Quantcast

കടുത്ത എതിരാളികളായിരുന്ന സമയത്തും കോൺഗ്രസ് പ്രതികാരബുദ്ധിയോടെ പെരുമാറിയിട്ടില്ല: ഉദ്ധവ് താക്കറെ

''മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ ബാൽ താക്കറെ രൂക്ഷമായി വിമർശിച്ചിട്ടും കേന്ദ്ര ഏജൻസികൾ ശിവസേന നേതാക്കളുടെ വാതിലിൽ മുട്ടിയിരുന്നില്ല''

MediaOne Logo

Web Desk

  • Updated:

    2024-08-20 19:40:41.0

Published:

20 Aug 2024 3:57 PM GMT

Uddhav Thackeray
X

മുംബൈ: കടുത്ത എതിരാളികളായി നിന്നിരുന്നപ്പോഴും കോണ്‍ഗ്രസ് പ്രതികാര ബുദ്ധിയോടെ പെരുമാറിയിരുന്നില്ലെന്ന് ഉദ്ധവ് വിഭാഗം ശിവസേന നേതാവ് ഉദ്ധവ് താക്കറെ.

പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധിയെ പാർട്ടി സ്ഥാപകൻ ബാൽ താക്കറെ നിശിതമായി വിമര്‍ശിച്ചിട്ടും കേന്ദ്ര അന്വേഷണ ഏജൻസികൾ ശിവസേന നേതാക്കളുടെ വാതിലിൽ മുട്ടിയിരുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ബി.ജെ.പിയെ ലക്ഷ്യമിട്ടാണ് ഉദ്ധവ് താക്കറെയുടെ വിമര്‍ശനം.

രാജീവ് ഗാന്ധിയുടെ ജന്മവാർഷികത്തോടനുബന്ധിച്ച് മുംബൈയിൽ നടന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുംബൈ കോണ്‍ഗ്രസ് യൂണിറ്റാണ് പരിപാടി സംഘടിപ്പിച്ചത്.

'പണ്ട്, ശിവസേനയും കോൺഗ്രസും കടുത്ത എതിരാളികളായിരുന്നു, പക്ഷേ അവർ ഒരിക്കലും പ്രതികാരബുദ്ധിയോടെ പ്രവർത്തിച്ചിരുന്നില്ല. വെല്ലുവിളികള്‍ നേരിട്ട പ്രധാനമന്ത്രിയായിരുന്നു രാജീവ് ഗാന്ധി. എന്നാല്‍ മണിപ്പൂരിലും കശ്മീരിലും സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടപ്പോള്‍ ഇപ്പോഴത്തെ സര്‍ക്കാര്‍, ഒഴിഞ്ഞുമാറി നടക്കുകയാണെന്നും ഉദ്ധവ് താക്കറെ പറഞ്ഞു.

അതേസമയം മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പ് സംസ്ഥാനത്തിന്റെ ആത്മാഭിമാനം സംരക്ഷിക്കാനുള്ള പോരാട്ടമായിരിക്കുമെന്ന് മഹാവികാസ് അഘാഡി(എം.വി.എ) യോഗത്തിൽ ഉദ്ധവ് താക്കറെ വ്യക്തമാക്കി. എം.വി.എയുടെ മുഖ്യമന്ത്രിയായി കോൺഗ്രസും എൻ.സി.പി (എസ്പി)യും പ്രഖ്യാപിക്കുന്ന ഏത് സ്ഥാനാർത്ഥിയെയും പിന്തുണയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയായി ആര് വരും എന്നതിനെച്ചൊല്ലി മഹാവികാസ് അഘാഡിയിൽ പ്രശ്‌നമുണ്ടെന്ന തരത്തിൽ വാർത്തകൾ വന്നിരുന്നു. ഈ റിപ്പോർട്ടുകൾക്ക് കൂടിയാണ് ഉദ്ധവ് താക്കറെ മറുപടി പറഞ്ഞത്.

അതേസമയം ഹരിയാനക്കൊപ്പം ഇക്കുറി മഹാരാഷ്ട്രയിലേക്കുള്ള തെരഞ്ഞെടുപ്പ്, കമ്മീഷൻ പ്രഖ്യാപിച്ചിട്ടില്ല. സംസ്ഥാനത്തെ ഉത്സവ സീസണുകളും മഴയെ തുടർന്ന് വോട്ടർപട്ടിക പുതുക്കാത്തതുമൊക്കെയാണ് കമ്മീഷൻ ചൂണ്ടിക്കാട്ടിയത്. എന്നാൽ ലോക്‌സഭാ തെരഞ്ഞെടുപ്പിലേറ്റ പ്രഹരം നിയമസഭയിലും ഉണ്ടാകുമെന്ന് ഭയന്ന് തെരഞ്ഞെടുപ്പ് കമ്മീഷനെക്കൊണ്ട് ബിജെപി തെരഞ്ഞെടുപ്പ് നീട്ടിയെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്.

TAGS :

Next Story