രാജസ്ഥാൻ, ഛത്തീസ്ഗഢ്, മധ്യപ്രദേശ്: 2019ൽ ആകെ ലഭിച്ചത് മൂന്ന് സീറ്റ്; 2024 ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ ഭാവിയെന്ത്?
മോദി ഫാക്ടർ തന്നെ മുഖ്യ ആയുധമാക്കി തെരഞ്ഞെടുപ്പിനെ നേരിട്ട ബി.ജെ.പിക്ക് ഈ വിജയം വലിയ ആത്മവിശ്വാസമാണ് നൽകുന്നത്.
ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ സെമി ഫൈനലെന്ന് വിശേഷിപ്പിക്കപ്പെട്ട നാല് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിലുണ്ടായ കനത്ത തോൽവി കോൺഗ്രസിന്റെ നെഞ്ചിടിപ്പേറ്റുന്നു. 2019ൽ അധികാരമുണ്ടായിട്ടും മൂന്ന് സംസ്ഥാനങ്ങളിൽനിന്ന് ആകെ നേടാനായാത് മൂന്ന് സീറ്റ് മാത്രമാണ്. രാജസ്ഥാനിൽ ഒരു സീറ്റ് പോലും നേടാൻ കഴിഞ്ഞിരുന്നില്ല. മധ്യപ്രദേശിൽ ഒരു സീറ്റിലാണ് അന്ന് കോൺഗ്രസ് വിജയിച്ചത്. ഛത്തീസ്ഗഡിൽ രണ്ട് സീറ്റുകൾ നേടി.
ഹിന്ദി ഹൃദയഭൂമിയെന്ന് വിശേഷിപ്പിക്കപ്പെടുന്ന വലിയ സംസ്ഥാനങ്ങളിൽ തോൽവി ആവർത്തിക്കുന്ന കോൺഗ്രസിന് മുന്നിൽ 2014 ലോക്‌സഭാ തെരഞ്ഞെടുപ്പ് വലിയ വെല്ലുവിളിയാണ്. മധ്യപ്രദേശ്-29, രാജസ്ഥാൻ-25, ഛത്തീസ്ഗഡ്-11 എന്നിങ്ങനെ് മൂന്ന് സംസ്ഥാനങ്ങളിലുമായി ആകെ 65 ലോക്‌സഭാ സീറ്റുകളാണുള്ളത്. ഈ മൂന്ന് സംസ്ഥാനങ്ങളിലും വിജയിക്കാനായിരുന്നെങ്കിൽ ലോക്‌സഭാ തെരഞ്ഞെടുപ്പിനൊരുങ്ങുന്ന കോൺഗ്രസിന് അത് വലിയ കരുത്താവുമായിരുന്നു.
ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് രൂപീകരിച്ച ഇൻഡ്യ സഖ്യത്തെ പാടേ അവഗണിക്കുന്ന സമീപനമാണ് കോൺഗ്രസ് സ്വീകരിച്ചത്. മധ്യപ്രദേശിൽ എസ്.പിക്ക് സ്വാധീനമുള്ള മേഖലകളിൽപോലും അവർക്ക് സീറ്റ് കൊടുത്തില്ല. സഖ്യത്തിനായി എസ്.പി നിരവധി തവണ ചർച്ചക്ക് തയ്യാറായെങ്കിലും കമൽനാഥ് വഴങ്ങിയില്ല. ബി.ജെ.പി 48.66% വോട്ടാണ് നേടിയത്. കോൺഗ്രസിന് 40.46% വോട്ടുണ്ട്. ബി.എസ്.പി-3.30%, എസ്.പി-0.45% എന്നിങ്ങനെയാണ് മറ്റു പാർട്ടികളുടെ വോട്ട് ശതമാനം.
രാജസ്ഥാനിൽ നേതാക്കളുടെ തമ്മിലടിയാണ് കോൺഗ്രസിന് തിരിച്ചടിയായത്. മുഖ്യമന്ത്രി പദവിക്കായി ഗെഹ്‌ലോട്ടും സച്ചിൻ പൈലറ്റും പല സന്ദർഭങ്ങളിലും നേരിട്ട് ഏറ്റുമുട്ടിയ സംസ്ഥാനത്ത് കോൺഗ്രസ് ബി.ജെ.പിക്ക് അവസരമൊരുക്കുകയായിരുന്നു. ഛത്തീസ്ഗഡിലും മധ്യപ്രദേശിലും കോൺഗ്രസ് സ്വീകരിച്ച മൃദുഹിന്ദുത്വ സമീപനങ്ങളും വിജയം കണ്ടില്ല.
മോദി ഫാക്ടർ തന്നെ മുഖ്യ ആയുധമാക്കി തെരഞ്ഞെടുപ്പിനെ നേരിട്ട ബി.ജെ.പിക്ക് ഈ വിജയം വലിയ ആത്മവിശ്വാസമാണ് നൽകുന്നത്. ഹിന്ദി ഹൃദയഭൂമിയിൽ മോദി തരംഗത്തിന് ഇപ്പോഴും മൂല്യമുണ്ട് എന്നത് ബി.ജെ.പിക്ക് കരുത്താവും. മധ്യപ്രദേശിൽ മുഖ്യമന്ത്രി സ്ഥാനാർഥിയെപ്പോലും ഉയർത്തിക്കാട്ടാതെ മോദി തന്നെയാണ് പ്രചാരണം നയിച്ചത്. മോദിയെ മുന്നിൽനിർത്തി നടത്തിയ നീക്കത്തിലൂടെ രണ്ട് സംസ്ഥാനങ്ങളിൽ ഭരണം തിരിച്ചുപിടിക്കുകയും മധ്യപ്രദേശിൽ ഭരണം നിലനിർത്താനായതും ലോക്‌സഭാ തെരഞ്ഞെടുപ്പിനൊരുങ്ങുന്ന ബി.ജെ.പിക്ക് വലിയ കരുത്താണ് നൽകുന്നത്.
Adjust Story Font
16