ജി20 ഉച്ചകോടിക്ക് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ എത്തും: സ്ഥിരീകരിച്ച് വൈറ്റ്ഹൗസ്
ഇന്ത്യയിലേക്ക് ജോ ബൈഡൻ വരാനിരിക്കെയാണ് ഭാര്യ ജിൽ ബൈഡന് കോവിഡ് സ്ഥിരീകരിച്ചത്
ന്യൂഡല്‍ഹി: ജി20 ഉച്ചകോടിക്ക് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ എത്തുമെന്ന് സ്ഥിരീകരിച്ച് വൈറ്റ്ഹൌസ്. ബൈഡന്റെ കൊവിഡ് പരിശോധന ഫലം വീണ്ടും നെഗറ്റീവ് ആയ സാഹചര്യത്തിലാണ് തീരുമാനം. ജോ ബൈഡൻ നാളെ ഡൽഹിലെത്തിയേക്കും. ഉച്ചകോടിക്കായി നൈജീരിയൻ പ്രസിഡൻറ് ബോല ടിനുബു ഡൽഹിയിലെത്തി.
ജി20 ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി ഇന്ത്യയിലേക്ക് ജോ ബൈഡൻ വരാനിരിക്കെയാണ് ഭാര്യ ജിൽ ബൈഡന് കോവിഡ് സ്ഥിരീകരിച്ചത്. 72കാരിയായ ജിൽ ബൈഡന് കഴിഞ്ഞ വർഷം ആഗസ്റ്റിലും കോവിഡ് സ്ഥിരീകരിച്ചിരുന്നു. ജോ ബൈഡനും കൊവിഡ് പരിശോധന നടത്തിയെന്നും ഫലം നെഗറ്റീവാണെന്നും ഈ ആഴ്ച കൃത്യമായ ഇടവേളകളിൽ പരിശോധന നടത്തുമെന്നും രോഗ ലക്ഷണമുണ്ടോയെന്ന് നിരീക്ഷിക്കുമെന്നും വൈറ്റ് ഹൗസ് അധികൃതർ അറിയിച്ചിരിന്നു. കഴിഞ്ഞ ദിവസം വീണ്ടും നടത്തിയ പരിശോധനയിലും നെഗറ്റീവായതിനെ തുടർന്നാണ് ഇന്ത്യയിലേക്കുള്ള വരവ് സ്ഥിരീകരിച്ചത്.
അടച്ചിട്ട സ്ഥലങ്ങളിൽ മാസ്ക് അണിഞ്ഞായിരിക്കും ബൈഡൻ പങ്കെടുക്കുക. ഉച്ചകോടിക്ക് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്രമോദിയും നയതന്ത്ര ചർച്ചയിലും ബൈഡൻ പങ്കെടുക്കും. ഇന്ത്യ സന്ദർശനത്തെ പ്രതീക്ഷയോടെയാണ് കാണുന്നതെന്നും യുക്രൈയ്നിലെ റഷ്യൻ യുദ്ധത്തിന്റെ സാമൂഹിക ആഘാതം ഉൾപ്പെടെയുള്ള വിവിധ വിഷയങ്ങളെക്കുറിച്ച് സംസാരിക്കുമെന്നും ജ20 രാജ്യങ്ങളോട് യു.എസിനുള്ള പ്രതിബദ്ധത ഉറപ്പാക്കുമെന്നും നേരത്തെ ജോ ബൈഡൻ വ്യക്തമാക്കിയിരുന്നു.
ഉച്ചകോടിക്കായി ഇന്ത്യയിലെത്തുന്ന ആദ്യത്തെ രാഷ്ട്രത്തലവനാണ് നൈജീരിയൻ പ്രസിഡന്റ് ബോല ടിനുബു. മെയിൽ അധികാരമേറ്റതിന് ശേഷം ടിനുബുവിന്റെ ആദ്യ ഇന്ത്യൻ സന്ദർശനമാണ്.
Adjust Story Font
16