Quantcast

തമിഴര്‍ എന്തിന് ഹിന്ദി സംസാരിക്കണം? ഹിന്ദി ദേശീയ ഭാഷയാണെന്ന് ഭരണഘടനയില്‍ എഴുതിവെച്ചിട്ടില്ല: സോനു നിഗം

'നിങ്ങൾ തമിഴനാണെന്നും നിങ്ങൾ ഹിന്ദി സംസാരിക്കണമെന്നും പറഞ്ഞ് മറ്റുള്ളവരുടെ മേൽ ഭാഷ അടിച്ചേൽപ്പിച്ച് രാജ്യത്ത് അസ്വാരസ്യം സൃഷ്ടിക്കുകയാണ്'

MediaOne Logo

Web Desk

  • Published:

    3 May 2022 10:20 AM GMT

തമിഴര്‍ എന്തിന് ഹിന്ദി സംസാരിക്കണം? ഹിന്ദി ദേശീയ ഭാഷയാണെന്ന് ഭരണഘടനയില്‍ എഴുതിവെച്ചിട്ടില്ല: സോനു നിഗം
X

ഡല്‍ഹി: ഹിന്ദി ദേശീയ ഭാഷയാണെന്ന് ഭരണഘടനയില്‍ എഴുതിവെച്ചിട്ടില്ലെന്ന് ഗായകന്‍ സോനു നിഗം. രാജ്യത്ത് ഏറ്റവുമധികം ആളുകൾ സംസാരിക്കുന്ന ഭാഷ ഹിന്ദിയാണെങ്കിലും, ഇതര ഭാഷകള്‍ സംസാരിക്കുന്നവരുടെ മേൽ ഹിന്ദി അടിച്ചേൽപ്പിക്കാൻ കഴിയില്ലെന്ന് സോനു നിഗം വ്യക്തമാക്കി. ബോളിവുഡ് നടൻ അജയ് ദേവ്ഗണും കന്നഡ നടൻ സുദീപ് സഞ്ജീവും തമ്മില്‍ ട്വിറ്ററില്‍ നടന്ന വാഗ്വാദത്തിന് പിന്നാലെയാണ് സോനു നിഗത്തിന്‍റെ പ്രതികരണം.

"ഇന്ത്യൻ ഭരണഘടനയിൽ ഹിന്ദി ദേശീയ ഭാഷയാണെന്ന് എഴുതിവെച്ചിട്ടില്ലെന്നാണ് എന്‍റെ അറിവ്. ഇതു സംബന്ധിച്ച് ഞാൻ വിദഗ്ധരുമായി സംസാരിച്ചിട്ടുണ്ട്. രാജ്യത്ത് ഏറ്റവും കൂടുതൽ പേര്‍ സംസാരിക്കുന്ന ഭാഷ ഹിന്ദിയാണ്. അതെനിക്ക് അറിയാം. ഇത് പറയുമ്പോൾത്തന്നെ ലോകത്തിലെ ഏറ്റവും പഴക്കമേറിയ ഭാഷ തമിഴാണെന്ന് നമുക്കറിയാമോ? സംസ്‌കൃതവും തമിഴും തമ്മിൽ അക്കാര്യത്തില്‍ തർക്കമുണ്ട്. ലോകത്തിലെ ഏറ്റവും പഴക്കമുള്ള ഭാഷ തമിഴാണെന്നാണ് പൊതുവെ പറയുന്നത്"- പത്മശ്രീ അവാർഡ് ജേതാവായ സോനു നിഗം വ്യക്തമാക്കി.

നിരവധി ആഭ്യന്തര പ്രശ്‌നങ്ങൾ നേരിടുന്ന രാജ്യത്ത് ഈ വിവാദം അനാവശ്യ സംഘർഷം സൃഷ്ടിക്കുമെന്നും സോനു നിഗം പറഞ്ഞു- "നമുക്ക് രാജ്യത്ത് പ്രശ്‌നങ്ങൾ കുറവാണോ? നിങ്ങൾ തമിഴനാണെന്നും നിങ്ങൾ ഹിന്ദി സംസാരിക്കണമെന്നും പറഞ്ഞ് മറ്റുള്ളവരുടെ മേൽ ഭാഷ അടിച്ചേൽപ്പിച്ച് രാജ്യത്ത് അസ്വാരസ്യം സൃഷ്ടിക്കുകയാണ്. ജനങ്ങൾക്ക് അവകാശം വേണം, അവർ സംസാരിക്കേണ്ട ഭാഷ ഏതെന്ന് തീരുമാനിക്കാൻ"- സോനു നിഗം ​​കൂട്ടിച്ചേർത്തു.

ബീസ്റ്റ് സ്റ്റുഡിയോയുടെ സ്ഥാപകനും സി.ഇ.ഒയുമായ സുശാന്ത് മേത്തയുമായി സംസാരിക്കുന്നതിനിടെയാണ് സോനു നിഗം ഇക്കാര്യം പറഞ്ഞത്. 32ലധികം ഭാഷകളില്‍ ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട് സോനു നിഗം. നമ്മുടെ കോടതികളിൽ പോലും വിധികൾ ഇംഗ്ലീഷിലാണ്. വിമാന ജീവനക്കാരും ഇംഗ്ലീഷിന് മുൻഗണന നൽകുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

ഹിന്ദി നമ്മുടെ ദേശീയ ഭാഷയല്ലെന്ന് കന്നഡ നടന്‍ സുദീപ് സഞ്ജീവ് ചൂണ്ടിക്കാണിച്ചപ്പോൾ, ദക്ഷിണേന്ത്യൻ ഭാഷകളിലെ സിനിമകൾ ഹിന്ദിയിലേക്ക് ഡബ്ബ് ചെയ്യുന്നത് എന്തിനാണെന്ന് ബോളിവുഡ് നടന്‍ അജയ് ദേവഗൺ ചോദിച്ചു. ഇതോടെയാണ് ഹിന്ദി വാദം സോഷ്യല്‍ മീഡിയയില്‍ വീണ്ടും ചൂടുപിടിച്ചത്. നേരത്തെ ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞത് ഹിന്ദി ഇതര സംസ്ഥാനങ്ങളിലുള്ളവര്‍ പരസ്പരം ആശയവിനിമയം നടത്തുമ്പോള്‍ ഇംഗ്ലീഷിനു പകരം ഹിന്ദി ഉപയോഗിക്കണമെന്നാണ്. തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ, കേരള മുഖ്യമന്ത്രി പിണറായി വിജയൻ, തെലങ്കാന മന്ത്രി കെ ടി രാമറാവു എന്നിവർ അമിത് ഷായുടെ പരാമർശത്തിനെതിരെ രംഗത്തെത്തുകയും നാനാത്വത്തിൽ ഏകത്വമാണ് ഇന്ത്യയുടെ ശക്തിയെന്ന് ഊന്നിപ്പറയുകയും ചെയ്തു.



Summary- Although Hindi is the most spoken language in the country, it cannot be imposed over non-Hindi speaking people as the language has not been mentioned as a "national language in the Constitution", singer Sonu Nigam said

TAGS :

Next Story