1948ൽ സർദാർ പട്ടേലെടുത്ത ആ തീരുമാനം: ആർഎസ്എസ്- നിരോധനത്തിന് മുമ്പും ശേഷവും...
ആർഎസ്എസ് അഴിച്ചുവിടുന്ന അക്രമങ്ങളുടെ അവസാനത്തെ ഇര മഹാത്മാഗാന്ധിയാണെന്നായിരുന്നു സംഘടനക്ക് നിരോധനമേർപ്പെടുത്തിക്കൊണ്ട് ആഭ്യന്തരമന്ത്രാലയത്തിന്റെ പ്രസ്താവന
സ്വാതന്ത്ര്യസമര സേനാനി, ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ മുതിർന്ന നേതാവ് എന്നീ പദവികൾക്കപ്പുറം രാജ്യത്തിന്‍റെ ഏകീകരണത്തിന്റെ പ്രധാന ശിൽപികളിലൊരാളായിരുന്നു സർദാർ വല്ലഭായ് പട്ടേൽ. അദ്ദേഹത്തിന് മാത്രം സ്വന്തമായ,അല്ലെങ്കിൽ അദ്ദേഹത്തിന്റെ പേരിനോടു മാത്രം ചേർത്തു വായിക്കപ്പെടേണ്ട പലതിനും പങ്കുപറ്റാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപി സർക്കാരും കിണഞ്ഞ് ശ്രമിക്കുന്നത് കുറച്ചു കാലമായി കണ്ടുവരുന്നതാണ്.
സർദാർ പട്ടേലിനെ ബിജെപി ഇത്രയധികം ആരാധിക്കുന്നതിൽ ചെറുതായെങ്കിലുമൊരു വിചിത്രത തോന്നുന്നത് 1948ൽ ആർഎസ്എസിനെ നിരോധിച്ചുകൊണ്ട് സർദാർ വല്ലഭായ് പട്ടേലിറക്കിയ ഉത്തരവ് കണക്കിലെടുക്കുമ്പോഴാണ്. മഹാത്മാ ഗാന്ധിയുടെ വധത്തിന് പിന്നാലെയായിരുന്നു നടപടി. രാജ്യത്ത് വെറുപ്പും വിദ്വേഷവും പടർത്തുന്ന സംഘടനയാണ് ആർഎസ്എസെന്നായിരുന്നു പട്ടേലിന്റെ പ്രസ്താവന.
1948 ഫെബ്രുവരി 4നാണ് സർക്കാർ ആർഎസ്എസിനെ നിരോധിക്കുന്നത്. അതാണ് സംഘടന നേരിട്ട ആദ്യ നിരോധനവും. ആർഎസ്എസ് അഴിച്ചുവിടുന്ന അക്രമങ്ങളുടെ അവസാനത്തെ ഇര മഹാത്മാഗാന്ധിയാണെന്നായിരുന്നു സംഘടനക്ക് നിരോധനമേർപ്പെടുത്തിക്കൊണ്ട് ആഭ്യന്തരമന്ത്രാലയത്തിന്റെ പ്രസ്താവന. കൊള്ളയും കൊലയും പൊതുമുതൽ നശിപ്പിക്കലും അനധികൃതമായി ആയുധം കൈവശം വയ്ക്കലും ഭീകരവാദ പ്രവർത്തനങ്ങളുമെല്ലാം ആർഎസ്എസിന്റെ മുഖമുദ്രയാണെന്ന് സർദാർ പട്ടേലും ആഭ്യന്തര മന്ത്രാലയവും ചൂണ്ടിക്കാട്ടി. ജനങ്ങളെയും സർക്കാരിനെയും ഭിന്നിപ്പിക്കാൻ ആർഎസ്എസിൽ നിന്ന് നിരന്തര ശ്രമങ്ങളുണ്ടെന്ന് സർക്കാർ വാദിച്ചു. സർക്കാരിനെതിരെ പ്രവർത്തിക്കാൻ പൊലീസിനെയും പട്ടാളത്തെയും സ്വാധീനിക്കാൻ ശ്രമിച്ചതിന് തെളിവുകളുമുണ്ടായിരുന്നു.
ഈ സംഭവങ്ങൾക്കൊക്കെയും ഉത്തരം നൽകാൻ കഠിന സമ്മർദം ആർഎസ്എസിന് മേൽ ആ സമയത്ത് ഉടലെടുത്തു. മഹാത്മാ ഗാന്ധിയുടെ വധത്തോടെ രാജ്യവ്യാപകമായി തങ്ങൾക്കെതിരെ ഉയർന്ന പ്രതിഷേധം തണുപ്പിക്കുന്നതിനും സംഭവത്തിൽ തങ്ങൾക്ക് പങ്കില്ലെന്ന വരുത്തിത്തീർക്കുന്നതിനും അന്നത്തെ ആർഎസ്എസ് നേതൃത്വം തെല്ലൊന്നുമല്ല പരിശ്രമിച്ചത്.
