ഗഡ്കരിയും ശിവരാജ് ചൗഹാനും പുറത്ത്; ഫഡ്‌നാവിസ് അകത്ത്- ബിജെപിയിൽ സംഭവിക്കുന്നതെന്ത്?
മുൻ പ്രസിഡണ്ടുമാരെ പരമ്പരാഗതമായി നിലനിർത്തുന്ന പതിവ് ഉപേക്ഷിച്ചാണ് നിതിൻ ഗഡ്കരിയെ സമിതിയിൽനിന്ന് ഒഴിവാക്കിയത്
ന്യൂഡൽഹി: സംഘടനാ അഴിച്ചുപണിയിൽ ബിജെപിക്കുള്ളിലെ അപ്രമാദിത്വം അരക്കിട്ടുറപ്പിച്ച് നരേന്ദ്രമോദിയും അമിത് ഷായും. കേന്ദ്രമന്ത്രിയും പാർട്ടി മുൻ അധ്യക്ഷനുമായ നിതിൻ ഗഡ്കരി, മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ എന്നീ വൻതോക്കുകളെയാണ് പാർട്ടിയുടെ ഉന്നതാധികാര സമിതിയായ പാർലമെന്ററി ബോർഡിൽനിന്ന് നീക്കിയത്. കർണാടക മുൻ മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പ, കേന്ദ്രമന്ത്രി സർബാനന്ദ സൊനോവാൾ എന്നിവര്‍ക്ക് ഇടം ലഭിക്കുകയും ചെയ്തു.
ഉന്നതാധികാര സമിതിയിൽ കൂടുതൽ പ്രാദേശിക-സാമൂഹിക പ്രാതിനിധ്യങ്ങൾ കൊണ്ടുവരുന്നതിന്റെ ഭാഗമായാണ് പുനഃസംഘടന എന്നാണ് ഔദ്യോഗിക വിശദീകരണം. സിഖ് വിഭാഗത്തെ പ്രതിനിധീകരിച്ച് ഐപിഎസ് ഉദ്യോഗസ്ഥൻ ഇഖ്ബാൽ സിങ് ലാൽപുര, ഒബിസി വിഭാഗത്തിൽനിന്ന് കെ ലക്ഷ്മണൻ, വനിതാ നേതാവും ദേശീയ സെക്രട്ടറിയുമായ സുധ യാദവ്, മുൻ ലോക്‌സഭാ എംപി സത്യനാരായൻ ജതിയ എന്നിവർക്കാണ് ഇതുപ്രകാരം ബോർഡിൽ ഇടം കിട്ടിയത്.
പ്രധാനമന്ത്രി നരേന്ദ്രമോദി, ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി നദ്ദ, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്, സംഘടനാ ചുമതലയുള്ള ബിഎല്‍ സന്തോഷ് എന്നിവർ ബോർഡിന്റെ ഭാഗമായി തുടരും. ഉത്തർപ്രദേശിലെ തുടർ വിജയത്തിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് സമിതിയില്‍ ഇടം ലഭിക്കുമെന്ന് കരുതപ്പെട്ടിരുന്നുവെങ്കിലും അതുണ്ടായില്ല. മുഖ്യമന്ത്രിമാർ, സംസ്ഥാന പാർട്ടി അധ്യക്ഷന്മാർ, മറ്റു പ്രധാന സംഘടനാ ചുമതലയുള്ളവർ തുടങ്ങിയവരെ തീരുമാനിക്കുന്നത് പാർലമെന്ററി ബോർഡാണ്.
നിതിൻ ഗഡ്കരി എന്തുകൊണ്ടില്ല?
മുൻ പ്രസിഡണ്ടുമാരെ പരമ്പരാഗതമായി നിലനിർത്തുന്ന പതിവ് ഉപേക്ഷിച്ചാണ് നിതിൻ ഗഡ്കരിയെ പാര്‍ലമെന്‍ററി ബോര്‍ഡില്‍നിന്ന് ഒഴിവാക്കിയത്. മഹാരാഷ്ട്രയിൽ 'വിമത' ശിവസേനയ്‌ക്കൊപ്പം ചേർന്ന് ബിജെപി പുതിയ സർക്കാർ രൂപവത്കരിച്ച ശേഷമാണ് ഗഡ്കരി ഒഴിവാക്കപ്പെടുന്നത്. അതേസമയം, മഹാരാഷ്ട്രയിലെ ശാക്തിക ചേരിയിൽ നേതൃത്വത്തോട് ചേർന്നു നിൽക്കുന്ന ദേവേന്ദ്ര ഫഡ്‌നാവിസ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റിയില്‍ ഇടംപിടിക്കുകയും ചെയ്തു.
ഗഡ്കരിയെ ഒഴിവാക്കിയതിൽ ആർഎസ്എസ് എങ്ങനെ പ്രതികരിക്കുമെന്നതാണ് രാഷ്ട്രീയ വൃത്തങ്ങൾ ഉറ്റുനോക്കുന്നത്. കേന്ദ്രമന്ത്രിസഭയിൽ ആർഎസ്എസിന്റെ പിന്തുണ നിർലോഭം ലഭിക്കുന്ന മന്ത്രിയാണ് ഗഡ്കരി.
20 വർഷമായി മുഖ്യമന്ത്രി സ്ഥാനത്തിരിക്കുന്ന ശിവരാജ് സിങ് ചൗഹാൻ സമിതിയിൽ നിന്ന് ഒഴിവാക്കപ്പെട്ടതും 'രാഷ്ട്രീയ' കാരണങ്ങളാലാണ്. മോദിയുമായും ഷായുമായും അടുപ്പം സൂക്ഷിക്കുന്ന നേതാവല്ല ചൗഹാൻ. കര്‍ണാടകയില്‍ പാർട്ടിക്കുള്ളിലെ കലാപത്തെ തുടർന്ന് മുഖ്യമന്ത്രിപദം രാജിവയ്‌ക്കേണ്ടി വന്ന ബിഎസ് യെദ്യൂരപ്പ 77-ാം വയസ്സിൽ സമിതിയിലെത്തി എന്നത് എടുത്തു പറയേണ്ടതാണ്. അലിഖിത നിയമപ്രകാരം 75 വയസ്സു കഴിഞ്ഞവരെ പാർട്ടി പ്രധാനപ്പെട്ട സമിതികളിൽ ഉൾപ്പെടുത്താറില്ല. അടുത്ത വർഷം നടക്കാനിരിക്കുന്ന സംസ്ഥാന തെരഞ്ഞെടുപ്പിൽ യെദ്യൂരപ്പയുടെ സഹകരണം മുൻകൂട്ടി കണ്ടാണ് ലിംഗായത്ത് നേതാവിന് ഇടം നൽകിയത്. സംസ്ഥാനത്തെ ശക്തമായ വോട്ടുബാങ്കാണ് 18 ശതമാനം വരുന്ന ലിംഗായത്തുകൾ.
കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റിയിൽ ഫഡ്‌നാവിസിനെ കൂടാതെ, കേന്ദ്രമന്ത്രി ഭൂപേന്ദ്ര യാദവ്, ഓം മാത്തൂർ, വനതി ശ്രീനിവാസൻ എന്നിവർ ഇടംപിടിച്ചു. മുൻ കേന്ദ്രമന്ത്രി ഷാനവാസ് ഹുസൈൻ, ജുവൽ ഒറാം എന്നിവരെ ഒഴിവാക്കി.
Adjust Story Font
16