റഫാൽ അഴിമതി, പേടിച്ച് പിന്മാറില്ല; സത്യം ഞങ്ങള്‍ക്കൊപ്പം- രാഹുൽ ഗാന്ധി
റഫാല്‍ കരാറിനായി ദസോ എവിയേഷന്‍ 65 കോടി രൂപ ഇടനിലക്കാരന്‍ സുഷേന്‍ ഗുപ്തക്ക് കൈക്കൂലി നല്‍കിയെന്ന് കഴിഞ്ഞ ദിവസം ഫ്രഞ്ച് മാധ്യമം മീഡിയപാര്‍ട്ട് വെളിപ്പെടുത്തിയിരുന്നു
അഴിമതിക്കെതിരെയുള്ള പോരാട്ടത്തിൽ നിന്ന് പിന്മാറില്ല. സത്യം തങ്ങളോടപ്പം ഉണ്ടെന്നും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. റഫാൽ അഴിമതിയെ കുറിച്ച് ഫ്രഞ്ച് പോർട്ടലിന്റെ പുതിയ വെളിപ്പെടുത്തലിനോട് പ്രതികരിക്കുകയായിരുന്നു രാഹുൽ ഗാന്ധി.
'ഓരോ ചുവടിലും സത്യം നിങ്ങളോടൊപ്പമുണ്ടെങ്കിൽ പിന്നെ എന്താണ് വിഷമിക്കേണ്ടത്? എന്റെ കോൺഗ്രസ് സഹപ്രവർത്തകർ അഴിമതി നിറഞ്ഞ കേന്ദ്ര സർക്കാരിനെതിരെ ഇതുപോലെ പോരാടുക. നിർത്തരുത്, തളരരുത്, ഭയപ്പെടരുത്,' #RafaleScam എന്ന ഹാഷ്ടാഗ് ഉപയോഗിച്ച് ഹിന്ദിയിൽ എഴുതിയ ട്വീറ്റിൽ രാഹുൽ പറഞ്ഞു.
जब पग-पग पर सत्य साथ है,
— Rahul Gandhi (@RahulGandhi) November 9, 2021
तो फ़िक्र की क्या बात है?
मेरे कांग्रेस साथियों-
भ्रष्ट केंद्र सरकार के ख़िलाफ़ ऐसे ही लड़ते रहो। रुको मत, थको मत, डरो मत!#RafaleScam pic.twitter.com/McJJJGEI5c
ഇന്ത്യയും ഫ്രാൻസും തമ്മിലുള്ള റഫാൽ യുദ്ധവിമാന കരാറിലെ ഇടനിലക്കാരൻ സുഷൻ ഗുപ്തക്ക് റഫാൽ നിർമാതാക്കളായ ദസോ ഏവിയേഷൻ 65 കോടി രൂപ കൈക്കൂലി നൽകിയെന്നും ഇത് സംബന്ധിച്ച കൃത്യമായ വിവരം ഉണ്ടായിട്ടും അന്വേഷണ ഏജൻസികൾ മൗനം പാലിച്ചു എന്നുമുള്ള ഫ്രഞ്ച് വെബ് പോർട്ടലായ മീഡിയ പാർട് വെളിപ്പെടുത്തിയത്. വ്യാജ ബില്ലുകളും മറ്റും തയ്യാറാക്കി മൗറീഷ്യസ് ആസ്ഥാനമായ കമ്പനി മുഖേനെയാണ് കൈക്കൂലി ഇടപാട് നടന്നതെന്നും മീഡിയപാർട്ടിന്റെ റിപ്പോർട്ടിലുണ്ട്.
പുതിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ റഫാൽ അഴിമതിയിൽ ഭരണപക്ഷത്തിനെതിരെ ആരോപണം ഉന്നയിക്കുന്ന കോൺഗ്രസിന് തിരിച്ചടിയാണിത്. രാഹുൽ ഗാന്ധിയാണ് റഫാൽ അഴിമതിയിൽ ബിജെപിക്കെതിരെ കൂടുതൽ ആരോപണങ്ങളുമായി രംഗത്ത് വന്നിരുന്നത്.
അതേസമയം, വിഷയം കോൺഗ്രസിനെ അടിക്കാനുള്ള ആയുധമാക്കിയിരിക്കുകയാണ് ബിജെപി. ഇന്ത്യൻ നാഷനൽ കോൺഗ്രസ് (ഐഎൻസി) എന്നാൽ 'ഐ നീഡ് കമ്മീഷൻ' എന്നാണെന്ന് ബിജെപി വക്താവ് സംബ്രിത് പത്ര ആക്ഷേപിച്ചു. യുപിഎ ഭരണകാലത്ത് എല്ലാ ഇടപാടുകൾക്കിടയിലും അവർക്ക് മറ്റൊരു ഇടപാടും ഉണ്ടായിരുന്നു. റഫാൽ ഇടപാടിൽ കോൺഗ്രസ് കള്ളം പ്രചരിപ്പിക്കുന്നത് എന്തുകൊണ്ടാണെന്ന് രാഹുൽ ഗാന്ധി വ്യക്തമാക്കണമെന്ന് അദ്ദേഹം പറഞ്ഞു.
റഫാൽ ഇടപാടിലെ വെളിപ്പെടുത്തൽ അന്വേഷിക്കണമെന്ന് കോൺഗ്രസ് അഭിപ്രായപ്പെട്ടു. അഴിമതിയുടെ തെളിവ് ലഭിച്ചിട്ടും ഇഡിയും സിബിഐയും അന്വേഷിക്കുന്നില്ലെന്ന് പാർട്ടി വക്താവ് രൺദീപ് സിങ് സൂർജേവാല ട്വീറ്റ് ചെയ്തു.
Adjust Story Font
16