'ഇന്ത്യയിൽ മുസ്‌ലിംകളെക്കാൾ അപകടകാരികൾ ക്രിസ്ത്യാനികൾ'; ആരാണ് വിക്ടോറിയ ഗൗരി
ആർ.എസ്.എസിന്റെ മുഖപത്രമായ ഓർഗനൈസറിൽ ക്രിസ്ത്യൻ വിരുദ്ധ ലേഖനമെഴുതിയെന്ന് വിക്ടോറിയ ഗൗരിക്കെതിരെ വിമർശനം ഉയർന്നിരുന്നു.
Victoria Gowri
ചെന്നൈ: ന്യൂനപക്ഷവിരുദ്ധ വിദ്വേഷ പ്രസംഗത്തിന് പേരുകേട്ട വ്യക്തിയാണ് ഇന്ന് മദ്രാസ് ഹൈക്കോടതി അഡീഷനൽ ജഡ്ജിയായി സത്യപ്രതിജ്ഞ ചെയ്ത ലക്ഷ്മണചന്ദ്ര വിക്ടോറിയ ഗൗരി. ബി.ജെ.പി വനിതാ വിഭാഗം നേതാവുകൂടിയാണ് അവർ. കൊളീജിയം ശിപാർശക്കെതിരെ അഭിഭാഷകർ നൽകിയ ഹരജിയിൽ സുപ്രിംകോടതി വാദം കേൾക്കുന്നതിനിടെയാണ് വിക്ടോറിയ ജഡ്ജിയായി സത്യപ്രതിജ്ഞ ചെയ്തത്. അഭിഭാഷകർ നൽകിയ ഹരജിയിൽ ഗുരുതരമായ ആരോപണങ്ങളാണ് വിക്ടോറിയ ഗൗരിക്കെതിരെ ഉന്നയിച്ചത്. പക്ഷേ, ജഡ്ജി നിയമനത്തിൽ ഇടപെടാനാകില്ലെന്ന് ചൂണ്ടിക്കാട്ടി സുപ്രിംകോടതി ഹരജി തള്ളി.
''ലോക തലത്തിൽ, ക്രിസ്ത്യൻ ഗ്രൂപ്പുകളേക്കാൾ അപകടകാരികളാണ് ഇസ്‌ലാമിക ഗ്രൂപ്പുകൾ. എന്നാൽ ഇന്ത്യയെ സംബന്ധിച്ചിടത്തോളം, ഇസ്‌ലാമിക ഗ്രൂപ്പുകളേക്കാൾ അപകടകരമാണ് ക്രിസ്ത്യൻ ഗ്രൂപ്പുകൾ എന്ന് ഞാൻ പറയാൻ ആഗ്രഹിക്കുന്നു. മതപരിവർത്തനത്തിന്റെ, പ്രത്യേകിച്ച് ലവ് ജിഹാദിന്റെ പശ്ചാത്തലത്തിൽ രണ്ടും ഒരുപോലെ അപകടകരമാണ്. ഒരു ഹിന്ദു മുസ്‌ലിമിനെ - ഒരു ഹിന്ദു പെൺകുട്ടി ഒരു മുസ്‌ലിം ആൺകുട്ടിയെ - വിവാഹം കഴിക്കുന്നതിൽ എനിക്ക് പ്രശ്നമില്ല. അവർ പരസ്പരം പ്രണയത്തിലാകുന്നതുവരെയും അവർ മനസ്സിലാക്കി സ്‌നേഹത്തോടെയും ജീവിക്കുന്നതുവരെ. പകരം, എന്റെ പെൺകുട്ടിയെ സിറിയൻ തീവ്രവാദ ക്യാമ്പുകളിൽ കണ്ടെത്തിയാൽ എനിക്ക് എതിർപ്പുണ്ട്. അതാണ് ഞാൻ ലവ് ജിഹാദ് എന്ന് നിർവചിക്കുന്നത്'' -ഗൗരിയുടെ പരാമർശമായി ഹരജിക്കാർ പരാതിയിൽ ചൂണ്ടിക്കാണിച്ച പ്രധാന വസ്തുത ഇതാണ്.
ആർ.എസ്.എസിന്റെ മുഖപത്രമായ ഓർഗനൈസറിൽ ക്രിസ്ത്യൻ വിരുദ്ധ ലേഖനമെഴുതിയെന്ന് വിക്ടോറിയ ഗൗരിക്കെതിരെ വിമർശനം ഉയർന്നിരുന്നു. ന്യൂനപക്ഷങ്ങൾക്കെതിരെ വിദ്വേഷ പ്രസംഗം നടത്തിയ വിക്ടോറിയ ഗൗരി ബി.ജെ.പി മഹിളാ മോർച്ചയുടെ നേതാവാണ്. 'ദേശീയ സുരക്ഷക്കും സമാധാനത്തിനും കൂടുതൽ ഭീഷണി ജിഹാദോ ക്രിസ്ത്യൻ മിഷനറിയോ?', 'ക്രിസ്ത്യൻ മിഷനറിമാരുടെ സാംസ്‌കാരിക വംശഹത്യ' എന്നീ തലക്കെട്ടുകളിലാണ് വിക്ടോറിയ ഗൗരിയുടെ രണ്ട് ലേഖനങ്ങൾ പ്രസിദ്ധീകരിക്കപ്പെട്ടത്.
ജഡ്ജി നിയമനത്തിൽ ഇടപെടാനാവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ച് അഭിഭാഷകരുടെ ഹരജി തള്ളിയത്. ജഡ്ജിയാകാനുള്ള യോഗ്യതയുണ്ടോയെന്ന് പരിശോധിക്കാനേ കോടതിക്ക് കഴിയൂ എന്നും പദവിക്ക് അനുയോജ്യയാണോ എന്ന് കോടതിക്ക് പറയാനാകില്ലെന്നും സുപ്രിംകോടതി പറഞ്ഞു. കൊളീജിയം ശിപാർശ റദ്ദാക്കാൻ കഴിയില്ലെന്നും നിയമനം റദ്ദാക്കി ഉത്തരവിറക്കുന്നത് അസാധാരണ നടപടിയാകുമെന്നും കോടതി വ്യക്തമാക്കി.
Adjust Story Font
16