Quantcast

എണ്ണിയപ്പോൾ അഞ്ച് ലക്ഷം വോട്ട് അധികം; മഹാരാഷ്ട്ര തെരഞ്ഞെടുപ്പ് ഫലത്തിൽ പൊരുത്തക്കേട്; കോടതിയിലേക്ക് കോൺഗ്രസ്

വോട്ട് ചെയ്തത് 64,088,195, എണ്ണിയത് 64,592,508

MediaOne Logo

Web Desk

  • Updated:

    2024-11-26 11:47:36.0

Published:

26 Nov 2024 10:50 AM GMT

എണ്ണിയപ്പോൾ അഞ്ച് ലക്ഷം വോട്ട് അധികം; മഹാരാഷ്ട്ര തെരഞ്ഞെടുപ്പ് ഫലത്തിൽ പൊരുത്തക്കേട്; കോടതിയിലേക്ക് കോൺഗ്രസ്
X

മുംബൈ: മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പ് ഫലത്തിൽ പൊരുത്തക്കേടെന്ന് ആരോപണം. വിവരങ്ങളുടെ വിശകലനത്തിലാണ് എണ്ണിയ വോട്ടുകളും പോൾ ചെയ്ത വോട്ടുകളും തമ്മിൽ അന്തരം കണ്ടെത്തിയത് 'ദ വയർ' ആണ് റിപ്പോർട്ട് ചെയ്തത്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കുകൾ പ്രകാരം സംസ്ഥാനത്ത് ആകെ പോൾ ചെയ്തത് 64,088,195 വോട്ടുകളാണ്. എന്നാൽ, എണ്ണിയ ആകെ വോട്ടുകൾ 64,592,508 ആണ്. മൊത്തം വോട്ടിനെക്കാൾ 5,04,313 വോട്ടുകൾ അധികമാണിത്. ഫലത്തിൽ ക്രമക്കേട് ആരോപിച്ച് കോൺഗ്രസ് കോടതിയെ സമീപിച്ചു.

അതേസമയം, എട്ട് മണ്ഡലങ്ങളിൽ എണ്ണപ്പെട്ട വോട്ടുകൾ പോളിങ് കണക്കുകളെക്കാൾ കുറവാണ്. ശേഷിച്ച 280 മണ്ഡലങ്ങളിൽ വോട്ടുകൾ പോളിങ്ങിനെക്കാൾ കൂടുതലായിരുന്നു. പോളിങ്ങിനെക്കാൾ 4538 വോട്ടുകൾ അധികമായ അഷ്ഠി മണ്ഡലത്തിലാണ് ഏറ്റവും വലിയ അന്തരമുള്ളത്. ഒസ്മാനാബാദ് മണ്ഡലത്തിൽ 4155 വോട്ടുകളുടെ വ്യത്യാസമുണ്ട്.

2024 മേയിൽ നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഇതേ തരത്തിലുള്ള പൊരുത്തക്കേടുകൾ സംസ്ഥാനത്ത് കണ്ടെത്തിയിരുന്നു. വോട്ടർമാരുടെ പോളിങ് ഡാറ്റയും ഓരോ പോളിങ് സ്‌റ്റേഷനിലും പോൾ ചെയ്ത വോട്ടുകളുടെ എണ്ണം രേഖപ്പെടുത്തുന്ന ‘ഫോം 17 സി’യും സംബന്ധിച്ച് അന്ന് തന്നെ സംശയങ്ങളുയർന്നിരുന്നു. ഈ സമയം രാഷ്ട്രീയ കക്ഷിരഹിത ലാഭേച്ഛയില്ലാതെ തെരഞ്ഞെടുപ്പ്, രാഷ്ട്രീയ പരിഷ്‌കാരങ്ങൾക്കായി പ്രവർത്തിക്കുന്ന അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക്ക് റീഫോർമ്‌സ് ഓരോ പോളിങ് ഘട്ടത്തിലും 48 മണിക്കൂറിനുള്ളിൽ പോളിങ് സ്‌റ്റേഷൻ കേന്ദ്രീകരിച്ചുള്ള വോട്ടർ കണക്കുകൾ പുറത്തുവിടാൻ സുപ്രിംകോടതിയിൽ അപേക്ഷിച്ചിരുന്നു. തുടക്കം മുതൽ അവസാനഘട്ടം വരെയുള്ള പോളിങ് കണക്കുകൾ തമ്മിലെ പൊരുത്തക്കേട് അഞ്ച് മുതൽ ആറ് ശതമാനം വരെയാണെന്ന് അന്ന് ചൂണ്ടിക്കാട്ടുകയും ചെയ്തിരുന്നു.

എന്നാൽ, പ്രായോഗിക വെല്ലുവിളികളും ലോജിസ്റ്റിക്ക് പ്രശ്നങ്ങളും ഡാറ്റ ദുരുപയോഗം ചെയ്യുമെന്നുമുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്റെ വാദം അംഗീകരിച്ച് സുപ്രിംകോടതി ഈ അപേക്ഷ നിരസിക്കുകയായിരുന്നു. വോട്ടിങ് കണക്കുകൾ ശേഖരിക്കുന്ന ഫോം 17 സി വിവരങ്ങൾ നൽകിയിട്ടുണ്ടെന്നും ഇത് പൊതുവിതരണത്തിനുള്ളതല്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ വാദിച്ചിരുന്നു.

