Quantcast

അന്ന് രാംലീല മൈതാനത്ത് ലതാ മങ്കേഷ്കര്‍ പാടി, നെഹ്റു കണ്ണീരണിഞ്ഞു

സി രാമചന്ദ്രയുടെ സംഗീതത്തിൽ ലതാജി പാടിയ 'ആയേ മേരി വതൻ' ആലാപനം അത്രമേൽ മനുഷ്യനിലേക്ക് ആഴ്ന്നിറങ്ങുകയായിരുന്നു

MediaOne Logo

Web Desk

  • Updated:

    6 Feb 2022 12:06 PM

Published:

6 Feb 2022 8:00 AM

അന്ന് രാംലീല മൈതാനത്ത് ലതാ മങ്കേഷ്കര്‍ പാടി, നെഹ്റു കണ്ണീരണിഞ്ഞു
X

ലതാ മങ്കേഷ്കര്‍ 1963ൽ രാംലീലാ മൈതാനത്ത് പാടിയ 'ആയേ മേരി വതന്‍' ദേശീയതയുടെ സ്വരശുദ്ധിയായി. ചൈനാ യുദ്ധാനന്തരം പാടിയ ആ ഗാനം കേട്ട് അന്നത്തെ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റു കണ്ണീരണിഞ്ഞു. നെഹ്റു ലത മങ്കേഷ്കറെ ഇന്ത്യയുടെ വാനമ്പാടിയെന്ന് വിശേഷിപ്പിച്ചതും ഈ ഗാനത്തിനു പിന്നാലെയായിരുന്നു. സി രാമചന്ദ്രയുടെ സംഗീതത്തിൽ ലതാജി പാടിയ 'ആയേ മേരി വതൻ' ആലാപനം അത്രമേൽ മനുഷ്യരിലേക്ക് ആഴ്ന്നിറങ്ങുകയായിരുന്നു.

ബോളിവുഡ് താരം അമിതാഭ് ബച്ചന്‍ അയല്‍രാജ്യത്തെ ഒരു സുഹൃത്ത് പറഞ്ഞത് വെളിപ്പെടുത്തുകയുണ്ടായി- "നിങ്ങള്‍ക്കുള്ള രണ്ടെണ്ണമൊഴിച്ച് എല്ലാം ഞങ്ങളുടെ രാജ്യത്തുണ്ട്. താജ്മഹലും ലതാ മങ്കേഷ്കറും ഞങ്ങള്‍ക്കില്ല".

സിനിമകളുടെ ഉള്ളറിഞ്ഞുള്ള ഇന്ത്യയുടെ വാനമ്പാടിയുടെ ആലാപനത്തിന് മുന്നിൽ അടിയറവ് പറയാത്ത റെക്കോർഡുകളില്ല. നരസിംഹ അവതാർ എന്ന ചിത്രത്തിലെ നായിക ശോഭന സമർത്ഥന് വേണ്ടി പാടിയ ലത, ശോഭനയുടെ മക്കളായ നൂതൻ, തനൂജ എന്നിവർക്കും തനൂജയുടെ മകൾ കാജോളിനും വേണ്ടി പാടി തലമുറകളുടെ ഗായികയായി.

24 ആം വയസ്സിൽ തുടങ്ങിയ റെക്കോർഡുകൾ- 1952ലെ പൂനം, 53ലെ ഔരത്ത്, 54ലെ ബാപ് ബേട്ടി, 64ലെ യാദെ തുടങ്ങി നിരവധി ചിത്രങ്ങളിലെ മുഴുവൻ ഗാനങ്ങളും ലതാ മങ്കേഷ്കർ പാടി. അക്കാലത്തെ പ്രമുഖ ഗായകരെ മറന്ന് ജനം റേഡിയോക്ക് മുന്നിൽ ലതയുടെ ശബ്ദം ആസ്വദിച്ചു. ഇപ്പോഴും ഈ നിമിഷവും ആ ഗാനങ്ങൾ നമ്മെ തഴുകിക്കൊണ്ടേയിരിക്കുന്നു. മധുബാലയും ലതാ മങ്കേഷ്കറും ഒന്നിച്ചപ്പോള്‍ വഴിത്തിരിവായ മഹലിന് ശേഷം ഏത് സിനിമയിൽ കരാർ ഒപ്പിടുമ്പോഴും മധുബാലയുടെ നിർബന്ധം അത് ലതാ മങ്കേഷ്കർ എന്ന ഇതിഹാസം ഒപ്പം വേണമെന്നായിരുന്നു.

പുരസ്കാരങ്ങളുടെ കൊടുമുടിയേറ്റി രാജ്യം എന്നും ലതാജിയെ ആദരിച്ചു. 1969ൽ പദ്മഭൂഷൻ, 1989ൽ ദാദാസഹേബ് ഫാൽക്കെ പുരസ്കാരം, 1999ൽ പദ്മ വിഭൂഷൻ, 2001ൽ ഭാരത് രത്ന, മൂന്ന് ദേശീയ പുരസ്കാരം. അങ്ങനെയങ്ങനെ... 1969ൽ പുതിയ പ്രതിഭകളെ പ്രോത്സാഹിപ്പിക്കുന്നതിനായി ഫിലിംഫെയർ അവാർഡ് പോലും ലതാജി ഉപേക്ഷിച്ചു. സംഗീതനാടക അക്കാദമിയുടെയുൾപ്പടെ ഡോക്ട്രേറ്റുകളും നേടി.

ചരിത്രത്തിൽ ഏറ്റവും കൂടുതൽ റെക്കോർഡ് ചെയ്ത ഗാനങ്ങളുടെ ഗിന്നസ് റെക്കോർഡിൽ ഇടം നേടിയതും രാജ്യത്തിന്റെ വാനമ്പാടിയുടെ പൊൻകിരീടത്തിലെ ഒരു തൂവൽമാത്രമാണ്. 36 ഭാഷകളിലായി അന്‍പതിനായിരത്തില്‍ അധികം ഗാനം. ലതാജി നിലക്കാത്ത പുഴ പോലെ ഒഴുകിക്കൊണ്ടേയിരിക്കും.

TAGS :

Next Story