നീറ്റ് ചോദ്യപേപ്പർ ചോർച്ചയുടെ സൂത്രധാരൻ; ആരാണ് സഞ്ജീവ് മുഖിയ?
സഞ്ജീവ് മുഖിയയുടെ ഭാര്യ എൻ.ഡി.എ ഘടകകക്ഷിയായ ലോക്ജനശക്തി പാർട്ടിയുടെ നേതാവാണ്.
ന്യൂഡൽഹി: മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ് ചോദ്യപേപ്പർ ചോർന്നതുമായി ബന്ധപ്പെട്ട് രാജ്യവ്യാപകമായി വിദ്യാർഥി പ്രക്ഷോഭം തുടരുകയാണ്. പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് ഓരോ ദിവസവും പുതിയ കണ്ടെത്തലുകളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ചോർച്ചയുടെ ബുദ്ധികേന്ദ്രമായി അന്വേഷണസംഘം വിരൽചൂണ്ടുന്നത് സഞ്ജീവ് മുഖിയ എന്ന ബിഹാർ സ്വദേശിയിലേക്കാണ്.
സഞ്ജീവ് സിങ് എന്നും അറിയപ്പെടുന്ന സഞ്ജീവ് മുഖിയ ബിഹാറിലെ നളന്ദ സ്വദേശിയാണ്. പരീക്ഷാത്തട്ടിപ്പുകളിൽ സഞ്ജീവിന്റെ പങ്കിന് രണ്ട് പതിറ്റാണ്ടിന്റെ പഴക്കമുണ്ട്. നേരത്തെ നളന്ദ കോളജിന്റെ നൂർസരായി കാമ്പസിൽ ടെക്‌നിക്കൽ അസിസ്റ്റന്റായിരുന്ന സഞ്ജീവിന് 2016ലെ കുപ്രസിദ്ധമായ ബിഹാർ പി.എസ്.സി ചോദ്യപേപ്പർ ചോർച്ച ഉൾപ്പെടെ നിരവധി ക്രമക്കേടുകളുമായി ബന്ധമുണ്ട്. കോൺസ്റ്റബിൾ റിക്രൂട്ട്‌മെന്റ് പരീക്ഷയുടെ പേപ്പറാണ് അന്ന് ചോർന്നത്.
ചോദ്യപേപ്പറുകൾ ചോർത്തി നൽകുന്ന കുപ്രസിദ്ധമായ 'സോൾവർ ഗ്യാങ്' എന്ന സംഘത്തിൽ രവി അത്രിക്കൊപ്പം പ്രവർത്തിച്ചിരുന്ന ആളാണ് സഞ്ജീവ്. പരീക്ഷയിൽ ആൾമാറാട്ടം നടത്താനും ഇവർ സൗകര്യമൊരുക്കിയിരുന്നു. കോൺസ്റ്റബിൾ പരീക്ഷ മുതൽ അധ്യാപക യോഗ്യതാ പരീക്ഷയിൽ വരെ ക്രമക്കേട് നടത്തുന്ന ശൃംഖലയുടെ സാന്നിധ്യം വിവിധ സംസ്ഥാനങ്ങളിലുണ്ടെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. പരീക്ഷാതട്ടിപ്പിന്റെ ആഴവും വ്യാപ്തിയും വ്യക്തമാവുന്ന തെളിവുകളാണ് അന്വേഷണത്തിൽ പുറത്തുവന്നത്.
സഞ്ജീവിന്റെ ഭാര്യ മംമ്താ ദേവി ഭുതഖറിലെ പഞ്ചായത്ത് മുഖ്യയാണ്. ലോക് ജനശക്തി പാർട്ടി നേതാവാണ് ഇവർ. സഞ്ജീവിനെക്കുറിച്ച് നാട്ടുകാർക്ക് പല അഭിപ്രായമാണുള്ളത്. ചോദ്യപേപ്പർ ചോർച്ചയുമായി ഇയാൾക്ക് ബന്ധമുള്ളതായി മിക്കവർക്കും അറിയില്ല. സാധാരണക്കാരനായ ഒരു കർഷകനായാണ് അവർ സഞ്ജീവിനെ കാണുന്നത്. സഞ്ജീവിന്റെ മകൻ ശിവകുമാർ ബിഹാറിലെ അധ്യാപക യോഗ്യതാ പരീക്ഷാ പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് അന്വേഷണം നേരിടുന്നുണ്ട്.
നീറ്റ് പരീക്ഷയിൽ അറുപതിലേറെ വിദ്യാർഥികൾക്ക് മുഴുവൻ മാർക്ക് ലഭിച്ചതോടെയാണ് വിദ്യാർഥികളും രക്ഷിതാക്കളും ആരോപണവുമായി രംഗത്തെത്തിയത്. ഗ്രേസ് മാർക്ക് നൽകിയതിനാലാണ് ഇങ്ങനെ സംഭവിച്ചത് എന്നായിരുന്നു എൻ.ടി.എയുടെ വിശദീകരണം. എന്നാൽ ബിഹാർ പൊലീസ് നടത്തിയ അന്വേഷണത്തിൽ ചോദ്യപേപ്പർ പരീക്ഷയുടെ തലേദിവസം തന്നെ ചില വിദ്യാർഥികൾക്ക് ലഭിച്ചതായി കണ്ടെത്തി.
പേര് വെളിപ്പെടുത്താത്ത പ്രൊഫസറിൽനിന്ന് മൊബൈൽ ഫോൺ വഴിയാണ് വിദ്യാർഥികൾക്ക് ചോദ്യപേപ്പർ ലഭിച്ചത്. ഇതിന് പിന്നിൽ സഞ്ജീവ് മുഖിയ ആണെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ. സഞ്ജീവിനെ പിടികൂടാനുള്ള ശ്രമത്തിലാണ് പൊലീസ്. തട്ടിപ്പ് പുറത്തുവന്നതോടെ ഇയാൾ നേപ്പാളിലേക്ക് കടന്നതായാണ് വിവരം. കേസുമായി ബന്ധപ്പെട്ട് ഇതുവരെ 18 പേരാണ് ബിഹാറിൽ അറസ്റ്റിലായത്.
Adjust Story Font
16