കോൺഗ്രസ് പിളർപ്പിൽ ഇന്ദിരയ്‌ക്കൊപ്പം, രാജീവ് ഗാന്ധി സർക്കാരിൽ മന്ത്രി; ആരാണ് മാർഗരറ്റ് ആൽവ?
ഭർതൃപിതാവും സ്വാതന്ത്ര്യ സമരത്തിന്റെ മുൻനിരയിലുണ്ടായിരുന്ന ക്രിസ്ത്യൻ നേതാവുമായ ജോക്കിം ആൽവയുടെ തണലിൽ രാഷ്ട്രീയരംഗത്തേക്ക് ചുവടുറപ്പിച്ച മാർഗരറ്റ് ചെറിയ കാലയളവ് കൊണ്ട് തന്നെ ദേശീയരാഷ്ട്രീയത്തിലെ സജീവമുഖമാകുകയായിരുന്നു
ന്യൂഡൽഹി: കർണാടകയിൽനിന്ന് ഉയർന്നുവന്ന കോൺഗ്രസിന്റെ കരുത്തയായ നേതാവാണ് ഉപരാഷ്ട്രപതി സ്ഥാനാർത്ഥിയായി പ്രതിപക്ഷം പ്രഖ്യാപിച്ച മാർഗരറ്റ് ആൽവ. ഭർതൃപിതാവും സ്വാതന്ത്ര്യ സമരത്തിന്റെ മുൻനിരയിലുണ്ടായിരുന്ന ക്രിസ്ത്യൻ നേതാവുമായ ജോക്കിം ആൽവയുടെ തണലിൽ രാഷ്ട്രീയരംഗത്തേക്ക് ചുവടുറപ്പിച്ച മാർഗരറ്റ് ചെറിയ കാലയളവ് കൊണ്ട് തന്നെ ദേശീയരാഷ്ട്രീയത്തിലേക്ക് ഉയർന്നു. രാജീവ് ഗാന്ധി മന്ത്രിസഭയിൽ വിവിധ വകുപ്പുകൾ കൈകാര്യം ചെയ്തു. മൂന്നു സംസ്ഥാനങ്ങളുടെ ഗവർണർ പദവിയിലുമെത്തി അവർ.
രാഷ്ട്രീയ പാരമ്പര്യം
1942 ഏപ്രിൽ 14ന് കർണാടകയിലെ മംഗളൂരുവിൽ ഒരു റോമൻ കത്തോലിക്കാ കുടുംബത്തിലായിരുന്നു മാർഗരറ്റിന്റെ ജനനം. ബംഗളൂരു മൗണ്ട് കാർമൽ കോളജിൽനിന്നും ഗവൺമെന്റ് ലോ കോളജിൽനിന്നും ബിരുദവിദ്യാഭ്യാസം പൂർത്തിയാക്കി. എൻ.ജി.ഒ ആയ യങ് വുമൺസ് ക്രിസ്റ്റ്യൻ അസോസിയേഷൻ അധ്യക്ഷയായാണ് സാമൂഹികപ്രവർത്തനത്തിൽ സജീവമാകുന്നത്.
ലോ കോളജ് പഠനകാലത്ത് സൗഹൃദത്തിലായ നിരഞ്ജൻ തോമസ് ആൽവയെ വിവാഹം കഴിച്ചതോടെയാണ് മാർഗരറ്റ് രാഷ്ട്രീയരംഗത്തേക്ക് ചുവടുവയ്ക്കുന്നത്. കോൺഗ്രസ് രാഷ്ട്രീയത്തിൽ സജീവമായിരുന്നു ഭർതൃപിതാവ് ജോക്കിം ആൽവയും ഭർതൃമാതാവ് വയലറ്റ് ആൽവയും. രാഷ്ട്രീയത്തിനപ്പും മാധ്യമപ്രവർത്തകനരംഗത്തും അഭിഭാഷകവൃത്തിയിലും മികവു തെളിയിച്ചവർ. ജവഹർലാൽ നെഹ്‌റുവിന്റെ കാലത്ത് രാജ്യസഭാ ഡെപ്യൂട്ടി ചെയർപേഴ്‌സനായയാളാണ് വയലറ്റ്. രാജ്യത്ത് ആദ്യത്തെ ഹൈക്കോടതി വനിതാ അഭിഭാഷകയും രാജ്യസഭാ അധ്യക്ഷയായ ആദ്യത്തെ വനിതയുമെന്ന ഖ്യാതിയെല്ലാം അവർക്ക് സ്വന്തമാണ്. സ്വാതന്ത്ര്യത്തിനുശേഷം അന്നത്തെ ബോംബൈയുടെ ഷെറീഫ് എന്ന പ്രത്യേക പദവി ലഭിച്ചയാളാണ് ജോക്കിം. 1950ൽ പ്രവിശ്യാ പാർലമെന്റിലും പിന്നീട് ലോക്‌സഭയിലും രാജ്യസഭിയിലുമെല്ലാം അംഗമായിരുന്നു.