സംഘചാലക് ആയിരുന്ന എംഎസ് ഗോൾവാക്കർ മഹാത്മാഗാന്ധിയുടെ നിര്യാണത്തിൽ 13 ദിവസം ദുഖമാചരിക്കാൻ എല്ലാ ശാഖകൾക്കും നിർദേശം നൽകി. ആർഎസ്എസിന്റെ രണ്ട് മുതിർന്ന നേതാക്കളായ ലാലാ ഹൻസ് രാജ് ഗുപ്തയെയും വസന്ത് റാവു ഒകെയെയും അനുശോചനങ്ങളുമായി സംഘടന ബിർള ഭവനിലേക്ക് അയച്ചു. എന്നാൽ ഈ ശ്രമങ്ങളൊന്നും ഫലം കണ്ടില്ലെന്ന് മാത്രമല്ല, രാഷ്ട്രപിതാവിന്റെ മരണത്തിന് കാരണം ആർഎസ്എസ് ആണെന്ന് പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റു അമൃത്സറിൽ പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തു.
പ്രതിഷേധങ്ങൾക്കെല്ലാമൊടുവിൽ ഫെബ്രുവരി 4ന് സംഘടനയെ ഔദ്യോഗികമായി സർക്കാർ നിരോധിച്ചു. എല്ലാ മേഖലയിലും ഹിന്ദുവിഭാഗത്തിന്റെ ക്ഷേമം ഉറപ്പു വരുത്തുക,അതേ സമയം തന്നെ സാഹോദര്യം നിലനിർത്തുക, സമൂഹസേവനം ചെയ്യുക തുടങ്ങി മുന്നോട്ട് വയ്ക്കുന്ന ആശയങ്ങളുമായി ആർഎസ്എസ് യാതൊരു ബന്ധവും പുലർത്തുന്നില്ലെന്നും സർക്കാരിന് രാജ്യത്തിന്റെ ക്ഷേമം ഉറപ്പുവരുത്തേണ്ടതിന്റെ ഉത്തരവാദിത്തമുണ്ടെന്നും നിരോധന ഉത്തരവിൽ സർക്കാർ ചൂണ്ടിക്കാട്ടി.
ആർഎസ്എസ് സംഘാംഗങ്ങൾ ദേശവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നുണ്ടെന്നും ഭീകരപ്രവർത്തനങ്ങളിൽ പങ്കെടുക്കാൻ ആളുകളെ ക്ഷണിക്കുന്നുണ്ടെന്നും ഉത്തരവിൽ വ്യക്തമാക്കിയ സർക്കാർ ആർഎസ്എസ് അതിക്രമങ്ങളുടെ അവസാനത്തെ ഇര രാഷ്ട്രപിതാവാണെന്നും ഉത്തരവിൽ പറഞ്ഞു.
എന്നാൽ ഈ ഉത്തരവ് കൊണ്ടൊന്നും ആർഎസ്എസിനെ പൂർണമായി പിടിച്ചു കെട്ടാനായില്ല. നിരോധനത്തിന് ശേഷവും സംഘടന രഹസ്യമായി തങ്ങളുടെ പ്രവർത്തനങ്ങൾ തുടർന്നു. ഇന്നും രാജ്യത്ത് ബിജെപി സർക്കാരിന്റെ പ്രവർത്തനങ്ങളിൽ സംഘടനക്ക് സ്വാധീനമുണ്ട്. യഥാർഥ ദേശസ്‌നേഹികളെന്ന പേരിലാണ് നിലവിൽ പ്രവർത്തനമെന്ന ചെറിയ വ്യത്യാസം മാത്രം.
ഒരുകാലത്ത് ആർഎസ്എസിനെ നിരോധിച്ച സർക്കാരിന്റെ സ്ഥാനത്ത് ഇന്ന് അതേ ആർഎസ്എസിനോട് ചായ്‌വ് ഉള്ള നരേന്ദ്ര മോദി അടക്കമുള്ളവരാണെന്നതാണ് ശ്രദ്ധേയമായ കാര്യം. അന്ന് രാജ്യമൊട്ടാകെ ആർഎസ്എസിനെതിരാണെങ്കിൽ ഇന്ന് ആർഎസ്എസ് അനുബന്ധ സംഘടനയായ ബിജെപി 12 സംസ്ഥാനങ്ങളുടെ തലപ്പത്തുണ്ട്. അതും വൻ ഭൂരിപക്ഷത്തോടെ... ഓരോ വർഷവും വലിയ രീതിയിൽ ആർഎസ്എസിന്റെ സ്ഥാപകദിനവും ഇവിടങ്ങളിൽ ആഘോഷിക്കുന്നുണ്ട്.
Adjust Story Font
16