തെരഞ്ഞെടുപ്പ് പ്രക്രിയയിലെ സുതാര്യതയേയും കൃത്യതയേയും കൂടുതൽ ജാഗ്രതയോടെ നിരീക്ഷിക്കാൻ ആഹ്വാനം ചെയ്യുന്നതാണ് മഹാരാഷ്ട്ര തെരഞ്ഞെടുപ്പിൽ കണ്ടെത്തിയ പൊരുത്തക്കേടുകളെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. വിവരശേഖരണത്തിലും അവ ക്രമീകരിക്കുന്നതിലുമുള്ള ബുദ്ധിമുട്ടാണ് ഇതിന് പിന്നിലെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വാദം. എന്നാൽ തുടർച്ചയായുള്ള ഈ പിഴവുകൾ സ്ഥിരീകരണ രീതികളെക്കുറിച്ചുള്ള കൃത്യതയെക്കുറിച്ച് ചോദ്യമുയർത്തുന്നു. പോളിങ് സ്‌റ്റേഷനുകളിലെ വിവരങ്ങൾ പൊതുസമൂഹത്തിലെത്താത്തതും സുപ്രിംകോടതിയിൽ അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക്ക് റീഫോർമ്‌സ് നൽകിയ അപേക്ഷ നിരസിച്ചതും വോട്ട് അന്തരത്തെക്കുറിച്ചുള്ള സംശയങ്ങൾ വർധിപ്പിക്കുന്നു.

ഇത്തരം പൊരുത്തക്കേടുകൾ തെരഞ്ഞെടുപ്പ് ഫലത്തിൽ വന്നേക്കാവുന്ന തെറ്റുകളിലേക്കും വിരൽ ചൂണ്ടുന്നതാണ്. ഭൂരിപക്ഷത്തിൽ കുറഞ്ഞ വ്യത്യാസം മാത്രമുള്ള മണ്ഡലങ്ങളിലെ ഫലങ്ങളെ ചോദ്യം ചെയ്യുന്നതുമാണ് ഈ കണക്കുകൾ. ഗോത്രസംവരണ മണ്ഡലമായ നവാപൂർ തന്നെയാണ് ഇതിനുദാഹരണം. തെരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കുകൾ പ്രകാരം ഇവിടെ രേഖപ്പെടുത്തിയ പോളിങ് 81.15 ശതമാനമാണ്, മണ്ഡലത്തിലെ ആകെ വോട്ടർമാരുടെ എണ്ണം 2,95,786 ആണ്. പോളിങ് ശതമാനക്കണക്കുകൾ പ്രകാരം ഇതിൽ 81.15 ശതമാനം 2,40,022 ആണ് വോട്ടുകളായിട്ടാണ് കണക്ക് വരുന്നതെന്നിരിക്കെ മണ്ഡലത്തിൽ എണ്ണിയത് 2,41,191 വോട്ടുകളാണ്, വോട്ടർമാരെക്കാൾ 1,171 വോട്ടുകളാണ് ഇവിടെ കൂടുതലുള്ളത്. മണ്ഡലത്തിലെ ഭൂരിപക്ഷം 1,122 ആണ്. ഈ കണക്ക് സംശയം ജനിപ്പിക്കുന്നതാണ്.

ഇതുതന്നെയാണ് മാവൽ മണ്ഡലത്തിലെ അവസ്ഥയും. എന്നാൽ ഇവിടെ വോട്ട് ചെയ്തതിനേക്കാൾ കുറവ് വോട്ടുകളാണ് എണ്ണിയത്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്ക് പ്രകാരം 3,86,172 വോട്ടർമാരാണ് മണ്ഡലത്തിലുള്ളത്, ഇവിടത്തെ വോട്ടിങ് ശതമാനം 72.59 ആണ്. അങ്ങനെയെങ്കിൽ വോട്ട് ചെയ്തിട്ടുള്ളവർ 2,80,319 പേരാണ്. എന്നാൽ ഇവിടെ എണ്ണിയ വോട്ടുകളുടെ എണ്ണം 2,79,081 ആണ്. പോളിനെക്കാളും 1,238 കുറവ്.

പല പൊരുത്തക്കേടുകൾക്കും ഉദ്യോഗസ്ഥരുടെ പിശകുകളെയോ ഇവിഎമ്മിന്റെ പിഴവിനെയോ ഡാറ്റ എൻട്രി പിഴവിനെയോ സാങ്കേതിക തകരാറുകളെയോ കാരണങ്ങളാക്കാവുന്നതാണ്. എന്നാൽ, ഈ പിഴവുകൾ തെരഞ്ഞെടുപ്പിന്റെ സുതാര്യതയേയും ഓഡിറ്റിങ്ങിന്റെ പ്രാധാന്യത്തെയും എടുത്തുകാണിക്കുന്നു.

പ്രശ്‌നത്തെ അഭിസംബോധന ചെയ്ത് കൃത്യമായ കണക്ക് പുറത്തുവിടുന്നതിലൂടെയും പൊരുത്തക്കേടുകളിൽ സമഗ്രമായ പരിശോധന നടത്തുന്നതിലൂടെയും പൊതുജനങ്ങൾക്ക് ഫലങ്ങളിൽ വിശ്വാസ്യത വരുത്താൻ തെരഞ്ഞെടുപ്പ് കമ്മീഷന് കഴിഞ്ഞേക്കാം. ജനാധിപത്യ പ്രക്രിയയിൽ വിശ്വാസം നിലനിർത്താൻ വ്യക്തമായ ആശയവിനിമയവും സുതാര്യതയും ആവശ്യമാണെന്നും വിദഗ്ധർ പറയുന്നു.

അവസാന മണിക്കൂറിൽ പോളിംഗ് നിരക്ക് കുത്തനെ ഉയർന്നതിലും കോൺഗ്രസ് സംശയം ചൂണ്ടിക്കാട്ടി. ബോംബെ ഹൈക്കോടതിയെ സമീപിക്കാനാണ് കോൺഗ്രസ് ഒരുങ്ങുന്നത്

TAGS :

Next Story