ഔറംഗസേബിനെ പ്രകീർത്തിച്ച് വാട്‌സ്ആപ്പ് സ്റ്റാറ്റസ്; യുവാവിനെതിരെ കേസെടുത്തു
സ്റ്റേഷനിൽ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് മഹാരാഷ്ട്രയിലെ വഡ്‍ഗാവ് പൊലീസ്
മുംബൈ: മുഗൾ ഭരണാധികാരി ഔറംഗസേബിനെ പ്രകീർത്തിച്ച് വാട്‌സ്ആപ്പ് സ്റ്റാറ്റസ് വച്ച യുവാവിനെതിരെ കേസെടുത്തു. മഹാരാഷ്ട്രയിലെ കോലാപൂർ ജില്ലയിലാണ് സംഭവം.
വഡ്‍ഗാവ് പൊലീസാണ് കേസെടുത്തതെന്ന് വാർത്താ ഏജൻസിയായ പി.ടി.ഐ റിപ്പോർട്ട് ചെയ്തു. സ്റ്റേഷനിൽ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് പൊലീസ് പറഞ്ഞു. ഇന്ത്യൻ ശിക്ഷാനിയമത്തിലെ 295-ാം വകുപ്പ് പ്രകാരമാണ് യുവാവിനെതിരെ കേസെടുത്തിരിക്കുന്നത്. ഏതെങ്കിലും സമുദായത്തെയോ മതവിഭാഗത്തെയോ അവഹേളിക്കാനായി ആരാധനാലയങ്ങൾക്ക് കേടുവരുത്തുകയോ അശുദ്ധമാക്കുകയോ ചെയ്യൽ വകുപ്പാണ് ചുമത്തിയിരിക്കുന്നത്.
മാർച്ച് 16നാണ് യുവാവ് ഔറംഗസേബിനെ പ്രകീർത്തിച്ച് വാട്‌സ്ആപ്പ് സ്റ്റാറ്റസ് ഇട്ടത്. ഇതിനു പിന്നാലെയാണ് പൊലീസിൽ പരാതി ലഭിച്ചത്. വിഷയം അന്വേഷിച്ചുവരികയാണെന്ന് പൊലീസ് പറഞ്ഞു. സോഷ്യൽ മീഡിയയിൽ ഒരു മതവിഭാഗത്തെയും മതത്തെയും അവഹേളിക്കുന്ന തരത്തിലുള്ള പരാമർശങ്ങൾ പോസ്റ്റ് ചെയ്യരുതെന്നും പൊലീസ് ആവശ്യപ്പെട്ടു.
Summary: Maharashtra man booked for WhatsApp status hailing Mughal emperor Aurangzeb
Adjust Story Font
16