ചാനല്‍ എഡിറ്റര്‍മാരുമായി മോഹന്‍ ഭാഗവതിന്‍റെ കൂടിക്കാഴ്ച... എന്തായിരുന്നു അജണ്ട?
ആര്‍എസ്എസ് നേതാക്കളുമായുള്ള എഡിറ്റര്‍മാരുടെ കൂടിക്കാഴ്ചയുടെ ചിത്രം പുറത്തുവന്നു
ആര്‍എസ്എസ് തലവൻ മോഹൻ ഭാഗവത് ചൊവ്വാഴ്ച ഗ്രേറ്റർ നോയിഡയിൽ വളരെ നിര്‍ണായകമായ ഒരു യോഗം വിളിച്ചുചേര്‍ത്തു. മുഖ്യധാരാ മാധ്യമങ്ങളുടെ എഡിറ്റര്‍മാരുമായാണ് കൂടിക്കാഴ്ച നടത്തിയത്. യോഗത്തിൽ ആർഎസ്‌എസിന്‍റെ ഉത്തര്‍പ്രദേശിലെ നേതാവ് സൂര്യ പ്രകാശ് ടോങ്ക്, ആര്‍എസ്എസ് ദേശീയ കമ്മ്യൂണിക്കേഷൻസ് മേധാവി രാം ലാൽ തുടങ്ങിയവരുമുണ്ടായിരുന്നു.
സുദർശൻ ന്യൂസ് എഡിറ്റർ സുരേഷ് ചവാങ്കെ, ആജ് തക് എക്‌സിക്യൂട്ടീവ് എഡിറ്ററും അവതാരകനുമായ സയീദ് അൻസാരി, നെറ്റ്‌വർക്ക് 18 ഗ്രൂപ്പ് മാനേജിംഗ് എഡിറ്റർ ബ്രിജേഷ് കുമാർ സിങ്, എബിപി ന്യൂസ് ആന്‍റ് പ്രൊഡക്ഷൻ വൈസ് പ്രസിഡന്‍റ് സുമിത് അവസ്തി, എബിപി ന്യൂസ് അവതാരകന്‍ വികാസ് ഭദൌര്യ, ഇന്ത്യടുഡെ സീനിയര്‍ എക്സിക്യുട്ടീവ് എഡിറ്റര്‍ ഗൗരവ് സാവന്ത്, ന്യൂസ് 24 എഡിറ്റര്‍ അനുരാധ പ്രസാദ്, ഇന്ത്യടുഡെ ഗ്രൂപ്പ് ന്യൂസ് ഡയറക്ടര്‍ സുപ്രിയ പ്രസാദ്, ടൈംസ് നെറ്റ്‍വര്‍ക്ക് ഗ്രൂപ്പ് എഡിറ്റര്‍ നവിക കുമാര്‍ തുടങ്ങിയവരാണ് യോഗത്തില്‍ പങ്കെടുത്തത്. കൂടിക്കാഴ്ചയുടെ ചിത്രം സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവന്നു.
യോഗത്തിൽ പങ്കെടുത്ത എട്ടോളം മാധ്യമപ്രവർത്തകരെ ബന്ധപ്പെട്ടപ്പോള്‍ ലഭിച്ച പ്രതികരണം ന്യൂസ് ലോണ്‍ട്രി പ്രസിദ്ധീകരിച്ചു. ഗ്രേറ്റർ നോയിഡയിൽ വച്ചാണ് യോഗം നടന്നതെന്ന് സുപ്രിയ പ്രസാദ് സ്ഥിരീകരിച്ചു. അവിടെ "ആർഎസ്എസിനെക്കുറിച്ച് ഒരു സാധാരണ ചർച്ച നടന്നു" എന്നാണ് സുപ്രിയയുടെ മറുപടി. എന്നാല്‍ അങ്ങനെയൊരു കൂടിക്കാഴ്ച നടന്നുവെന്ന് സമ്മതിക്കാന്‍ പോലും സയീദ് അൻസാരി തയ്യാറായില്ല. പക്ഷേ പുറത്തുവന്ന ചിത്രത്തില്‍ അദ്ദേഹമുണ്ട്.
