Quantcast

തരൂരും കാര്‍ത്തി ചിദംബരവും പ്രതിഷേധിക്കുന്നില്ലെന്ന് ഡിഎംകെയുടെ പരാതി; സ്വയം നടുത്തളത്തിലിറങ്ങി സോണിയ

വിവിധ വിഷയങ്ങളിൽ പ്രതിഷേധിച്ചാണ് പ്രതിപക്ഷ എംപിമാർ മുദ്രാവാക്യങ്ങളുമായി സർക്കാറിനെതിരെ രംഗത്തുവന്നത്

MediaOne Logo

Web Desk

  • Updated:

    2022-08-04 10:55:23.0

Published:

4 Aug 2022 10:54 AM GMT

തരൂരും കാര്‍ത്തി ചിദംബരവും പ്രതിഷേധിക്കുന്നില്ലെന്ന് ഡിഎംകെയുടെ പരാതി; സ്വയം നടുത്തളത്തിലിറങ്ങി സോണിയ
X

ന്യൂഡൽഹി: ഏതാനും കോൺഗ്രസ് എംപിമാർ നടുത്തളത്തിലിറങ്ങി പ്രതിഷേധിക്കുന്നില്ലെന്ന ഡിഎംകെ അംഗത്തിന്റെ പരാതിയിൽ നേരിട്ട് ഇടപെട്ട് കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി. പരാതി കേട്ട സോണിയ സ്വയം നടുത്തളത്തിലിറങ്ങി പ്രതിഷേധത്തിന്റെ ഭാഗമാകുകയായിരുന്നു. പാർലമെന്റിൽ ബുധനാഴ്ച നടന്ന സംഭവം എൻഡിടിവിയാണ് റിപ്പോർട്ടു ചെയ്തത്.

രാഷ്ട്രീയ എതിരാളികൾക്കെതിരെ കേന്ദ്ര ഏജൻസികളെ ഉപയോഗിക്കുന്നത് അടക്കം വിവിധ വിഷയങ്ങളിൽ പ്രതിഷേധിച്ചാണ് പ്രതിപക്ഷ എംപിമാർ മുദ്രാവാക്യങ്ങളുമായി സർക്കാറിനെതിരെ രംഗത്തുവന്നത്. ഉച്ചയ്ക്ക് സഭ പുനരാരംഭിച്ച ഉടൻ കോൺഗ്രസ്, ഡിഎംകെ, ഇടത് അംഗങ്ങൾ നടുത്തളത്തിലിറങ്ങി മുദ്രാവാക്യം വിളി ആരംഭിച്ചു.

എന്നാൽ കോൺഗ്രസ് അംഗങ്ങളായ ശശി തരൂരും കാർത്തി ചിദംബരവും അവരുടെ സീറ്റിൽ തന്നെ നിന്നു. ഇതു കണ്ട് തമിഴ്‌നാട്ടിൽനിന്നുള്ള ഡിഎംകെ എംപി ദയാനിധി മാരൻ, ഇവർ പ്രതിഷേധത്തിന്റെ ഭാഗമാകുന്നില്ലെന്ന് സോണിയയോട് പരാതി പറഞ്ഞു. പരാതി കേട്ട് ചിരിച്ച സോണിയ 'ഞാൻ നടുത്തളത്തിലേക്ക് വരാം' എന്ന് മറുപടി നൽകി.

സീറ്റിൽനിന്ന് എഴുന്നേറ്റ് പുറത്തേക്കു വരുമ്പോൾ കോൺഗ്രസ് അംഗങ്ങൾ ആരോഗ്യകാരണങ്ങൾ പരിഗണിച്ച് അങ്ങനെ ചെയ്യരുതെന്ന് അഭ്യർത്ഥിച്ചു. ഇതോടെ ചിദംബരവും തരൂരും നടുത്തളത്തിലെ പ്രതിഷേധത്തിന്റെ ഭാഗമാകുകയും ചെയ്തു.

നേരത്തെ, അധീർ രഞ്ജൻ ചൗധരിയുടെ രാഷ്ട്രപത്‌നി പരാമർശത്തിൽ സോണിയ കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്കെതിരെ രോഷം പ്രകടിപ്പിച്ചത് വാർത്തയായിരുന്നു.

സോണിയയ്ക്കും അധീർ രഞ്ജൻ ചൗധരിക്കും എതിരെ ബി.ജെ.പി എം.പിമാരുടെ ശക്തമായ പ്രതിഷേധത്തെ തുടർന്ന് ലോക്‌സഭ നിർത്തിവെച്ച ഇടവേളയ്ക്കിടെയായിരുന്നു വാക്കേറ്റം. മുതിർന്ന ബി.ജെ.പി എം.പി രമാ ദേവിയോട് സോണിയ സംസാരിക്കുന്നതിനിടെയാണ് സംഭവം. 'അധിർ രഞ്ജൻ ചൗധരി ഇതിനകം മാപ്പ് പറഞ്ഞിരുന്നു. എന്തിനാണ് എന്നെ ഇതിലേക്ക് വലിച്ചിഴക്കുന്നത്?' എന്നായിരുന്നു സോണിയയുടെ ചോദ്യം. എന്നാൽ ഇതിനിടെ സ്മൃതി ഇറാനി ഇടയിൽ കയറി ''മാഡം ഞാൻ നിങ്ങളെ സഹായിക്കട്ടെ'' എന്നു സോണിയയോട് പറഞ്ഞു. എന്നോട് സംസാരിക്കരുതെന്നായിരുന്നു സോണിയയുടെ മറുപടി.

TAGS :

Next Story