ഈയൊരു പാരമ്പര്യത്തിൽനിന്നാണ് മാർഗരറ്റ് ആദ്യം കർണാടകയിലും പിന്നീട് ദേശീയരാഷ്ട്രീയത്തിലും കോൺഗ്രസിന്റെ വനിതാ മുഖമായി വളർന്നുവരുന്നത്. ഗാന്ധി കുടുംബത്തിന്റെ വിശ്വസ്തയായിരുന്നു. ഇന്ദിര ഗാന്ധി കോൺഗ്രസിൽനിന്ന് പുറത്തായി പുതിയ കോൺഗ്രസിനു രൂപംനൽകിയപ്പോൾ കർണാടകയിൽ പാർട്ടിയെ സജീവമാക്കാൻ മുന്നിൽനിന്നയാളാണ്.
അധികാരത്തിൽ
കോൺഗ്രസിൽ തിരിച്ചെത്തിയ ശേഷം എ.ഐ.സി.സി ജോയിന്റ് സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു. 1974ൽ കർണാടകയിൽനിന്നുള്ള കോൺഗ്രസിന്റെ രാജ്യസഭാ അംഗമായി. 1992 വരെ തുടർച്ചയായി രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ഇതിനിടയിൽ രാജീവ് ഗാന്ധി മന്ത്രിസഭയിൽ നിർണായക വകുപ്പുകളുടെ ചുമതലയും ലഭിച്ചു. പാർലമെന്റരി കാര്യം, യുവജന-കായിക-വനിതാ-ശിശുക്ഷേമം, മാനവവിഭവശേഷി, ഐ.ടി-ശാസ്ത്രം തുടങ്ങിയ സുപ്രധാന വകുപ്പുകളാണ് മാർഗരറ്റ് കൈകാര്യം ചെയ്തത്.
1999ൽ ഉത്തര കന്നടയിൽനിന്ന് ലോക്‌സഭാ അംഗമായും തെരഞ്ഞടുക്കപ്പെട്ടു. 2004ൽ ഇവിടെനിന്നു തന്നെ വീണ്ടും ജനവിധി തേടിയെങ്കിലും പരാജയപ്പെട്ടു. പിന്നീട് കോൺഗ്രസിൽ വിമതശബ്ദമായി അവർ രംഗത്തെത്തുന്നതാണ് കണ്ടത്. പാർട്ടിയിൽ മെറിറ്റിന്റെ അടിസ്ഥാനത്തിലല്ല സീറ്റുകൾ നൽകുന്നതെന്നും ലേലത്തിൽ വിൽക്കുകയാണെന്നും ആരോപിച്ചായിരുന്നു പാർട്ടിക്കകത്ത് അവർ വിമതശബ്ദമുയർത്തിയത്. ഇതിനു പിന്നാലെ പാർട്ടിയുടെ ഔദ്യോഗിക സ്ഥാനങ്ങളിൽനിന്ന് അവർ പുറത്താക്കപ്പെടുകയും ചെയ്തു.
എന്നാൽ, 2009ൽ ഉത്തരാഖണ്ഡ് ഗവർണറായി കോൺഗ്രസ് മാർഗരറ്റിന്റെ പിണക്കം മാറ്റി. പിന്നീട് രാജസ്ഥാനിലും ഗോവയിലും ഗവർണറായി അവരെ നിയമിച്ചു.
Summary: Who is Margaret Alva? Know all about Opposition's vice presidential candidate
Adjust Story Font
16