ആരാകണം പ്രധാനമന്ത്രി? ഉത്തർപ്രദേശിൽ നരേന്ദ്ര മോദിയേക്കാൾ മുന്നിലെത്തി രാഹുൽ ഗാന്ധി
തെരഞ്ഞെടുപ്പിന് ശേഷം ആരാകണം പ്രധാനമന്ത്രി എന്ന ചോദ്യത്തിന് ഉത്തർപ്രദേശിൽ മോദിയേക്കാൾ കൂടുതൽ വോട്ട് ലഭിച്ചത് രാഹുൽ ഗാന്ധിക്കാണ്. 36 ശതമാനം ആളുകളാണ് പ്രധാനമന്ത്രിയായി രാഹുൽഗാന്ധി വരണം എന്ന് അഭിപ്രായപ്പെട്ടത്
ലക്‌നൗ: രാജ്യത്തെ മോദി തരംഗം കുറയുന്നതായി കണക്കുകൾ. 2014ലും 19ലും ഉണ്ടായ മോദി തരംഗം 2024ൽ കണ്ടില്ലെന്ന് സെന്റർ ഫോർ ദ സ്റ്റഡി ഓഫ് ഡെവലപ്പിങ് സൊസൈറ്റീസ് (സി.എസ്.ഡി.എസ്) ലോക്‌നീതി നടത്തിയ സർവേയിൽ പറയുന്നു. സി.എസ്.ഡി.എസ് ലോക്നീതി 2024 ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷമുള്ള പോൾ സർവേയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
തെരഞ്ഞെടുപ്പിന് ശേഷം ആരാകണം പ്രധാനമന്ത്രി എന്ന നേരിട്ടുള്ള ചോദ്യത്തിന് ഉത്തർപ്രദേശിൽ മോദിയേക്കാൾ കൂടുതൽ വോട്ട് ലഭിച്ചത് രാഹുൽ ഗാന്ധിക്കാണ്. 36 ശതമാനം ആളുകളാണ് പ്രധാനമന്ത്രിയായി രാഹുൽഗാന്ധി വരണം എന്ന് അഭിപ്രായപ്പെട്ടത്. 32 ശതമാനം വോട്ടെ മോദിക്ക് ലഭിച്ചുള്ളൂ. ഇതാദ്യമായാണ് ഉത്തർപ്രദേശ് പോലുള്ള വലിയ സംസ്ഥാനത്ത് മോദിയെക്കാൾ രാഹുൽ ഗാന്ധി മുന്നിൽ എത്തുന്നത്.
രാജ്യത്താകമാനം നോക്കുകയാണെങ്കിൽ മോദിക്ക് 41 ശതമാനവും രാഹുൽഗാന്ധിക്ക് 27 ശതമാനവുമാണ് വോട്ട് ലഭിച്ചതെങ്കിലും മോദിയുടെ ജനപ്രീതി കുറയുന്നുണ്ടെന്നാണ് സർവേ ചൂണ്ടിക്കാണിക്കുന്നത്. അതായത് 2014ലും 2019ലും ഉണ്ടായ തരംഗം 2024ൽ ആവർത്തിച്ചിട്ടില്ല. അതാണ് ഉത്തർപ്രദേശ് പോലെ ഏറ്റവും കൂടുതൽ എം.പിമാരെ സംഭാവന ചെയ്യുന്ന സംസ്ഥാനത്ത് ബി.ജെ.പിക്ക് തിരിച്ചടിയായ കാരണങ്ങളിലൊന്ന്.
സംസ്ഥാനത്തെ 80 സീറ്റുകളിൽ 43 സീറ്റുകളാണ് ഇൻഡ്യ സഖ്യം വിജയിച്ചത്. സമാജ് വാദി പാർട്ടി(എസ്.പി) 37 സീറ്റുകളും കോൺഗ്രസ് ആറ് സീറ്റുകളും നേടി. ബി.ജെ.പിക്ക് 33 സീറ്റുകളെ നേടാനായുള്ളൂ. സംസ്ഥാനത്തെ ഉയർന്ന ജാതിക്കാരായ ബ്രാഹ്മണ്‍-രജപുത്-വൈശ്യ സമുദായമാണ് ബി.ജെ.പിക്ക് തുണയായതെങ്കിലും പിന്നാക്ക സമുദായങ്ങളുടെയും യാദവ-യാദവേതര-മുസ്‌ലിം വിഭാഗങ്ങളുടെ പിന്തുണ, ഇൻഡ്യ സഖ്യമാണ് കൊണ്ടുപോയത്. പിന്നാക്ക സമുദായങ്ങൾക്കിടയിൽ നേട്ടമുണ്ടാക്കാനോ സ്വാധീനം ഉറപ്പിക്കാനോ ബി.ജെ.പിക്ക് കഴിഞ്ഞില്ല.
