'അല്ലാഹു അക്ബർ എന്നു വിളിച്ച് വോട്ടു ചെയ്യാൻ ഞാൻ പറഞ്ഞാൽ എന്താകും സ്ഥിതി'? മോദിക്കെതിരെ ഉവൈസി
വോട്ടു ചെയ്യുന്നതിന് മുമ്പെ ജയ് ബജ്രംഗ് ബലി എന്നു വിളിക്കാൻ പ്രധാനമന്ത്രി ആഹ്വാനം ചെയ്യുന്നു
ഹൈദരാബാദ്: വോട്ടു ചെയ്യുന്നതിന് മുമ്പ് ജയ് ബജ്രംഗ് ബലി എന്നു വിളിക്കാൻ ആഹ്വാനം ചെയ്ത പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ മജ്‌ലിസെ ഇത്തിഹാദുൽ മുസ്‌ലിമീൻ നേതാവ് അസദുദ്ദീൻ ഉവൈസി. ജയ് ബജ്രംഗ് ബലി എന്നതിന് പകരം അല്ലാഹു അക്ബർ എന്നു വിളിക്കാൻ താൻ ആവശ്യപ്പെടുകയാണ് എങ്കിൽ എന്താകും സ്ഥിതിയെന്ന് അദ്ദേഹം ചോദിച്ചു. ബസവന ബഗെവാഡിയിലെ പാർട്ടി സ്ഥാനാർത്ഥിക്കു വോട്ടു ചോദിക്കവെയാണ് ഉവൈസിയുടെ ചോദ്യം.
'വോട്ടു ചെയ്യുന്നതിന് മുമ്പെ ജയ് ബജ്രംഗ് ബലി എന്നു വിളിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി ആഹ്വാനം ചെയ്യുന്നു. ഇത് എന്തു തരത്തിലുള്ള ജനാധിപത്യമാണ്. അല്ലാഹു അക്ബർ എന്നു വിളിച്ച് വോട്ടു ചെയ്യണമെന്ന് ഞാൻ പറഞ്ഞാൽ എന്താകും സ്ഥിതി. വോട്ടർമാർ ജയ് ഹിന്ദ് എന്നാണ് ഇതിനെല്ലാം പകരമായി വിളിക്കേണ്ടത്' -
ഉവൈസി
ഉത്തര കന്നഡയിലെ ഹട്ടികേരിയിൽ ബിജെപി റാലിയെ അഭിസംബോധന ചെയ്യവെ ആയിരുന്നു പ്രധാനമന്ത്രിയുടെ വിവാദ പരാമർശം. ഭാരത് മാതാ കീ ജയ്, ബജ്രംഗ് ബലി കീ ജെയ് എന്നിങ്ങനെ മുദ്രാവാക്യം വിളിച്ചാണ് മോദി ഇവിടെ പ്രസംഗം ആരംഭിച്ചത്. പ്രസംഗത്തിന്റെ ഒടുവിൽ 'നിങ്ങളുടെ വോട്ടു രേഖപ്പെടുത്തുമ്പോൾ ജയ് ബജ്രംഗ് ബലി എന്നു വിളിക്കാൻ മറക്കരുത്' എന്നാണ് പ്രധാനമന്ത്രി ആവശ്യപ്പെട്ടത്.
അധികാരത്തിലെത്തിയാൽ ബജ്രംഗ് ദളിനെ നിരോധിക്കുമെന്ന കോൺഗ്രസ് പ്രകടന പത്രികയിലെ വാഗ്ദാനമാണ് മോദി ആയുധമായി എടുത്തത്. നേരത്തെ രാമനെയാണ് കോൺഗ്രസ് പൂട്ടിയത് എങ്കിൽ ഇപ്പോള്‍ ജയ് ബജ്രംഗ് ബലി എന്നു വിളിക്കുന്നവരെ പൂട്ടാനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു.
അതിനിടെ, ഹനുമാനെ ബജ്രംഗ്ദളുമായി സാദൃശ്യപ്പെടുത്തി തെരഞ്ഞെടുപ്പിൽ മോദി മതവികാരം ഉപയോഗിക്കുകയാണെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തി. പ്രതികരണത്തിൽ തെരഞ്ഞെടുപ്പ് കമ്മിഷൻ ഇതുവരെ നടപടി സ്വീകരിച്ചിട്ടില്ല.
Adjust Story Font
16