Quantcast

ഗഗൻയാൻ സംഘത്തിൽ എന്തുകൊണ്ട് വനിതകളില്ല? കാരണമിതാണ്

വരുംകാലങ്ങളിൽ ഐ.എസ്.ആർ.ഒ മിഷനുകളുടെ ഭാഗമായി വനിതകൾ ബഹിരാകാശത്തെത്തുമെന്നാണ് ഐ.എസ്.ആർ.ഒ ചെയർമാൻ എസ്.സോമനാഥ് വ്യക്തമാക്കുന്നത്.

MediaOne Logo

Web Desk

  • Updated:

    2024-02-27 14:36:07.0

Published:

27 Feb 2024 2:32 PM GMT

ഗഗൻയാൻ സംഘത്തിൽ എന്തുകൊണ്ട് വനിതകളില്ല? കാരണമിതാണ്
X

ഡൽഹി: ഇന്ത്യയിൽ നിന്ന് ബഹിരാകാശത്തേക്ക് പറക്കാനൊരുങ്ങുന്ന ഗഗൻയാൻ ടീമംഗങ്ങളെ പ്രഖ്യാപിച്ചിരിക്കുകയാണ്. ഗ്രൂപ്പ് ക്യാപ്റ്റൻമാരായ പ്രശാന്ത് ബാലകൃഷ്‌ണൻ നായർ, അജിത് കൃഷ്‌ണൻ, അംഗദ് പ്രതാപ്, വിംഗ് കമാൻഡർ ശുഭാൻഷു ശുക്ള എന്നിവരടങ്ങുന്ന സംഘത്തെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സാന്നിധ്യത്തിൽ ഐ.എസ്.ആർ.ഒ പ്രഖ്യാപിച്ചത്. ചടങ്ങിൽ, രാജ്യത്തിന്റെ ബഹിരാകാശ ദൗത്യങ്ങളിൽ വനിതാ ശാസ്ത്രജ്ഞർ നൽകിയ മഹത്തായ സംഭാവനകളെക്കുറിച്ച് പ്രധാനമന്ത്രി വാചാലനായിരുന്നു. അവർ ഇല്ലായിരുന്നുവെങ്കിൽ ചന്ദ്രയാനോ ഗഗൻയാനോ സാധ്യമാകുമായിരുന്നില്ലെന്നായിരുന്നു മോദിയുടെ പരാമർശം. എന്നാൽ, ഗഗൻയാൻ സംഘത്തിൽ എന്തുകൊണ്ട് വനിതകൾ ഉൾപ്പെട്ടില്ലെന്ന ചോദ്യം ഇതോടൊപ്പം ഉയരുന്നുണ്ട്.

ബഹിരാകാശയാത്രികരെ തെരഞ്ഞെടുക്കുന്ന രീതിയാണ് ഗഗൻയാൻ സംഘത്തിൽ വനിതകൾ ഉൾപ്പെടാത്തതിനുള്ള കാരണം. ലോകമെമ്പാടും കന്നി ദൗത്യങ്ങൾക്കായി ബഹിരാകാശയാത്രികരെ ടെസ്റ്റ് പൈലറ്റുമാരിൽ നിന്നാണ് തെരഞ്ഞെടുക്കുന്നത്. എന്നാൽ, തെരഞ്ഞെടുപ്പ് പ്രക്രിയ നടക്കുമ്പോൾ ഇന്ത്യയ്ക്ക് വനിതാ ടെസ്റ്റ് പൈലറ്റ് ഉണ്ടായിരുന്നില്ല. ഉയർന്ന വൈദഗ്ധ്യമുള്ള വൈമാനികരാണ് ടെസ്റ്റ് പൈലറ്റുമാരായി തെരഞ്ഞെടുക്കപ്പെടുന്നത്. അടിയന്തര ഘട്ടങ്ങളിൽ പരിഭ്രാന്തരാകാതെ ശാന്തമായി കാര്യങ്ങൾ കൈകാര്യം ചെയ്യാൻ പരിശീലനം ലഭിച്ചവരായിരിക്കും ഇവർ.

