Quantcast

'പേരിനൊപ്പം നെഹ്റുവെന്ന് ചേര്‍ക്കുന്നതില്‍ നാണക്കേട് എന്തിന്?': ഗാന്ധി കുടുംബത്തിനെതിരെ പ്രധാനമന്ത്രി

'ഈ രാജ്യം ഒരു കുടുംബത്തിന്‍റെയും സ്വത്തല്ല'

MediaOne Logo

Web Desk

  • Updated:

    2023-02-09 14:34:10.0

Published:

9 Feb 2023 2:33 PM GMT

പേരിനൊപ്പം നെഹ്റുവെന്ന് ചേര്‍ക്കുന്നതില്‍ നാണക്കേട് എന്തിന്?: ഗാന്ധി കുടുംബത്തിനെതിരെ പ്രധാനമന്ത്രി
X

ഡല്‍ഹി: രാജ്യസഭയില്‍ കോണ്‍ഗ്രസിനെയും ഗാന്ധി കുടുംബത്തെയും കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗാന്ധി കുടുംബത്തിലെ ആരും പേരിനൊപ്പം നെഹ്റു എന്ന് ചേര്‍ക്കാത്തത് എന്തുകൊണ്ടാണെന്നും ആ സര്‍നെയിം ഉപയോഗിക്കുന്നതില്‍ നാണക്കേട് എന്തിനെന്നും പ്രധാനമന്ത്രി ചോദിച്ചു. ഈ രാജ്യം ഒരു കുടുംബത്തിന്‍റെയും സ്വത്തല്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.

"സർക്കാരിന്‍റെ ചില പരിപാടികളിൽ നെഹ്റുവിന്‍റെ പേരോ ചിത്രമോ ഇല്ലെങ്കിൽ പലർക്കും ദേഷ്യം വരാറുണ്ട്. നെഹ്‌റുവിനെ എവിടെയെങ്കിലും പരാമർശിക്കാതെ പോയാൽ അവർ (കോൺഗ്രസ്) അസ്വസ്ഥരാകും. നെഹ്‌റു ഇത്രയും വലിയ വ്യക്തിയായിരുന്നു, പിന്നെ എന്തുകൊണ്ട് അവരാരും പേരിനൊപ്പം (സര്‍ നെയിം) നെഹ്‌റു എന്ന് ഉപയോഗിക്കുന്നില്ല? നെഹ്‌റുവിന്റെ പേര് ഉപയോഗിക്കുന്നതിൽ എന്താണ് നാണക്കേട്?"- രാജ്യസഭയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

'മോദി-അദാനി ഭായ് ഭായ്', 'അദാനിക്കെതിരെ അന്വേഷണം വേണം' തുടങ്ങിയ മുദ്രാവാക്യങ്ങൾക്കും ബഹളത്തിനും ഇടയിലാണ് പ്രധാനമന്ത്രി രാജ്യസഭയില്‍ സംസാരിച്ചത്- "ഞങ്ങൾ സംസ്ഥാനങ്ങളെ പ്രശ്‌നത്തിലാക്കുന്നുവെന്ന് അവർ (കോണ്‍ഗ്രസ്) പറയുന്നു. പക്ഷേ അവർ തെരഞ്ഞെടുക്കപ്പെട്ട സംസ്ഥാന സർക്കാരുകളെ 90 തവണ താഴെയിട്ടു. കേരളത്തിലെ ഇടത് സർക്കാരിനെ ഉൾപ്പെടെ പിരിച്ചുവിട്ടു. ഒരു കോൺഗ്രസ് പ്രധാനമന്ത്രി തെരഞ്ഞെടുക്കപ്പെട്ട സംസ്ഥാന സർക്കാരുകളെ പിരിച്ചുവിടാൻ ആർട്ടിക്കിൾ 356, 50 തവണ ഉപയോഗിച്ചു- ഇന്ദിരാഗാന്ധിയാണത്"- പ്രധാനമന്ത്രി പറഞ്ഞു.

നിങ്ങൾ എത്ര ചെളി വാരിയെറിഞ്ഞാലും താമര വിരിയുക തന്നെ ചെയ്യും എന്നായിരുന്നു പ്രതിപക്ഷ പ്രതിഷേധത്തോടുള്ള പ്രധാനമന്ത്രിയുടെ പ്രതികരണം. കോൺഗ്രസിന് രാഷ്ട്ര ചിന്തയില്ല, രാഷ്ട്രീയ ചിന്ത മാത്രമേയുള്ളൂ. പ്രതിപക്ഷം സാങ്കേതിക വിദ്യയ്ക്ക് എതിരാണ്. കോൺഗ്രസ് ശാസ്ത്രത്തെയും സാങ്കേതിക വിദ്യയെയും അവഗണിച്ചു. ബി.ജെ.പി സര്‍ക്കാര്‍ സാങ്കേതിക വിദ്യ സാധാരണക്കാർക്കായി ഉപയോഗിക്കുന്നു. തൊഴിലും തൊഴിലില്ലായ്മയും തമ്മിലുള്ള വ്യത്യാസം പ്രതിപക്ഷത്തിനറിയില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.

സർക്കാർ ഒന്നിൽ നിന്നും ഓടിയൊളിച്ചിട്ടില്ലെന്നും പ്രധാനമന്ത്രി അവകാശപ്പെട്ടു. പാവങ്ങളുടെ ഉന്നമനത്തിനായി നിലകൊള്ളാൻ സർക്കാരിനായി. ജനം തിരസ്കരിച്ചവരുടെ മുതലക്കണ്ണീരെന്ന് പ്രതിപക്ഷത്തെ അദ്ദേഹം പരിഹസിക്കുകയും ചെയ്തു. ജനങ്ങളുടെ വിശ്വാസം ആർജ്ജിക്കാനായെന്നും ജനങ്ങളുടെ അനുഗ്രഹം സർക്കാരിനുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇന്ന് അതിർത്തി ഗ്രാമങ്ങളിൽ പോലും വൈദ്യുതി എത്തുന്നു. ഞങ്ങൾ പണിയെടുക്കുന്നു, നിങ്ങൾ വിശ്രമിക്കുന്നുവെന്നും പ്രധാനമന്ത്രി പ്രതിപക്ഷത്തെ പരിഹസിച്ചു.

TAGS :

Next Story