്. രോഹിത് തടി കുറക്കേണ്ടതായുണ്ട്. അതുകൊണ്ടുതന്നെ ഇന്ത്യ കണ്ടതിൽ വെച്ച് ഏറ്റവും അനാകർഷകനായ ക്യാപ്റ്റൻ രോഹിതാണ്’- ഇങ്ങനെയായിരുന്നു ഷമ പോസ്റ്റ് ചെയ്തിരുന്നത്. എന്നാല്‍ കളിക്കാരുടെ ഫിറ്റ്നസിനെ പറ്റിയാണ് തന്‍റെ പോസ്റ്റെന്നും , ബോഡി ഷെയ്മിംഗ് അല്ലെന്നും ഷമ വാര്‍ത്താ ഏജന്‍സിയായ എഎൻഐക്ക് നല്‍കിയ അഭിമുഖത്തില്‍ വിശദീകരിച്ചിരുന്നു.
Adjust Story Font
16