എന്തുകൊണ്ട് വയനാട് ഉപതെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചില്ല? വിശദീകരിച്ച് തെരഞ്ഞെടുപ്പ് കമ്മിഷൻ
മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പ് തീയതിയും പ്രഖ്യാപിച്ചിട്ടില്ല
ന്യൂഡൽഹി: രാഹുൽ ഗാന്ധി രാജിവെച്ച വയനാട് ലോക്സഭാ മണ്ഡലത്തിലെയും രാജ്യത്തെ 46 നിയമസഭാ മണ്ഡലങ്ങളിലേക്കുമുള്ള ഉപതെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കാത്തതിന്റെ കാരണം വ്യക്തമാക്കി തെരഞ്ഞെടുപ്പ് കമ്മിഷൻ. പല സംസ്ഥാനങ്ങളും ദുരന്തം അഭിമുഖീകരിക്കുകയാണെന്നും തെരഞ്ഞെടുപ്പ് നടത്താനുള്ള ശരിയായ സമയമല്ലെന്നും മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ രാജീവ് കുമാർ പറഞ്ഞു.
വയനാട്ടിൽ വലിയൊരു ദുരന്തമാണ് നാം കണ്ടത്. അവിടെ ഇപ്പോൾ ഉപതെരഞ്ഞെടുപ്പ് നടത്താനാകില്ല. പല സംസ്ഥാനങ്ങളിലും പ്രളയമുണ്ട്. നിശ്ചിത ആറ് മാസത്തിനുള്ളിൽ തെരഞ്ഞെടുപ്പ് നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഈ വർഷവും അടുത്ത വർഷം ആദ്യത്തിലും നാല് തെരഞ്ഞെടുപ്പ് നടക്കും. ജമ്മു കശ്മീരിനും ഹരിയാനക്കും പുറമെ മഹാരാഷ്ട്രയിലും ജാർഖണ്ഡിലും ഡൽഹിയിലും തെരഞ്ഞെടുപ്പ് നടക്കാനുണ്ട്.
സുരക്ഷാ സേനയുടെ അഭ്യർഥന പ്രകാരമാണ് ജമ്മു കശ്മീരിനോടൊപ്പം മഹാരാഷ്ട്രയിലെ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കാത്തത്. കശ്മീരിലെയും ഹരിയാനയിലെയും തെരഞ്ഞെടുപ്പിന് ശേഷം മറ്റു സ്ഥലങ്ങളിലെ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുമെന്നും കമ്മിഷൻ അറിയിച്ചു.
സെപ്റ്റംബറില്‍ മൂന്നു ഘട്ടങ്ങളിലായാണ് ജമ്മു കശ്മീരിൽ വോട്ടെടുപ്പ് നടക്കുന്നത്. ഹരിയാനയിൽ ഒക്ടോബര്‍ ഒന്നിന് ഒറ്റ ഘട്ടമായും വോട്ടെടുപ്പ് നടക്കും. സെപ്റ്റംബര്‍ 18നാണ് കശ്മീരില്‍ വോട്ടെടുപ്പ് ആരംഭിക്കുന്നത്. 25നു രണ്ടാം ഘട്ടവും ഒക്ടോബര്‍ ഒന്നിനു മൂന്നാം ഘട്ടവും നടക്കും. ഒക്ടോബര്‍ നാലിനാണ് ജമ്മു കശ്മീരിലും ഹരിയാനയിലും ഫലപ്രഖ്യാപനം.
Adjust Story Font
16