'യുപിഎസ്‌സി ജിഹാദ്' വിവാദമുയര്‍ത്തിയ സുരേഷ് ചവാങ്കെ ആദ്യം താൻ യോഗത്തിൽ ഉണ്ടായിരുന്നില്ലെന്ന് പറഞ്ഞു- "ഇങ്ങനെയൊരു യോഗം നടന്നതായി നിങ്ങളോട് ആരാണ് പറഞ്ഞത്? അത്തരമൊരു യോഗം നടന്നിട്ടില്ല. ഞാൻ അത്തരമൊരു യോഗം പങ്കെടുത്തിട്ടില്ല. ഇതൊരു ദേശവിരുദ്ധ യോഗമായിരുന്നില്ല. പിന്നെ എന്തിനാണ് നിങ്ങൾ അന്വേഷിക്കുന്നത്?" ന്യൂസ് ലോണ്‍ട്രി റിപ്പോര്‍ട്ടറോട് തട്ടിക്കയറിയ സുരേഷ് ചവാങ്കെ ഒരു എഡിറ്ററെ മറ്റൊരു എഡിറ്റര്‍ മാത്രമേ വിളിച്ചു സംസാരിക്കാവൂ എന്നും പറഞ്ഞു. തുടര്‍ന്ന് എഡിറ്റര്‍ വിളിച്ചപ്പോള്‍ മോഹൻ ഭാഗവതിന്‍റെ ഗ്രേറ്റർ നോയിഡ യാത്രയ്ക്കിടെയാണ് കൂടിക്കാഴ്ച നടന്നതെന്ന് സുരേഷ് ചവാങ്കെ സമ്മതിച്ചു- "ഇത് ഒരു പത്രസമ്മേളനമായിരുന്നില്ല. മറ്റ് അജണ്ടകളൊന്നും ഉണ്ടായിരുന്നില്ല. സാധാരണ കൂടിക്കാഴ്ചയായിരുന്നു. വർഷത്തിൽ ഒരിക്കൽ സംഭവിക്കാറുണ്ട്. അതില്‍ പുതുമയൊന്നുമില്ല".
താൻ യോഗത്തിൽ പങ്കെടുത്തെന്ന് എബിപി ന്യൂസിലെ വികാസ് ബദൗരിയ പറഞ്ഞു- "വർഷത്തിലൊരിക്കൽ ഭാഗവത് മാധ്യമങ്ങളെ കാണാറുണ്ട്. അതിലൂടെ ആർഎസ്എസിനെ അടുത്തറിയാനാകും. ആർഎസ്എസ് പ്രവർത്തിക്കുന്ന രീതി, ആർഎസ്എസിന്റെ കാഴ്ചപ്പാട് തുടങ്ങിയവയെല്ലാം ചര്‍ച്ച ചെയ്തു. ഭാഗവത് പല വിഷയങ്ങളെ കുറിച്ചും സംസാരിച്ചു. മാധ്യമങ്ങൾ പോസിറ്റീവ് വാർത്തകളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് ഭാഗവത് മാധ്യമപ്രവർത്തകരോട് പറഞ്ഞു. പോസിറ്റീവ് വാർത്തകളിലൂടെ സമൂഹത്തിൽ മാറ്റം കൊണ്ടുവരാൻ മാധ്യമങ്ങൾക്ക് കഴിയുമെന്ന് അദ്ദേഹം പറഞ്ഞു."
ഉത്തർപ്രദേശിൽ വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനെ കുറിച്ച് സംസാരിച്ചോ എന്ന ചോദ്യത്തിന് കാര്യമായി ഒന്നുമില്ലെന്നായിരുന്നു ബദൗരിയയുടെ മറുപടി. സുമിത് അവസ്തി, അനുരാധ പ്രസാദ്, നവിക കുമാർ, ഗൗരവ് സാവന്ത് എന്നിവരെ ബന്ധപ്പെട്ടെങ്കിലും പ്രതികരണമൊന്നും ലഭിച്ചില്ലെന്ന് ന്യൂസ് ലോണ്‍ട്രി റിപ്പോര്‍ട്ട് ചെയ്തു.
ആർഎസ്എസിനെ കുറിച്ചായിരുന്നു ചർച്ചയെന്ന് സൂര്യപ്രകാശ് ടോങ്ക് പറഞ്ഞു. "ചർച്ചയിൽ വാർത്താപ്രാധാന്യമുള്ള ഒന്നും ഉണ്ടായില്ല. ആര്‍എസ്എസുമായി സമ്പർക്കം പുലർത്തുന്ന മാധ്യമപ്രവർത്തകരെ ചർച്ചയ്ക്ക് വിളിച്ചു. ആർഎസ്എസുമായി ബന്ധപ്പെട്ട പല വിഷയങ്ങളും കുറച്ച് ആളുകളുമായി ചർച്ച ചെയ്തു."
മോഹന്‍ ഭാഗവത് മാധ്യമപ്രവർത്തകരുമായി ഇതിനു മുന്‍പും കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. കഴിഞ്ഞ ഡിസംബറിൽ ഡല്‍ഹിയിലെ 52 എഡിറ്റർമാരുമായും ചാനല്‍ അവതാരകരുമായും കൂടിക്കാഴ്ച നടത്തി. തുടർന്ന് മുംബൈയിൽ വച്ച് പ്രമുഖ പത്രങ്ങളുടെ 18 എഡിറ്റർമാരെ കണ്ടു. 2019ലാകട്ടെ 30 രാജ്യങ്ങളിൽ നിന്നുള്ള 80 മാധ്യമപ്രവര്‍ത്തകരുമായി ചര്‍ച്ച നടത്തി.
Adjust Story Font
16