എന്നാല്‍ ഈ വിഭാഗങ്ങളിൽ കാര്യമായി വേരുറപ്പിച്ചതാണ് 2019നെ അപേക്ഷിച്ച് ഇന്‍ഡ്യ സഖ്യത്തിന്റെ സീറ്റ് നില വർധിക്കാൻ കാരണമായത്. അതേസമയം ബി.എസ്.പി വോട്ടുകളും ഇത്തവണ കാര്യമായി ഇൻഡ്യ സഖ്യത്തിലെത്തി. യാദവ-പിന്നാക്ക വോട്ടുബാങ്കുകളിൽ ബി.എസ്.പിക്കുണ്ടായ സ്വാധീനം ഏറെക്കുറെ അവസാനിച്ചുവെന്നതും 2024ന്റെ പ്രത്യേകതയാണ്. 92 ശതമാനം മുസ്‌ലിം വോട്ടുകളും ഇൻഡ്യ സഖ്യത്തിന്റെ പെട്ടിയിലാണ് വീണത്. എൻ.ഡി.എ സഖ്യത്തിന് രണ്ടും ബി.എസ്.പിക്ക് വെറും അഞ്ച് ശതമാനം വോട്ടുകളെ ലഭിച്ചുള്ളൂ. യാദവ സമുദായത്തിന്റെ 82 ശതമാനം വോട്ടും ലഭിച്ചത് ഇൻഡ്യ സഖ്യത്തിനാണ്. എൻ.ഡി.എക്ക് 15ഉം ബി.എസ്.പിക്ക് വെറും രണ്ട് ശതമാനവുമാണ് ലഭിച്ചത്.
അതേസമയം സമാജ്‌വാദി പാർട്ടിയുമായുള്ള ബന്ധം കോൺഗ്രസിന് ഗുണം ചെയ്തു. മത്സരിച്ച 17 സീറ്റുകളിൽ ആറു സീറ്റുകളിൽ കോൺഗ്രസിന് വിജയിക്കാനായി. ഇതിൽ 2019ൽ കൈവിട്ട അമേഠിയും ഉൾപ്പെടും. അഖിലേഷ് യാദവും രാഹുൽ ഗാന്ധിയും തമ്മിലെ കൂട്ടുകെട്ട് ക്ലിക്കായതിന് പുറമെ പ്രവർത്തനം താഴെ തട്ടിൽ എത്തിക്കാനും കഴിഞ്ഞു. ഇതെല്ലാം ഫലത്തിൽ പ്രതിഫലിച്ചു.
സമാജ്‌വാദി പാർട്ടിയുടെ തന്ത്രങ്ങളും പ്രചാരണങ്ങളുമാണ് ബി.ജെ.പിയെ വീഴ്ത്തിയത്. സ്ഥാനാർഥി നിർണയം മുതൽ തെരഞ്ഞടുപ്പ് പ്രചാരണത്തിൽ വരെ ബി.ജെ.പിയെ പിന്നിലാക്കുന്ന പ്രകടനമാണ് അഖിലേഷും ടീമും കാഴ്ചവെച്ചത്. അതേസമയം തൊഴിലില്ലായ്മയും വോട്ടർമാരുടെ ഒരു പ്രധാന ആശങ്കയായിരുന്നു. സർക്കാർ ജോലികൾക്കായുള്ള പരീക്ഷാപേപ്പറുകൾ അടിക്കടി ചോരുന്നതും ബി.ജെ.പി സര്‍ക്കാറില്‍ ജനങ്ങളുടെ വിശ്വാസത്തെ കൂടുതൽ ഇല്ലാതാക്കി. ബി.ജെ.പിയുടെ സിറ്റിങ് എംപിമാരുടെ പ്രകടനവും നിരാശപ്പെടുത്തുന്നതായിരുന്നു. ഇതെല്ലാം തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് കനത്ത പ്രഹരമാണ് ഏൽപിച്ചത്.
Adjust Story Font
16