Quantcast

രാഘവ് ഛദ്ദ എവിടെ? കെജ്‍രിവാളിന്‍റെ അറസ്റ്റിനു ശേഷം എം.പിയെ കാണാനില്ലെന്ന് ബി.ജെ.പി

മദ്യനയക്കേസില്‍ അറസ്റ്റ് ചെയ്ത കെജ്‍രിവാളിനെ ഏപ്രില്‍ 15 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്

MediaOne Logo

Web Desk

  • Updated:

    2024-04-03 04:35:28.0

Published:

3 April 2024 4:33 AM GMT

Raghav Chadha
X

രാഘവ് ഛദ്ദ

ഡല്‍ഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിൻ്റെ അറസ്റ്റിന് ശേഷം ആം ആദ്മി പാർട്ടിയിൽ (എഎപി) ഉടലെടുത്ത രാഷ്ട്രീയ പ്രതിസന്ധികൾക്കിടയിൽ, പാർട്ടിയുടെ രാജ്യസഭാ എം.പി രാഘവ് ഛദ്ദയുടെ അസാന്നിധ്യം ചര്‍ച്ചയാകുന്നു. ഡൽഹി മദ്യനയത്തെക്കുറിച്ചുള്ള അന്വേഷണത്തിൽ എൻഫോഴ്‌സ്‌മെൻ്റ് ഡയറക്‌ടറേറ്റിൻ്റെ വലയിൽ നിന്ന് ചദ്ദ ഒഴിഞ്ഞുമാറുകയാണെന്ന ബി.ജെ.പിയുടെ ആരോപണങ്ങള്‍ക്ക് ആക്കം കൂട്ടിയിരിക്കുകയാണ് എം.പിയുടെ അസാന്നിധ്യം.

അതേസമയം മദ്യനയക്കേസില്‍ അറസ്റ്റ് ചെയ്ത കെജ്‍രിവാളിനെ ഏപ്രില്‍ 15 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്. മാര്‍ച്ച് 21നാണ് കെജ്‍രിവാളിനെ ഇ.ഡി അറസ്റ്റ് ചെയ്യുന്നത്. കെജ്‍രിവാളിന്‍റെ അറസ്റ്റിനെ തുടര്‍ന്നുണ്ടായ എഎപിയുടെ പ്രതിഷേധ പരിപാടികളിലൊന്നും രാഘവ് ഛദ്ദയെ കണ്ടിട്ടില്ല. “എഎപിയുടെ എല്ലാ നേതാക്കളെയും കാണുന്നുണ്ട്. അതിഷിയും മറ്റും വളരെ സജീവമാണ്. രാഘവ് ഛദ്ദ പാർട്ടിയുടെ മുഖമാണ്, വളരെ ബുദ്ധിമാനാണ്. അദ്ദേഹത്തിൻ്റെ അസാന്നിധ്യം പാർട്ടി പ്രവർത്തകരെ വേദനിപ്പിക്കുന്നു," എന്‍സിപി(ശരദ് പവാര്‍) നേതാവ് ജിതേന്ദ്ര അവാദ് പറഞ്ഞു.




എന്നാല്‍ അദ്ദേഹത്തിന്‍റെ എക്സ് അക്കൗണ്ടില്‍ പറയുന്നത് പ്രകാരം മാര്‍ച്ച് 8 മുതല്‍ ഛദ്ദ ലണ്ടനിലാണ്. മാർച്ച് 9 ന് ലണ്ടൻ സ്‌കൂൾ ഓഫ് ഇക്കണോമിക്‌സ് സംഘടിപ്പിച്ച ലണ്ടൻ ഇന്ത്യ ഫോറം 2024-ൽ ഒരു ഇൻ്ററാക്ടീവ് സെഷനിൽ പങ്കെടുക്കാനാണ് അദ്ദേഹം ലണ്ടനിലേക്ക് പോയത്. അദ്ദേഹത്തിൻ്റെ ഭാര്യയും ബോളിവുഡ് നടിയുമായ പരിനീതി ചോപ്രയും ഫോറത്തില്‍ സംസാരിക്കുന്നുണ്ട്. ഈ സന്ദർശന വേളയിൽ അദ്ദേഹം വിവാദ യുകെ പാർലമെൻ്റംഗം പ്രീത് കൗർ ഗില്ലുമായി കൂടിക്കാഴ്ച നടത്തിയതും ബി.ജെ.പിയുടെ വിമർശനത്തിന് ഇടയാക്കിയിരുന്നു. യു.കെ എം.പി ഖലിസ്ഥാനികൾക്കായി ഫണ്ട് സമാഹരിക്കുകയും ഇന്ത്യാ ഹൗസിന് പുറത്ത് അക്രമാസക്തമായ പ്രതിഷേധങ്ങൾക്ക് ധനസഹായം നൽകുകയും ചെയ്തുവെന്ന് ഗില്ലുമായുള്ള കൂടിക്കാഴ്ചയെ ചോദ്യം ചെയ്ത ബി.ജെ.പി ഐ.ടി സെൽ മേധാവി അമിത് മാളവ്യ ആരോപിച്ചു.

