അന്ത്യമടുക്കുമ്പോള്‍ ആളുകള്‍ കാശിക്ക് പോകും; മോദിയെ പരിഹസിച്ച് അഖിലേഷ് യാദവ്
യു.പിയിലെ ഇറ്റാവയില്‍ മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയാണ് അഖിലേഷിന്‍റെ പരിഹാസം
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാരാണസി സന്ദര്‍ശനത്തിനെ പരിഹസിച്ച് സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്. കാശി വിശ്വനാഥ ക്ഷേത്ര ഇടനാഴി ഉദ്ഘാടനവുമായി ബന്ധപ്പെട്ടാണ് മോദിയുടെ ദ്വിദിന സന്ദര്‍ശനം. യു.പിയിലെ ഇറ്റാവയില്‍ മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയാണ് അഖിലേഷിന്‍റെ പരിഹാസം.
'ഇത് വളരെ നല്ലതാണ്. അദ്ദേഹത്തിന് (നരേന്ദ്രമോദി) അവിടെ ഒരു മാസമല്ല, രണ്ടോ മൂന്നോ മാസം പോലും താമസിക്കാം. താമസിക്കാനുള്ള സ്ഥലമാണ് അവിടം. ആളുകള്‍ ബനാറസില്‍ തങ്ങളുടെ അവസാന നാളുകള്‍ ചെലവഴിക്കുന്നു' -പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തെക്കുറിച്ച് അഖിലേഷ് പറഞ്ഞു. വാരാണസിയില്‍ ഒരു മാസം നീണ്ടുനില്‍ക്കുന്ന പരിപാടികള്‍ സര്‍ക്കാര്‍ ആസൂത്രണം ചെയ്തിട്ടുണ്ടല്ലോ എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. ജീവിതത്തിലെ അന്ത്യനാളുകള്‍ കാശിയിലോ വാരണാസിയിലോ ചെലവഴിക്കുന്നത് ശുഭകരമാണെന്ന ഹൈന്ദവ വിശ്വാസത്തെ പരാമർശിച്ചായിരുന്നു യുപി മുന്‍മുഖ്യമന്ത്രിയുടെ പ്രതികരണം.
യുപിയിലെ ബി.ജെ.പി സര്‍ക്കാരും അതിന്‍റെ അവസാന നാളുകളിലാണെന്നും ബി.ജെ.പിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ മന്ദഗതിയില്‍ അല്ലായിരുന്നെങ്കില്‍ ഇറ്റാവയിലെ ക്രിക്കറ്റ് സ്‌റ്റേഡിയം ഐ.പി.എല്‍ ആതിഥേയത്വം വഹിച്ചേനെയെന്നും, യു.പിയിലെ ഭരണസംവിധാനം ഇറ്റാവയോട് വിവേചനം കാട്ടിയെന്നും യാദവ് കൂട്ടിച്ചേര്‍ത്തു. 2017ൽ താൻ മുഖ്യമന്ത്രിയായിരിക്കെ ആരംഭിച്ച പദ്ധതികളുടെ ക്രെഡിറ്റ് ബി.ജെ.പി ഏറ്റെടുക്കാൻ ശ്രമിക്കുകയാണെന്ന് അഖിലേഷ് യാദവ് ആരോപിച്ചു. എന്‍റെയും നിങ്ങളുടെയും മുന്നില്‍ കള്ളം പറയുന്നതില്‍ അവര്‍ മിടുക്കരാണ്. എന്നാല്‍ ഈശ്വരന് മുന്നില്‍ കള്ളം പറയുന്നത് ഒഴിവാക്കണമെന്നും യാദവ് പറഞ്ഞു.
Adjust Story Font
16