Quantcast

നെഹ്റു എന്തിന് കശ്മീർ വിഷയം യു.എന്നിൽ എത്തിച്ച് അന്താരാഷ്ട്രവൽക്കരിച്ചു? നിർമല സീതാരാമൻ

ഇന്ത്യയുടെ വിഷയമാണത്. ആഗോള വേദിയിലേക്ക് പോകരുതായിരുന്നുവെന്ന് നിര്‍മല സീതാരാമന്‍

MediaOne Logo

Web Desk

  • Published:

    23 March 2022 2:35 PM GMT

നെഹ്റു എന്തിന് കശ്മീർ വിഷയം യു.എന്നിൽ എത്തിച്ച് അന്താരാഷ്ട്രവൽക്കരിച്ചു? നിർമല സീതാരാമൻ
X

ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റു കശ്മീർ വിഷയം ഐക്യരാഷ്ട്രസഭയിലേക്ക് കൊണ്ടുപോയി അന്താരാഷ്ട്രവൽക്കരിച്ചെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. ഇന്ത്യയുടെ വിഷയമാണത്. ആഗോള വേദിയിലേക്ക് പോകരുതായിരുന്നുവെന്നും നിര്‍മല സീതാരാമന്‍ രാജ്യസഭയില്‍ പറഞ്ഞു.

ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സംഘര്‍ഷത്തിനിടെ 1948 ജനുവരിയിൽ നെഹ്‌റു യുഎൻ രക്ഷാസമിതിയിൽ ഹരജി നൽകിയിരുന്നു. ഈ ഹരജിയുടെ അടിസ്ഥാനത്തിൽ, യു.എന്‍ സുരക്ഷാ കൗൺസിൽ ഇരു രാജ്യങ്ങൾക്കുമിടയിൽ മധ്യസ്ഥത വഹിക്കാൻ യുഎൻ കമ്മീഷൻ രൂപീകരിച്ചു.

ഇന്ന് നിര്‍മല സീതാരാമന്‍ രാജ്യസഭയില്‍ പറഞ്ഞതിങ്ങനെ- "ഇത് (കശ്മീർ പ്രശ്നം) അടിസ്ഥാനപരമായി ഇന്ത്യയുമായി ബന്ധപ്പെട്ട വിഷയമാണ്. കോൺഗ്രസ് ഈ വിഷയം യുഎന്നിൽ എത്തിച്ചു. ആരാണത് ചെയ്തത്? നമ്മുടെ പ്രഥമ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റു ഈ വിഷയം യുഎന്നിൽ എത്തിച്ചു. എന്തുകൊണ്ട്? ബ്രിട്ടീഷുകാർ എന്തെങ്കിലും നിർദേശം നൽകിയിട്ടുണ്ടാകാം."

പാകിസ്താനെ പരാമർശിച്ചുകൊണ്ട് നിര്‍മല സീതാരാമന്‍ പറഞ്ഞതിങ്ങനെ- "ഇപ്പോഴും നമ്മുടെ അയൽക്കാർ അത് ദുരുപയോഗം ചെയ്യുന്നു (നെഹ്‌റു കശ്മീർ വിഷയം യുഎന്നിലെത്തിച്ചത്)."

കശ്മീർ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്ന് നിര്‍മല സീതാരാമന്‍ പറഞ്ഞു- "ഇത് ആഗോള ഫോറത്തിലേക്ക് പോകാൻ പാടില്ലാത്ത പ്രശ്നമാണ്. നമുക്കത് കൈകാര്യം ചെയ്യാമായിരുന്നു. ഞങ്ങൾ ഇപ്പോൾ കൈകാര്യം ചെയ്യുകയും വ്യത്യാസം കാണിക്കുകയും ചെയ്യുന്നു"



TAGS :

Next Story