വരുംകാലങ്ങളിൽ ഐ.എസ്.ആർ.ഒ മിഷനുകളുടെ ഭാഗമായി വനിതാ ബഹിരാകാശയാത്രികർ ബഹിരാകാശത്തെത്തുമെന്നാണ് ഐ.എസ്.ആർ.ഒ ചെയർമാൻ എസ്.സോമനാഥ് വ്യക്തമാക്കുന്നത്. താമസിയാതെ ഇന്ത്യയ്ക്ക് മിഷൻ സ്‌പെഷ്യലിസ്റ്റുമാരെ ആവശ്യമായി വരും. ഇതിൽ ബഹിരാകാശ യാത്രികരായി വനിതകളുമുണ്ടാകുമെന്നാണ് എസ്.സോമനാഥിന്റെ പ്രതികരണം. ഐ.എസ്.ആർ.ഒയിൽ ലിംഗവിവേചനമില്ലെന്നും കഴിവുകൾ മാത്രമാണ് മാനദണ്ഡമാകുന്നതെന്നുമാണ് വിക്രം സാരാഭായ് സ്പെയ്സ് സെന്റർ ഡയറക്ടർ വി.ഉണ്ണികൃഷ്ണൻ നായർ പറയുന്നത്.

ചിട്ടയായ പരിശീലനവും പഠനവുമാണ് ബഹിരാകാശയാത്രക്ക് മുന്നോടിയായി ഗഗൻയാൻ സംഘത്തിനുള്ളത്. ആദ്യഘട്ടത്തിൽ 13മാസക്കാലം റഷ്യയിലായിരുന്നു പരിശീലനം. ഇസ്റോയും റഷ്യന്‍ വിക്ഷേപണ സേവന ദാതാക്കളായ ഗ്ലാവ്കോസ്മോസും 2019 ജൂണില്‍ ഒപ്പിട്ട കരാർ പ്രകാരം, റോസ്കോസ്മോസ് ബഹിരാകാശ ഏജന്‍സിക്ക് കീഴിലുള്ള ഗഗാറിന്‍ കോസ്മൊണോട്ട് ട്രെയിനിങ് സെന്‍ററിലായിരുന്നു പരിശീലനം നടത്തിയത്.

2021ലാണ് റഷ്യയിലെ പരിശീലനത്തിനുശേഷം സംഘം ഇന്ത്യയില്‍ മടങ്ങിയെത്തിയത്. വിക്ഷേപണത്തിനെക്കുറിച്ചുള്ള സാങ്കേതികപരിജ്ഞാനവും ഗഗൻയാൻ സംഘം നേടിക്കഴിഞ്ഞു. ബഹിരാകാശ വാഹനം, വിക്ഷേപണം തുടങ്ങിയവയുടെ സാങ്കേതിക മേഖലകളിൽ സംഘം പ്രാവീണ്യം നേടി. ഗഗന്‍യാനിലെ സാങ്കേതിക സംവിധാനങ്ങളെക്കുറിച്ച് പ്രത്യേക പഠനവും ശാരീരിക പരിശീലനവും യോഗയും തുടർന്നു.

നാസയുടെ പരിശീലന സഹായവും സംഘത്തിന് ഉറപ്പാക്കി. ആകാശയാത്ര നടത്തുന്നവര്‍ക്ക് ശാരീരിക ക്ഷമത ഉറപ്പാക്കാനുള്ള എയ്റോ-മെഡിക്കല്‍ പരിശീലനവും ലഭ്യമാക്കി. ബഹിരാകാശ യാത്ര നടത്തുമ്പോള്‍ കഴിക്കാനുള്ള ഭക്ഷണം തയ്യാറാക്കുന്നത് മൈസുരുവിലെ ഡിഫന്‍സ് ഫുഡ് റിസര്‍ച്ച് ലാബിലും സെന്‍ട്രല്‍ ഫുഡ് റിസര്‍ച്ച് ലാബിലുമാണ്. ഗഗൻയാൻ പദ്ധതിയുടെ വിക്ഷേപണ പരീക്ഷണങ്ങൾ തുടരുന്ന സാഹചര്യത്തിൽ സംഘം പൂർണസമയവും പരിശീലനം തുടരും.

TAGS :

Next Story