കറാച്ചിയില്‍നിന്ന് മുംബൈയിലേക്ക് വിമാനം പറത്തിയ ജെആർഡി ടാറ്റ; എയര്‍ ഇന്ത്യ ടാറ്റ തിരിച്ചുപിടിക്കുമ്പോള്‍ ഓര്‍ക്കേണ്ട പേര്
എയര്‍ ഇന്ത്യ അതിന്‍റെ ജന്മഗൃഹത്തിലേക്കു തന്നെ മടങ്ങുന്നതായുള്ള വാര്‍ത്തകള്‍ വരുമ്പോള്‍ മറക്കാന്‍ പാടില്ലാത്തൊരു പേരുണ്ട്; ജെആർഡി ടാറ്റ. പൈലറ്റ് ലൈസന്‍സ് ലഭിക്കുന്ന ആദ്യ ഇന്ത്യക്കാരനാണ് ജഹാംഗീർ രത്തൻജി ദാദാബായ് ടാറ്റ എന്ന ജെആർഡി ടാറ്റ
ഇന്ത്യയുടെ ആദ്യ പൊതുമേഖലാ വിമാന കമ്പനി അതിന്‍റെ ജന്മഗൃഹത്തിലേക്കു തന്നെ മടങ്ങുമ്പോള്‍ മറക്കാന്‍ പാടില്ലാത്തൊരു പേരുണ്ട്; ജെആർഡി ടാറ്റ. പൈലറ്റ് ലൈസന്‍സ് ലഭിക്കുന്ന ആദ്യ ഇന്ത്യക്കാരനാണ് ജഹാംഗീർ രത്തൻജി ദാദാബായ് ടാറ്റ എന്ന ജെആർഡി ടാറ്റ. ഇന്ത്യൻ വ്യോമയാനരംഗത്തിന്‍റെ പിതാവ്. ഇന്ത്യയ്ക്ക് സ്വന്തമായൊരു വിമാന കമ്പനി സമ്മാനിച്ച ജെആർഡി ടാറ്റയുടെ ജീവിതം സംഭവബഹുലമാണ്.
ഹീറോ അഡോള്‍ഫ് പെഗോഡ്
രത്തൻജി ടാറ്റയുടെയും ഫ്രഞ്ച് സ്വദേശിയായ സൂസൻ ബ്രിയറിന്റെയും രണ്ടാമത്തെ മകനാണ് ജെആർഡി ടാറ്റ. ഇന്ത്യയിൽ ആദ്യമായി കാർ ഓടിച്ച വനിതയാണ് സൂസൻ. കുട്ടിക്കാലം മുഴുവൻ അമ്മയ്‌ക്കൊപ്പം ഫ്രാൻസിലായിരുന്നു ജെആർഡി കഴിഞ്ഞത്. അവിടെനിന്നാണ് വിമാനങ്ങളിലും ആകാശയാത്രകളിലുമെല്ലാം താൽപര്യം ജനിക്കുന്നത്.
വടക്കൻ ഫ്രാൻസിലെ ബുലോയിനിലെ ബീച്ച് റിസോർട്ടിലായിരുന്നു അവധിക്കാലം ചെലവഴിച്ചിരുന്നത്. ഇംഗ്ലീഷ് ചാനലിനു മുകളിലൂടെ പറക്കുന്ന ആദ്യത്തെയാളായ ലൂയിസ് ബ്ലെറിയോട്ടിന്റെ മകനൊപ്പമായിരുന്നു കളി. കളിക്കൂട്ടുകാരനിൽനിന്നു തന്നെ അച്ഛന്റെ വ്യോമയാന സാഹസികതകളെക്കുറിച്ച് ടാറ്റ ഏറെ കഥകള്‍ കേട്ടു. ഇതിനിടയിലാണ് ബ്ലെറിയോട്ടിന്റെ മുഖ്യ പൈലറ്റായിരുന്ന അഡോൾഫ് പെഗോഡ് ബീച്ചിൽ വിമാനമിറക്കുന്നത് കാണുന്നത്. അങ്ങനെ പെഗോഡ് ടാറ്റയുടെ ഹീറോയായി മാറി.