മാർച്ച് 20 ന് ഹൗസ് ഓഫ് കോമൺസിൽ പ്രധാനമന്ത്രിയുടെ ചോദ്യോത്തര വേളയിൽ പങ്കെടുക്കാൻ ഭാര്യയോടൊപ്പം ഛദ്ദ വെസ്റ്റ്മിൻസ്റ്റർ കൊട്ടാരം സന്ദർശിച്ചിരുന്നു. മാര്‍ച്ച് 21ന് കെജ്‍രിവാളിനെ ഇ.ഡി അറസ്റ്റ് ചെയ്തപ്പോള്‍ അറസ്റ്റിനെ അപലപിച്ച് ഇംഗ്ലീഷിലും ഹിന്ദിയിലുമായി ഛദ്ദ രണ്ട് ട്വീറ്റുകള്‍ ഇട്ടിരുന്നു.പിന്നീട് കെജ്‌രിവാളിനെ ന്യായീകരിച്ചും കേന്ദ്ര സർക്കാരിനെ കടന്നാക്രമിച്ചും വീഡിയോ സന്ദേശവും എക്സില്‍ പങ്കുവച്ചിരുന്നു. അതിനുശേഷം, സുനിത കെജ്‌രിവാൾ നടത്തിയ വാർത്താ സമ്മേളനങ്ങളുടെയും എഎപിയുടെ ഇന്‍ഡ്യ മുന്നണിയുടെ പ്രതിഷേധങ്ങളുടെയും രാംലീല ഗ്രൗണ്ട് റാലിയുടെ വീഡിയോകളും അദ്ദേഹം ഷെയര്‍ ചെയ്തിരുന്നു. മാര്‍ച്ച് 2നാണ് ഛദ്ദ ഇന്ത്യയില്‍ അവസാനമായി ഒരു പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ടത്.

രാഘവ് ഛദ്ദയുടെ അഭാവം ബി.ജെ.പിയില്‍ നിന്നും ഇന്‍ഡ്യ മുന്നണിയില്‍ നിന്നും ചോദ്യങ്ങള്‍ക്ക് ഇടയാക്കിയിട്ടുണ്ട്.'' ഇന്ത്യയിൽ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. എന്നാൽ അരവിന്ദ് കെജ്‍രിവാളിൻ്റെ നീലക്കണ്ണുള്ള രാഘവ് ഛദ്ദ ലണ്ടനിലാണ്! എന്തുകൊണ്ട്?...ബി.ജെ.പിയുടെ അമിത് മാളവ്യ ചോദിച്ചു. കൂടാതെ, പഞ്ചാബ് ബി.ജെ.പി അധ്യക്ഷൻ സുനിൽ ജാഖറും ഛദ്ദയുടെ അസാന്നിധ്യത്തെ ചോദ്യം ചെയ്തു. നേത്ര ചികിത്സക്കായി ഛദ്ദ ലണ്ടനിലേക്ക് പോയെന്ന വാര്‍ത്തകള്‍ പുറത്തുവരുന്നുണ്ടെന്നും അങ്ങനെയാണെങ്കില്‍ അദ്ദേഹത്തിനെ പെട്ടെന്ന് സുഖമാകട്ടെ എന്ന് സുനില്‍ ആശംസിച്ചു. അതേസമയം, മദ്യനയക്കേസിൽ ഇ.ഡി ചദ്ദയുടെ പേര് പരാമർശിച്ചിട്ടുണ്ടെങ്കിലും അദ്ദേഹത്തെ ഏജൻസി ചോദ്യം ചെയ്യാൻ ഔദ്യോഗികമായി വിളിച്ചിട്ടില്ല.തന്നെയും ഡൽഹി മന്ത്രി സൗരഭ് ഭരദ്വാജ്, എംഎൽഎ ദുർഗേഷ് പഥക്, രാജ്യസഭാ എംപി രാഘവ് ഛദ്ദ എന്നിവരെയും ഏജന്‍സി അറസ്റ്റ് ചെയ്തേക്കുമെന്ന് ഡൽഹി കാബിനറ്റ് മന്ത്രി അതിഷി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

TAGS :

Next Story