പ്രധാനമന്ത്രി വിദേശയാത്രകൾ രാത്രി ആരംഭിക്കുന്നതിന് കാരണം ഇതാണ്
ഒരു മാസത്തിനിടെ അഞ്ച് രാജ്യങ്ങളിലാണ് പ്രധാനമന്ത്രി പര്യടനം നടത്തിയത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇപ്പോൾ വിദേശയാത്രകളുടെ തിരക്കിലാണ്. അദ്ദേഹത്തിന്റെ യാത്രകൾ പലപ്പോഴും ആരംഭിക്കുന്നത് രാത്രികളിലാണ്. എത്തേണ്ട ഇടങ്ങളിൽ പകൽ എത്തുന്ന വിധത്തിലാണ് യാത്രകളുടെ ക്രമീകണം. രാത്രിയിൽ വിമാനത്തിൽ ചെലവഴിച്ച് പകൽ പരിപാടികളിൽ പങ്കെടുക്കുക എന്നതാണ് പ്രധാനമന്ത്രിയുടെ രീതി. സമയം ലാഭിക്കാൻ വേണ്ടിയാണ് ഇത്തരത്തിൽ രാത്രി യാത്ര തിരഞ്ഞെടുക്കുന്നതെന്ന് പ്രധാനമന്ത്രിയോട് അടുത്ത വൃത്തങ്ങൾ പറയുന്നു.
ഒരു മാസത്തിനിടെ അഞ്ച് രാജ്യങ്ങളിലാണ് പ്രധാനമന്ത്രി പര്യടനം നടത്തിയത്. ഡെൻമാർക്ക്, ഫ്രാൻസ്, നേപ്പാൾ തുടങ്ങിയ രാജ്യങ്ങളിൽ പര്യടനം നടത്തിയിരുന്നു. മൂന്ന് ദിവസത്തെ സന്ദർശനത്തിനായി അദ്ദേഹം ജർമ്മനിയിലും എത്തിയിരുന്നു. വെറും മൂന്ന് രാത്രികൾ മാത്രമാണ് ഈ അഞ്ച് രാജ്യങ്ങളിൽ മോദി ചിലവഴിക്കേണ്ടി വന്നത്. നാല് ദിവസവും അദ്ദേഹം ചിലവഴിച്ചത് വിമാനത്തിലായിരുന്നു.
ജപ്പാൻ സന്ദർശനവും വ്യത്യസ്തമായിരിക്കില്ല. മെയ് 22 ന് രാത്രി പുറപ്പെട്ട് മെയ് 23 ന് അതിരാവിലെ ടോക്കിയോയിൽ എത്തിച്ചേരുന്ന വിധത്തിലാണ് ക്രമീകരണം. വ്യവസായ പ്രമുഖരുമായി അദ്ദേഹം കൂടിക്കാഴ്ച്ച നടത്തുകയും ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്യുകയും ചെയ്യും. അടുത്ത ദിവസം 'ക്വാഡ്' മീറ്റിംഗിൽ പങ്കെടുക്കുകയും ഉഭയകക്ഷി ചർച്ചകൾ നടത്തും. തുടർന്ന് അതേ രാത്രി തന്നെ ഇന്ത്യയിലേക്ക് മടങ്ങും.
''തൊണ്ണൂറുകളുടെ തുടക്കത്തിൽ ഒരു സാധാരണ പൗരനെന്ന നിലയിൽ യാത്ര ചെയ്യുമ്പോഴും മോദി ഇതേരീതി പിന്തുടർന്നിരുന്നു. പകൽ സമയത്ത് ലക്ഷ്യസ്ഥാനങ്ങൾ സന്ദർശിക്കുകയും ഹോട്ടൽ താമസത്തിനുള്ള പണം ലാഭിക്കാനായി അവസാന വിമാനത്തിൽ തിരികെ പോകുകയും ചെയ്യുമായിരുന്നു. പലപ്പോഴും വിമാനത്തിലും വിമാനത്താവളങ്ങളിലും ഉറങ്ങാറുണ്ടായിരുന്നു'' സമയവും വിഭവങ്ങളും ലാഭിക്കുന്നതിനുള്ള അദ്ദേഹത്തിന്റെ ശീലങ്ങളിലൊന്നായി ഇത് മാറിയെന്ന് പ്രധാനമന്ത്രിയോട് അടുത്ത വൃത്തങ്ങൾ പറയുന്നതായി എഎൻഐ റിപ്പോർട്ട് ചെയ്യുന്നു.
Adjust Story Font
16