പെഗോഡ് ടാറ്റയെ നിരന്തരം ഉത്തേജിപ്പിച്ചുകൊണ്ടിരുന്നു. മനസിനുള്ളിൽ ആകാശസഞ്ചാരത്തെക്കുറിച്ചുള്ള മോഹങ്ങൾ കൂടുതൽ തീവ്രമായി. അങ്ങനെ 15-ാം വയസിൽ പൈലറ്റാകണമെന്നു തീരുമാനിച്ചുറപ്പിച്ചു. ഇതിനിടയിൽ ഇന്ത്യയിൽ തിരിച്ചെത്തി. പിന്നീട് ഒൻപത് വർഷം കഴിഞ്ഞാണ് പഴയ ബോംബെയിൽ ഒരു ഫ്‌ളയിങ് ക്ലബ് തുറക്കുന്നത്. അങ്ങനെ ക്ലബില്‍ ചേര്‍ന്നു. വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവില്‍ 1929ൽ ജെആർഡി ടാറ്റ പൈലറ്റ് ലൈസൻസ് സ്വന്തമാക്കുകയും ചെയ്തു. വിമാനം പറത്താനുള്ള ലൈസൻസ് സ്വന്തമാക്കുന്ന ആദ്യ ഇന്ത്യക്കാരനും ഇന്ത്യന്‍ വ്യോമയാനചരിത്രത്തിന്‍റെ പിതാവുമായി അങ്ങനെ ടാറ്റ.
ആദ്യ വിമാനംപറത്തലും ടാറ്റ എയറിന്റെ ജന്മവും
1932ൽ മറ്റൊരു ചരിത്രവും ജെആർഡി ടാറ്റ കുറിച്ചു; ഇന്ത്യൻ വ്യോമയാനചരിത്രത്തിലെ ആദ്യ വാണിജ്യ വിമാനം സ്വന്തമായി പറത്തിക്കൊണ്ടായിരുന്നു അത്. കറാച്ചിയിൽനിന്ന് പറന്നുയർന്ന വിമാനം ബോംബെയിലെ ജുഹു ബീച്ചിലാണ് ലാൻഡ് ചെയ്ത്. അങ്ങനെ ഇന്ത്യയുടെ ആദ്യത്തെ വ്യോമയാന സർവീസിനും തുടക്കം കുറിച്ചു.
രാജ്യത്ത് വ്യോമയാന സർവീസിന് തുടക്കം കുറിച്ചയാളാണെങ്കിലും അതിന്റെ ക്രെഡിറ്റ് ജെആർഡി സ്വയം ഏറ്റെടുക്കാറില്ല. പകരം, റോയൽ എയർഫോഴ്‌സ് ഉദ്യോഗസ്ഥനായ നെവിൽ വിൻസെന്റിനാണ് ടാറ്റ എല്ലാ ക്രെഡിറ്റും നൽകുന്നത്. ഇന്ത്യയിൽ ഒരു എയർലൈൻ ആരംഭിക്കാനുള്ള പ്രോജക്ട് ജെആർഡി ടാറ്റയ്ക്കുമുന്‍പില്‍ വയ്ക്കുന്നത് നെവിൽ ആണ്. എന്നാൽ, അന്ന് ടാറ്റ സൺസ് ചെയർമാനായിരുന്ന ദൊറാബ് ടാറ്റയ്ക്ക് ഇക്കാര്യത്തിൽ അത്ര താൽപര്യമുണ്ടായിരുന്നില്ല. എന്നാൽ, രണ്ടു ലക്ഷം മാത്രമായിരുന്നു നിക്ഷേപത്തുക. ജെആർഡിയുടെ ഉപദേഷ്ടാവും സുഹൃത്തുമായ ജോൺ പീറ്റേഴ്‌സന്റെ പ്രേരണ കൂടിയായതോടെ പദ്ധതി ഏറ്റെടുക്കാൻ ദൊറാബ് തീരുമാനിച്ചു.
