യു.പിയിലെ 10 സീറ്റുകളിൽ ഉപതെരഞ്ഞെടുപ്പ്; ബി.ജെ.പിക്ക് വരാനിരിക്കുന്നത് അഗ്നിപരീക്ഷ
ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇൻഡ്യാ സഖ്യം യു.പിയിൽ വൻ മുന്നേറ്റമാണ് നടത്തിയത്.
ലഖ്‌നോ: ഉത്തർപ്രദേശിലെ 10 നിയമസഭാ സീറ്റുകളിൽ നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പ് ഭരണകക്ഷിയായ ബി.ജെ.പിക്ക് അഗ്നിപരീക്ഷയാകുമെന്ന് വിലയിരുത്തൽ. ഏഴ് സംസ്ഥാനങ്ങളിലെ 13 സീറ്റുകളിലേക്ക് കഴിഞ്ഞ ആഴ്ച നടന്ന ഉപതെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് കനത്ത തിരിച്ചടിയേറ്റിരുന്നു.
ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ കണക്കുകൂട്ടലുകളെല്ലാം തെറ്റിച്ചതും യു.പിയാണ്. ആകെയുള്ള 80 സീറ്റിൽ 33 ഇടത്ത് മാത്രമാണ് ബി.ജെ.പിക്ക് വിജയിക്കാനായത്. 2019ൽ എൻ.ഡി.എ 62 സീറ്റുകൾ നേടിയിരുന്നു. പാർട്ടിയുടെ വോട്ട് വിഹിതം 50 ശതമാനത്തിൽനിന്ന് 41.3 ശതമാനത്തിലേക്ക് ഇടിയുകയും ചെയ്തു.
രാജ്യസഭയിൽ അംഗബലം വർധിപ്പിക്കുന്നതിനും ബി.ജെ.പിക്ക് ഉപതെരഞ്ഞെടുപ്പ് വിജയം നിർണായകമാണ്. നാമനിർദേശം ചെയ്യപ്പെട്ട നാല് അംഗങ്ങളുടെ കാലാവധി കഴിഞ്ഞതോടെ ബി.ജെ.പിയുടെ അംഗസംഖ്യ 86 ആയി കുറഞ്ഞിരുന്നു. എൻ.ഡി.എക്ക് 101 അംഗങ്ങളുണ്ട്. 245 അംഗ സഭയിൽ നിലവിൽ 226 അംഗങ്ങളുണ്ട്. ഭൂരിപക്ഷത്തിന് 114 പേരുടെ പിന്തുണ വേണം.
എസ്.പി അധ്യക്ഷൻ അഖിലേഷ് യാദവ് അടക്കം ഒമ്പത് എം.എൽ.എമാർ ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് സീറ്റുകൾ ഒഴിവ് വന്നത്. എസ്.പി എം.എൽ.എ ഇർഫാൻ സോളങ്കി ക്രിമിനൽ കേസിൽ ശിക്ഷിക്കപ്പെട്ടതോടെ അദ്ദേഹത്തെ അയോഗ്യനാക്കുകയായിരുന്നു.
ഉപതെരഞ്ഞെടുപ്പ് നടക്കാൻ പോകുന്ന 10ൽ അഞ്ചും എസ്.പിയുടെ സിറ്റിങ് സീറ്റുകളാണ്. ഒരു സീറ്റിൽ എസ്.പിയുടെ സഖ്യകക്ഷിയായിരുന്ന ആർ.എൽ.ഡിയാണ് വിജയിച്ചത്. ബാക്കിയുള്ള മൂന്നു സീറ്റുകളിൽ ബി.ജെ.പിയും ഒരു സീറ്റിൽ അവരുടെ സഖ്യകക്ഷിയായ നിഷാദ് പാർട്ടിയുമാണ് വിജയിച്ചത്.
നിലവിൽ യു.പിയിലെ രാഷ്ട്രീയ സാഹചര്യങ്ങൾ മാറിയിട്ടുണ്ട്. കോൺഗ്രസിനൊപ്പമായിരുന്ന രാഷ്ട്രീയ ലോക്ദൾ ബി.ജെ.പി സഖ്യത്തിലാണ്. എസ്.പിയും കോൺഗ്രസും ഇൻഡ്യാ സഖ്യമായി ഒരുമിച്ചാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്.
കഴിഞ്ഞ രണ്ട് ലോക്‌സഭാ തെരഞ്ഞെടുപ്പിലും 2022ലെ നിയമസഭാ തെരഞ്ഞെടുപ്പിലും യു.പിയിൽ വൻ മുന്നേറ്റമാണ് ബി.ജെ.പി നടത്തിയിരുന്നത്. ഈ മേധാവിത്വം പാർട്ടിക്ക് നഷ്ടമാകുന്നുവെന്നാണ് 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് തെളിയിക്കുന്നത്. ഈ വർഷം ഉപതെരഞ്ഞെടുപ്പ് നടക്കുന്നതിൽ മിൽക്കിപൂർ നിയമസഭാ മണ്ഡലവും ഉൾപ്പെടുന്നുണ്ട്. എസ്.പി നേതാവും സിറ്റിങ് എം.എൽ.എയുമായ അവധേഷ് പ്രസാദ് അയോധ്യ ഉൾപ്പെടുന്ന ഫൈസാബാദ് മണ്ഡലത്തിൽനിന്ന് പാർലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. ഒമ്പത് തവണ എം.എൽ.എയും മുൻ മന്ത്രിയുമായ അവധേഷ് 55,000 വോട്ടിനാണ് ബി.ജെ.പിയുടെ ലല്ലു സിങ്ങിനെ പരാജയപ്പെടുത്തിയത്.
ഉത്തർപ്രദേശ് നിയമസഭയിൽ ബി.ജെ.പിക്ക് 249 സീറ്റുണ്ട്. സഖ്യകക്ഷികളായ അപ്‌നാദളിന് 13 സീറ്റും രാഷ്ട്രീയ ലോക് ദളിന് എട്ട് സീറ്റും സുഹെൽദേവ് ഭാരതീയ സമാജ് പാർട്ടിക്ക് ആറും നിഷാദ് പാർട്ടിക്ക് അഞ്ച് സീറ്റുമാണുള്ളത്. പ്രതിപക്ഷത്ത് സമാജ് വാദി പാർട്ടിക്ക് 103 സീറ്റുണ്ട്. കോൺഗ്രസിന് രണ്ട് സീറ്റുണ്ട്. ജനസത്താ ദളിന് രണ്ട് അംഗങ്ങളും ബി.എസ്.പിക്ക് ഒരു സീറ്റുമാണുള്ളത്.
Adjust Story Font
16