Quantcast

'ഏറ്റവും കൂടുതൽ കോണ്ടം ഉപയോഗിക്കുന്നത്‌ മുസ്‌ലിംകള്‍'; ആര്‍.എസ്.എസ് മേധാവിക്ക് മറുപടിയുമായി ഉവൈസി

ദേശീയ കുടുംബാരോ​ഗ്യ സർവേ പ്രകാരം മുസ്‌ലിംകളുടെ ജനന നിരക്കിൽ ഏറ്റവും വലിയ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്നും ഉവൈസി വ്യക്തമാക്കി.

MediaOne Logo

Web Desk

  • Updated:

    2022-10-09 09:19:14.0

Published:

9 Oct 2022 9:18 AM GMT

ഏറ്റവും കൂടുതൽ കോണ്ടം ഉപയോഗിക്കുന്നത്‌ മുസ്‌ലിംകള്‍; ആര്‍.എസ്.എസ് മേധാവിക്ക് മറുപടിയുമായി ഉവൈസി
X

ഹൈദരാബാദ്: ഏറ്റവും കൂടുതൽ കോണ്ടം ഉപയോ​ഗിക്കുന്നത് മുസ്‌ലിംകളാണെന്നും അതിനാൽ‍ അവരിൽ ജനന നിരക്ക് വർധിക്കുകയല്ല, കുറയുകയാണെന്നും എ.ഐ.എം.ഐ.എം മേധാവിയും ഹൈദരാബാദ് എം.പിയുമായ അസദുദ്ദീൻ ഉവൈസി. ജനസംഖ്യാ നിയന്ത്രണവുമായി ബന്ധപ്പെട്ട ആർ.എസ്.എസ് മേധാവി മോഹൻ ഭാ​ഗവതിന്റെ പ്രസ്താവനയ്ക്ക് മറുപടി നൽകുകയായിരുന്നു ഉവൈസി.

"വിഷമിക്കേണ്ട മോഹൻ ഭാ​ഗവത്, മുസ്‌ലിംകളിലെ ജനസംഖ്യ കൂടുന്നില്ല. മറിച്ച് കുറയുകയാണ്. കുട്ടികൾ ജനിക്കുന്ന ഇടവേള മുസ്‌ലിംകളിൽ കൂടുകയാണ്. കാരണം രണ്ട് ഗർഭധാരണങ്ങൾക്കിടയിലുള്ള സമയക്രമം നിയന്ത്രിക്കുന്നത് മുസ്‌ലിംകളാണ്".

"ആരാണ് ഏറ്റവും കൂടുതൽ കോണ്ടം ഉപയോ​ഗിക്കുന്നത്. അത് ഞങ്ങൾ മുസ്‌ലിംകളാണ്. ഇതേക്കുറിച്ചൊന്നും മോഹൻ ഭാ​ഗവത് പറയില്ല"- ഹൈദരാബാദിൽ നടന്ന പൊതുസമ്മേളനത്തിൽ ഉവൈസി പറഞ്ഞു.

ദേശീയ കുടുംബാരോ​ഗ്യ സർവേ പ്രകാരം മുസ്‌ലിംകളുടെ ജനന നിരക്കിൽ ഏറ്റവും വലിയ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്നും ഉവൈസി വ്യക്തമാക്കി. രാജ്യത്ത് മതാടിസ്ഥാനത്തിലുള്ള ജനസംഖ്യാ അസന്തുലിതത്വം വര്‍ധിക്കുകയാണെന്നും ജനസംഖ്യാ നിയന്ത്രണത്തിന് നിയമം വേണമെന്നും വിജയദശമി ദിനത്തില്‍ നാഗ്പൂരിൽ നടന്ന ദസറയോടനുബന്ധിച്ചുള്ള ആർഎസ്എസ് റാലിയിൽ മോഹന്‍ ഭാഗവത് പറഞ്ഞിരുന്നു.

ഇതിനുള്ള മറുപടിയായാണ് ഉവൈസിയുടെ പരാമർശം. "ബിജെപി ജനങ്ങൾക്ക് നിങ്ങൾ തൊഴിൽ നൽകുന്നില്ല, ശമ്പളം കൂട്ടുന്നില്ല, ഭക്ഷണം നൽകുന്നില്ല. എന്നാൽ മുസ്‌ലിംകളെ ആക്രമിക്കും"- ഹൈദരാബാദ് എം.പി പറഞ്ഞു. ഹിന്ദു രാഷ്ട്രം ഇന്ത്യൻ ദേശീയതയ്ക്കെതിരാണെന്നും ഇന്ത്യക്കെതിരാണെന്നും ഉവൈസി കൂട്ടിച്ചേർത്തു.

നേരത്തെ, ആർഎസ്എസ് മേധാവിയുടെ പ്രസ്താവനയ്ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ‍ രം​ഗത്തെത്തിയിരുന്നു. മോഹൻ ഭാ​ഗവതിന്റെ പ്രസ്താവന വംശീയ വിരോധത്തിന്റെ കൂടു തുറന്നുവിടാനുള്ള ആസൂത്രിത നീക്കങ്ങളിലൊന്നാണെന്നാണ് പിണറായി വിജയൻ തുറന്നടിച്ചത്. സ്തുതയ്ക്കു നിരക്കുന്നതോ കണക്കുകളുടെ പിൻബലമുള്ളതോ അല്ല ഈ പ്രചാരണമെന്നും ഹിന്ദുക്കൾ സമീപ ഭാവിയിൽ ന്യൂനപക്ഷമായി മാറുമെന്ന നുണ സംഘപരിവാർ വീണ്ടും ആയുധമായെടുക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

TAGS :

Next Story