ഒടുവിൽ 1932ൽ ടാറ്റ എയർലൈൻസിന് തുടക്കം കുറിച്ചു. അന്ന് വിമാനസർവീസ് ആരംഭിക്കുമ്പോഴുണ്ടായിരുന്ന പ്രതികൂല സാഹചര്യങ്ങളെക്കുറിച്ച് ഒരു അഭിമുഖത്തിൽ ടാറ്റ ഓർമിക്കുന്നുണ്ട്. റേഡിയോയോ പൈലറ്റ് അടക്കമുള്ള വിമാനജീവനക്കാർക്ക് മാർഗനിർദേശങ്ങളും സന്ദേശങ്ങളും നൽകാനുള്ള സംവിധാനങ്ങളോ അന്നുണ്ടായിരുന്നില്ല. മുംബൈയിലൊരു വിമാനനിലയം പോലുമുണ്ടായിരുന്നില്ല. ജുഹുവിലെ മൺനിലമായിരുന്നു വിമാനമിറക്കാന്‍ ഉപയോഗിച്ചിരുന്നത്. മഴക്കാലത്ത് റൺവേ വെള്ളത്തിലാകും. അതോടെ രണ്ട് വിമാനങ്ങളും മൂന്നു പൈലറ്റുമാരുമായി പൂനെയിലേക്കു മാറും. പിന്നീടാണ് പൂനെയിൽ ഒരു വ്യോമനിലയം ആരംഭിക്കാനുള്ള അനുമതി കമ്പനിക്ക് ലഭിക്കുന്നത്.
എയർ ഇന്ത്യയിലേക്ക്
തുടക്കത്തിൽ മെയിൽ സർവീസിനായുള്ള ചെറുവിമാനങ്ങളായിരുന്നു ഉണ്ടായിരുന്നത്. എന്നാൽ, 1936ഓടെ വലിയ വിമാനങ്ങൾ അവതരിപ്പിക്കപ്പെട്ടു. പൈലറ്റുമാർക്ക് പുത്തൻ സാങ്കേതികവിദ്യകൾ പരിചയപ്പെടുത്താനായി ഇംഗ്ലണ്ടിൽനിന്ന് പരിശീലകരെ കൊണ്ടുവന്നു ടാറ്റ. അങ്ങനെ പൈലറ്റ് പരിശീലനകേന്ദ്രവും ആരംഭിച്ചു.
1937ൽ ബോംബെ-ഡൽഹി സർവീസ് ആരംഭിച്ചു. ഇതിനിടെയാണ് രണ്ടാം ലോകയുദ്ധം വരുന്നതും ടാറ്റയുടെ ഉൾപ്പെടെയുള്ള എല്ലാ സേവനങ്ങളും സർക്കാർ ഏറ്റെടുക്കുന്നതും. 1946ൽ ടാറ്റ എയർലൈൻസ് പൊതുമേഖലാ സ്ഥാപനമാക്കുകയും എയർ ഇന്ത്യയായി പേരുമാറ്റുകയും ചെയ്തു. 1953ല്‍ ടാറ്റയില്‍ നിന്ന് കമ്പനി കേന്ദ്ര സര്‍ക്കാര്‍ ഏറ്റെടുത്തു. തുടര്‍ന്നും 1977 വരെ ജെആര്‍ഡി ടാറ്റ ആയിരുന്നു എയര്‍ ഇന്ത്യയുടെ ചെയര്‍മാന്‍. 2001ല്‍ എയര്‍ ഇന്ത്യ ഏറ്റെടുക്കാന്‍ ടാറ്റ ഗ്രൂപ്പ് ശ്രമിച്ചെങ്കിലും തല്‍ക്കാലം വില്‍പന വേണ്ടെന്നു സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു.
Adjust Story Font
16